മേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നായ യുണൈറ്റഡ് ഹെല്‍ത്തിന്റെ 50-കാരനായ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ബ്രയന്‍ തോംസണ്‍ രണ്ടു ദിവസം മുമ്പ് ന്യൂയോര്‍ക്കില്‍ വെച്ച് കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് അമേരിക്ക. ബുധനാഴ്ച രാവിലെ 6.45 ന് തോംസണ്‍ മാന്‍ഹാട്ടനിലെ ന്യൂയോര്‍ക്ക് ഹില്‍ട്ടണ്‍ മിഡ്ടൗണ്‍ ഹോട്ടലില്‍ സ്വന്തം കമ്പനിയുടെ നിക്ഷേപക സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. മാസ്‌കും തൊപ്പിയും ധരിച്ച് പിന്നിലൂടെയെത്തിയ കൊലയാളി പലതവണ നിറയൊഴിച്ച ശേഷം ഇലക്ട്രിക് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കൊലപാതകിയെ പിടികൂടാനുള്ള ശ്രമത്തിലാണ് ന്യൂയോര്‍ക്ക് പോലീസ്.

To advertise here,

സംഭവം ലോകശ്രദ്ധയാകര്‍ഷിച്ചത് വെടിയുതിര്‍ത്ത തോക്കില്‍നിന്നും വീണ ഷെല്‍ കെയ്സിങുകള്‍ കണ്ടെടുത്തപ്പോഴാണ്. അവയില്‍ ഡിലേ, ഡിനൈ, ഡിഫെന്‍ഡ് (വൈകിപ്പിക്കുക, നിരസിക്കുക, പ്രതിരോധിക്കുക) എന്ന് കോറിവച്ചിരുന്നു. ഇവ എന്താണെന്നു മനസ്സിലായല്ലോ- ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിഷേധിക്കാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍! അതോടെ ചര്‍ച്ച വഴി തിരിഞ്ഞു. മുഖംമൂടി ധരിച്ചെത്തിയ ആളോ അയാളുടെ ഉറ്റവരോ അര്‍ഹമായ ക്ലെയിം നിഷേധിക്കപ്പെട്ട് ദുരിതമനുഭവിച്ചവരാകാം എന്ന രീതിയില്‍. അതേസമയം, തോംസണോടുള്ള വ്യക്തിവൈരാഗ്യമടക്കമുള്ള മറ്റെന്തെങ്കിലും കാരണത്താല്‍ കൊലപാതകം നടത്തിയ ശേഷം അന്വേഷണത്തിന്റെ വഴി തിരിച്ചുവിടാന്‍ വേണ്ടിയാണ് കെയ്സിങില്‍ ഈ വാക്കുകള്‍ രേഖപ്പെടുത്തിയത് എന്നു വാദിക്കുന്നവരുമുണ്ട്. എന്തായാലും പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല.

സമൂഹം രണ്ടു തട്ടിലാണ്. ഒരു വിഭാഗം കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു, അക്രമവും കൊലപാതകവും ഒരിക്കലും സ്വീകാര്യമായ പരിഹാരമല്ലെന്ന് വാദിക്കുന്നു. തോംസന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകരോടും സഹതാപം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുകയും ചെയ്യുന്നു. മറുവിഭാഗം ഇന്‍ഷുറന്‍സ് കമ്പനികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. ചിലര്‍ കൊലപാതകം വേണ്ടതായിരുന്നു എന്നുപോലും അഭിപ്രായപ്പെടുന്നു! ഒരു കാര്യം വ്യക്തമാണ്- ക്ലെയിമുകള്‍ വൈകിപ്പിക്കുന്നതും നിഷേധിക്കുന്നതുമൊക്കെ ഇരകളിലുണ്ടാക്കുന്ന വൈകാരിക പ്രത്യാഘാതങ്ങള്‍ നിസ്സാരമായി തള്ളിക്കളയാനാവില്ല!

