ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ ഏപ്രില്‍ 22 മുതല്‍ സി.ബി.എസ്.ഇ നടത്തുമെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജസര്‍ക്കുലര്‍. മാറ്റിവെച്ച പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിജ്ഞാപനങ്ങളൊന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് സി.ബി.എസ്.ഇ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജസര്‍ക്കുലറില്‍ ഏപ്രില്‍ 22 മുതല്‍ പരീക്ഷ നടത്തുമെന്നായിരുന്നു കാണിച്ചിരുന്നത്. ഏപ്രില്‍ 25ന് മൂല്യനിര്‍ണയം ആരംഭിക്കുമെന്നും ഇതില്‍ പറയുന്നു. 

വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അനുവദിച്ച പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും പുതിയ അഡ്മിറ്റ്കാര്‍ഡ് നല്‍കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം പ്രചരിക്കുന്ന സര്‍ക്കുലറില്‍ ഔദ്യോഗിക സീല്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. ഏപ്രില്‍ 1ന് പ്രസിദ്ധീകരിച്ചതെന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം 'ഏപ്രില്‍ ഫൂള്‍' ആക്കാന്‍ ആരോ സൃഷ്ടിച്ചതാവാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Notification saying CBSE board exams will resume from April 22 is fake