ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്. വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in എന്ന വെബ്സൈറ്റില്‍നിന്ന് ഫലം അറിയാം. 

88.78 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. 66.67 ആണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ വിജയശതമാനം. 83.40 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. മാര്‍ക്ക് അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ് ഇത്തവണ ഉണ്ടായിരിക്കില്ല. 

4984 കേന്ദ്രങ്ങളിലായി 11,92,961 വിദ്യാര്‍ഥികളാണ് ഇത്തവണ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ എഴുതിയത്. ഇതില്‍ 3.24 ശതമാനം വിദ്യാര്‍ഥികള്‍ (38,686 പേര്‍) 95 ശതമാനത്തിലേറെ മാര്‍ക്ക് നേടി. 13.24 ശതമാനം വിദ്യാര്‍ഥികള്‍ (1,57,934 പേര്‍) 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയിട്ടുണ്ട്.

തിരുവനന്തപുരം മേഖലയിലാണ് കൂടിയ വിജയശതമാനം (97.67). ബെംഗളൂരു (97.05 ശതമാനം), ചെന്നൈ (96.17 ശതമാനം) മേഖലകളാണ് തൊട്ടുപിന്നില്‍. ഏറ്റവും കുറവ് പാട്‌നയിലാണ് (74.57 ശതമാനം).

നേരത്തെ സി.ബി.എസ്.ഇ സുപ്രീംകോടതിയില്‍ അറിയിച്ചതിലും രണ്ടുദിവസം മുന്‍പാണ് ഫലം പ്രസിദ്ധീകരിച്ചത്. മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റും ഡിജിലോക്കര്‍ വഴി ലഭ്യമാക്കും.

Content Highlights: CBSE 12th Results Published