തൃപ്രയാര്‍: രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 4.5 ഗ്രാം ലഹരിമരുന്നുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കോട്ടപ്പുറം ഇരിങ്ങപ്പുറം കന്നിമേല്‍ കിഴക്കേതില്‍ വീട്ടില്‍ വിവേക് (22), കുന്നംകുളം ആര്‍ത്താറ്റ് കൊണ്ടറപ്പശ്ശേരി വീട്ടില്‍ വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്.

To advertise here,

എക്‌സൈസ് വാടാനപ്പള്ളി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. സച്ചിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചേറ്റുവ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 1.05 ഗ്രാം എം.ഡി.എം.എ.യുമായി വിവേകാണ് ആദ്യം പിടിയിലായത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് അടുത്ത പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആര്‍ത്താറ്റ് എസ്.ബി.ഐ. ബ്രാഞ്ചിന് സമീപം നിര്‍ത്തിയിട്ട ഓട്ടോയില്‍നിന്ന് 3.45 ഗ്രാം എം.ഡി.എം.എ.യുമായി വിഷ്ണുവും പിടിയിലായി.

വിഷ്ണുവും വിവേകും ഓട്ടോയില്‍ കറങ്ങിയാണ് മരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

പ്രതികള്‍ ഉപയോഗിച്ച ഓട്ടോ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

പ്രിവെന്റീവ് ഓഫീസര്‍മാരായ എ.ബി. സുനില്‍കുമാര്‍, ഹരിദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജെയ്‌സന്‍, രതീഷ്‌കുമാര്‍, ഉണ്ണികൃഷ്ണന്‍, അഫ്‌സല്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

ചേറ്റുവയില്‍ വിദേശമദ്യം പിടിച്ചു

വാടാനപ്പള്ളി: 25 കെയ്‌സ് വിദേശമദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ദേശീയപാതയിലെ വാഹനപരിശോധനയ്ക്കിടെയാണ് എറണാകുളം കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ ചരുവില്‍ ജേക്കബിനെ (37)യാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് ശങ്കറിന്റെ നേതൃത്വത്തില്‍ വാടാനപ്പള്ളി എസ്.എച്ച്.ഒ. സനീഷ്, വലപ്പാട് എസ്.ഐ. മനോജ് കെ., എസ്.ഐ. സുനില്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ക്രിസ്മസ്, ന്യൂ ഇയര്‍ സമയത്ത് വില്‍പ്പന നടത്തുന്നതിനായി മാഹിയില്‍നിന്ന് കൊണ്ടുവന്നതാണെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന്‍ ഡാന്‍സാഫ് ടീം നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടാനായത്. ഉറവിടത്തെക്കുറിച്ചും സാമ്പത്തിക സഹായം നല്‍കുന്നവരെക്കുറിച്ചും മദ്യം വാങ്ങി വില്‍ക്കുന്നവരെക്കുറിച്ചും അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.