എന്തായാലും സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ക്ക് ചാകരയായി. പ്രധാന ഉദ്യോഗസ്ഥര്‍ക്ക് പഴുതടച്ച സുരക്ഷ ഏര്‍പ്പെടുത്തുന്ന തിരക്കിലാണ് കമ്പനികള്‍. മിക്കവാറുമുള്ള വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് ഇപ്പോള്‍തന്നെ വലിയ സുരക്ഷയുണ്ട്. പക്ഷേ, നാട്ടുകാര്‍ പറയുംപോലെ, ഈ സംഭവമുയര്‍ത്തുന്ന പ്രധാന പ്രശ്നം ഇന്‍ഷുറന്‍സ് അധികൃതരുടെ സുരക്ഷയല്ല. അര്‍ഹതപ്പെട്ടവരുടെ ക്ലെയിമുകള്‍ നിഷേധിക്കപ്പെടുന്നത് എങ്ങനെ ഇല്ലാതാക്കാം, അല്ലെങ്കില്‍ കഴിയുന്നത്ര കുറയ്ക്കാം എന്നതാണ്. അതിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ സര്‍ക്കാരും കമ്പനികളും തയ്യാറാവണമെന്ന് അമേരിക്കയിലെ പൊതുസമൂഹം കരുതുന്നു.

placeholder
കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് സംഘം | Photo: Getty Images via AFP
 

ഇനി ക്ലെയിം നിഷേധവും തോംസന്റെ കമ്പനിയും തമ്മിലുള്ള ബന്ധത്തിലേക്കു വരാം. 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ യുണൈറ്റഡ് ഹെല്‍ത്ത് അടക്കമുള്ള മൂന്നു വന്‍കിട ഇന്‍ഷുറന്‍സ് കമ്പനികള്‍ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലെയിം നിഷേധിക്കുന്നത് വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചതായി സെനറ്റ് പെര്‍മനെന്റ് സബ്കമ്മിറ്റി ഇക്കഴിഞ്ഞ ഒക്ടോബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനികള്‍ പ്രെഡിക്ടീവ് അല്‍ഗോരിതത്തിന്റെ സഹായത്തോടെ ക്ലെയിം നിഷേധങ്ങള്‍ കൂട്ടി വരുമാനം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മുന്‍കൂര്‍ അധികാരപ്പെടുത്തല്‍ (പ്രയര്‍ ഓഥറൈസേഷന്‍, നിശ്ചയിച്ച ചികിത്സ തുടങ്ങുംമുമ്പ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും കിട്ടേണ്ട അനുമതി, അതുണ്ടെങ്കിലേ ക്ലെയിം കിട്ടൂ) വഴി ക്ലെയിം വൈകിപ്പിക്കലും നിഷേധിക്കലും ഗണ്യമായി കൂടി. അത് രോഗികളുടെയും ബന്ധുക്കളുടെയും മേല്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിച്ചു. മുന്‍കൂര്‍ അനുമതിയും പ്രെഡിക്ടീവ് അല്‍ഗോരിതവും നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

അവരുടെ ലാഭം ക്ലെയിം നിഷേധിക്കപ്പെടുന്നവരുടെ കണ്ണീര്‍- ഡോ.വിപിന്‍ റോള്‍ഡന്റ്

ക്ലെയിം നിഷേധത്തിന്റെ മനുഷ്യത്വമില്ലായ്മയെപ്പറ്റി മനഃശാസ്ത്ര വിദഗ്ധനായ ഡോ. വിപിന്‍ റോള്‍ഡന്റ് പറയുന്നത് കേള്‍ക്കുക:

ആദ്യമേ പറയട്ടെ, ഇന്നത്തെ കാലത്ത് ഇന്‍ഷുറന്‍സ് അത്യാവശ്യമാണ്. ഒരുപാട് നല്ല ഇന്‍ഷുറന്‍സ് കമ്പനികളും ഉണ്ട്. ഇന്‍ഷുറന്‍സ് കൊണ്ട് രക്ഷപ്പെട്ട ആള്‍ക്കാരും കുടുംബങ്ങളും ഉണ്ട്, അതുകൊണ്ട് ജീവിക്കുന്ന നിരവധി കുടുംബങ്ങളുമുണ്ട്.

ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിക്കാന്‍ ചുമതലപ്പെട്ട ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ചിലരെ പരിചയപ്പെട്ടു. 'എല്ലാ ക്ലെയിമുകളും കൊടുക്കരുതെന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം. കൂടുതല്‍ ക്ലെയിമുകള്‍ നിഷേധിക്കുന്നവനാണ് കമ്പനിയിലെ ഹീറോ. ടാര്‍ഗറ്റ് അച്ചീവ് ചെയ്യുന്നതിന്റെ ഭാഗമായി ചില ക്ലെയിമുകള്‍ നിഷേധിക്കേണ്ടി വരും. പോളിസി ഉടമകളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുക തങ്ങളുടെ ഉത്തരവാദിത്വമല്ല, പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ മുകളിലേക്ക് പരാതിയുമായി പോകട്ടെ' എന്ന് അവര്‍ പറയുന്നു. ക്ലെയിം കിട്ടാതെ പോകുന്നവരെല്ലാം ക്ലെയിമിന് അര്‍ഹതയുള്ളവരാണ്. പക്ഷേ, എല്ലാവര്‍ക്കും ക്ലെയിം കൊടുത്താല്‍ കമ്പനി തകരും. കമ്പനിയുടെ ലാഭം ക്ലെയിം നിഷേധിക്കപ്പെടുന്നവരുടെ കണ്ണീരാണ്- അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

നിഷേധിച്ചതിന് കൃത്യമായ കാരണങ്ങളും വിശദീകരണങ്ങളും പലപ്പോഴും ഉണ്ടാകാറില്ല. ക്ലെയിം കൊടുക്കുന്നത് സംബന്ധിച്ച് കമ്പനികള്‍ നിരത്തുന്ന അവകാശവാദങ്ങള്‍ എത്രത്തോളം കൃത്യമാണെന്നതില്‍ സംശയമുണ്ട്. അമേരിക്കയില്‍ നടന്ന കൊലപാതകം അപലപനീയമാണ്. മറ്റെന്തെങ്കിലും മാര്‍ഗ്ഗത്തിലൂടെ വേണമായിരുന്നു ഈ പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍. ഒരാളെ തട്ടിക്കളഞ്ഞാല്‍ പരിഹാരം ആവില്ല. കാരണം അയാളല്ല തീരുമാനങ്ങള്‍ എടുക്കുന്നത്, കമ്പനിയുടെ നയം തീരുമാനിക്കുന്നത്. അതിനൊരു ഡയറക്ടര്‍ ബോര്‍ഡും മറ്റു മേധാവികളുമൊക്കെ ഉണ്ടാവും. കമ്പനി തലവനെത്തന്നെ കൊല്ലാന്‍ തിരഞ്ഞെടുത്തതിന് രണ്ടു കാരണങ്ങളുണ്ടാവാം. ഒന്ന് ശ്രദ്ധിക്കപ്പെടാന്‍, രണ്ട്, ഒരു സന്ദേശം സമൂഹത്തിനു നല്‍കാന്‍.

ക്ലെയിം നിഷേധിക്കുന്നത് ഒരുതരം ഡീസന്റ് കവര്‍ച്ചയാണ്. ഡീസന്റ് എന്ന് തോന്നുന്ന അഴിമതി. ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ആ ഡോക്യുമെന്റില്‍ കാണുന്ന പല കാര്യങ്ങളും നമ്മള്‍ വായിച്ചു നോക്കാതെ പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കും. ചിലപ്പോള്‍ പേരു പോലും പൂരിപ്പിക്കേണ്ടി വരുന്നില്ല. അങ്ങനെ വരുന്ന സ്പെല്ലിംഗ് മിസ്റ്റേക്കുകളും മറ്റും കാരണം പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിന്റെ പേരില്‍ പോളിസി ക്ലെയിം നിഷേധിക്കപ്പെടാം. അതിനാല്‍, നന്നായി വായിച്ചു നോക്കി, കാര്യങ്ങളൊക്കെ മനസ്സിലാക്കി കസ്റ്റമറുടെ അവകാശങ്ങള്‍ എന്താണെന്ന ബോധത്തോടെ വേണം പോളിസി എടുക്കാന്‍.

placeholder
കൊലപാതകം നടന്ന ഹോട്ടലിന് സമീപത്തെ ദൃശ്യം | Photo: Getty Images via AFP
 

കോവിഡിനു ശേഷം നിരാശയും മാനസികാരോഗ്യ വെല്ലുവിളികളും വര്‍ദ്ധിച്ചിട്ടുണ്ട്. അതുപോലെ സാമ്പത്തിക അസ്ഥിരതയും വര്‍ധിച്ചിട്ടുണ്ട്. ഇത് ഏറ്റവും ബാധിക്കുന്നത് മനുഷ്യ മനസ്സിനെയാണ്, അതിനോട് മനസ്സ് പ്രതികരിക്കുന്നത് അക്രമം വഴിയും. ആരോടെന്നില്ലാത്ത അമിതമായ ദേഷ്യം. തിരിച്ചുപോകാനാകാത്ത, 'എനിക്ക് ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ നീയും ജീവിക്കേണ്ട' എന്ന മാനസിക അവസ്ഥയിലേക്ക് നമ്മള്‍ എത്തിപ്പെടാം. രാജ്യത്തെ നിയമങ്ങള്‍ സാധാരണക്കാരനും ബാധകമാണെന്നും തനിക്ക് നീതി കിട്ടും എന്നുമുള്ള ബോധ്യം ജനങ്ങള്‍ക്ക് ഉണ്ടായില്ലെങ്കില്‍ അവര്‍ സിനിമയില്‍ കാണുന്ന അക്രമോല്‍സുകമായ സ്വയം പ്രതിരോധത്തിന്റെയും നീതി നടപ്പാക്കലിന്റെയും മാതൃക സ്വീകരിക്കാനിടയുണ്ട്.

ക്ലെയിം നിഷേധിക്കപ്പെടുന്നത് മനുഷ്യാവകാശ ലംഘനമാണ്, ഉപഭോക്താവിനോടുള്ള വാഗ്ദാന ലംഘനവും. ഈ ക്ലെയിം കൊടുക്കുന്നത് തങ്ങളുടെ സൗജന്യമായി കാണുന്നവരുണ്ട്. നിങ്ങള്‍ കുറച്ചു പണമല്ല അടച്ചിട്ടുള്ളൂ, ഇത്രയും വലിയ തുക തരേണ്ട കാര്യമെന്താണ് എന്നു ചോദിക്കുന്നവര്‍. പക്ഷേ അവരുടെ തന്നെ വാഗ്ദാനമായിരുന്നു അതെന്ന കാര്യം അവര്‍ മറക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ വളരെ ലാഭത്തിലാണ് എന്ന് പറയുമ്പോള്‍ അത് മിക്കവാറും നിഷേധിക്കപ്പെട്ട ക്ലെയിമുകളുടെ, മനുഷ്യാവകാശ ലംഘനത്തിന്റെ പുറത്തുള്ള ലാഭം ആയിരിക്കാം.

ഇന്ത്യയില്‍ ശക്തമായ സംവിധാനങ്ങള്‍

ഇന്‍ഷുറന്‍സ് ക്രമക്കേടുകള്‍ പരിശോധിക്കാന്‍ ഇന്ത്യയില്‍ ശക്തമായ സംവിധാനങ്ങളുണ്ട്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ) ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കേണ്ട വ്യവസ്ഥയുമുണ്ട്.. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെ പരാതികള്‍ ഫയല്‍ ചെയ്യാന്‍ പരാതി പരിഹാര സംവിധാനവും ഐആര്‍ഡിഎയിലുണ്ട്. വളരെ ചെറിയ തുകയ്ക്ക് ലൈഫ്, അപകട ഇന്‍ഷുറന്‍സുകള്‍ നല്‍കുന്ന പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന തുടങ്ങിയ സംരംഭങ്ങള്‍ ഇന്‍ഷുറന്‍സ് വ്യാപനം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്‍ഷുറന്‍സ് ദുരുപയോഗത്തിന്റെ സാധ്യത കുറയ്ക്കുന്നതിനും സഹായിച്ചിട്ടുണ്ട്. ഈ പരമ്പരയിലെ അവസാനത്തേതാണ് എഴുപതു വയസ്സു കഴിഞ്ഞ എല്ലാ ഇന്ത്യക്കാര്‍ക്കുമായി ഏര്‍പ്പെടുത്തുന്ന ആയുഷ്മാന്‍ ഭാരത് വയോ വന്ദന കാര്‍ഡ് എന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി.

2022-23 വര്‍ഷത്തെ ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിം സെറ്റില്‍മെന്റിന്റെ ശരാശരി അനുപാതം 98.45 ശതമാനമാണ്. അതായത്, വ്യക്തികളുടെ മരണവുമായി ബന്ധപ്പെട്ട ക്ലെയിമുകളില്‍ 98 ശതമാനത്തിലധികം അപേക്ഷകളിലും ക്ലെയിം നല്‍കി. മൊത്തം ക്ലെയിം സെറ്റില്‍മെന്റ് അനുപാതം 98.64 ശതമാനമാണ്. പക്ഷേ, ഈ കണക്കുകള്‍ ക്ലെയിം വൈകിപ്പിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതല്ല. ഈയിടെ ചില ന്യൂ ജെന്‍ കമ്പനികള്‍ക്ക് ഇതിന്റെ പേരില്‍ ഐ.ആര്‍.ഡി.എ പിഴയിട്ടിരുന്നു.