
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്രബന്ധം സംശയിച്ച് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ച ലോകോത്തര മോഷ്ടാവിന്റെ പേരായിരുന്നു സുഭാഷ് കപൂര്‍. ക്ഷേത്രങ്ങളില്‍നിന്നും മറ്റും പുരാവസ്തുക്കളും വിഗ്രഹങ്ങളും കൊള്ളയടിച്ച് കടത്തുന്ന സുഭാഷ് കപൂറിന്റെ രീതിക്കു സമാനമായ കൊള്ളയാണ് ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതോടെ ആരാണ് സുഭാഷ് കപൂറെന്ന ചോദ്യവും ഉയര്‍ന്നു. ഗൂഗിളിലും ചാറ്റ് ജിപിടിയിലും സുഭാഷ് കപൂറിനെ തേടിയുള്ള തിരച്ചിലുകളും വര്‍ധിച്ചു. എന്തുകൊണ്ടാണ് ഹൈക്കോടതി സുഭാഷ് കപൂറിന്റെ പേര് പരാമര്‍ശിച്ചത്, എങ്ങനെയാണ് അയാള്‍ അന്താരാഷ്ട്ര കള്ളക്കടത്തുകാരനായത്?
- മ്യൂസിയം ഉടമയിൽനിന്ന് കള്ളക്കടത്തിലേക്ക്
മാൻഹട്ടൻ മാഡിസൺ അവന്യൂവിലെ ആർട്ട് ഓഫ് ദ പാസ്റ്റ് എന്ന മ്യൂസിയം കണ്ണഞ്ചിപ്പിക്കുന്ന വേഗതിയില്‍ വളര്‍ന്ന കാലം. അക്കാലത്തായിരുന്നു സുഭാഷ് കപൂര്‍ എന്ന ഇന്ത്യന്‍ വംശജന്‍ പുരാവസ്തു വ്യവസായവുമായി ബന്ധപ്പെട്ട് ലോകശ്രദ്ധയിലേക്ക് വരുന്നത്. ലോകത്തിന്റെ പലഭാഗത്ത് നിന്നുമുള്ള, പ്രത്യേകിച്ച് തെക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ക്ഷേത്രവിഗ്രഹങ്ങളും മറ്റ് പുരാവസ്തുക്കളുമെല്ലാം നിറഞ്ഞ മ്യൂസിയത്തിലേക്ക് അക്കാലത്ത് സന്ദര്‍ശകപ്രവാഹവുമായിരുന്നു.
വിഗ്രഹങ്ങള്‍, പ്രതിമകള്‍, പുരാവസ്തുക്കള്‍ എന്നിവയ്‌ക്കെല്ലാം വലിയ തോതില്‍ ആവശ്യക്കാരും വന്നതോടെ ആര്‍ട്ട് ഓഫ് ദ പാസ്റ്റിന്റെ ഡിമാന്‍ഡും വര്‍ധിച്ചു. വിവിധ രാജ്യങ്ങളില്‍നിന്ന് മോഷ്ടിച്ച വസ്തുക്കള്‍ തന്റെ മ്യൂസിയത്തിലൂടെ ലോകത്തെ മറ്റ് പ്രമുഖ മ്യൂസിയങ്ങള്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നു സുഭാഷ് കപൂറിന്റെ പ്രധാന ജോലി. ദ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് ന്യൂയോര്‍ക്ക്, ദ നാഷണല്‍ ഗാലറി ഓഫ് ഓസ്‌ട്രേലിയ, ദ ടൊളഡോ മ്യൂസിയം ഓഫ് ആര്‍ട്ട് യുഎസ് എന്നിവിടങ്ങളിലെല്ലാം ഈ മോഷണവസ്തുക്കള്‍ എത്തുകയും ചെയ്തു. അത് സുഭാഷ് കപൂറിനെ അതിസമ്പന്നനാക്കി. പക്ഷേ വളര്‍ച്ചയുടെ അതേ വേഗത്തിലായിരുന്നു തളര്‍ച്ചയും ജയിൽവാസവും.
- തമിഴ്‌നാട്ടില്‍നിന്ന് തുടങ്ങിയ വീഴ്ച
2008-2009 കാലത്താണ് തഞ്ചാവൂര്‍, അരിയല്ലൂര്‍, ശിവഗംഗ ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍നിന്ന് അപൂർവ നടരാജ വിഗ്രഹങ്ങളും ചോളകാലത്തെ വെങ്കല വിഗ്രഹങ്ങളുമടക്കം ഒട്ടേറെ ചരിത്രശേഷിപ്പുകൾ നഷ്ടപ്പെട്ടതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതോടെ വിവരങ്ങള്‍ പുറത്തുവരികയും ചെയ്തു. മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ അന്താരാഷ്ട്ര മ്യൂസിയങ്ങളിലേക്കും വ്യക്തികളിലേക്കും കടത്തപ്പെട്ടുവെന്നതായിരുന്നു ആദ്യഘട്ടത്തില്‍ കിട്ടിയ വിവരം.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെയാണ് കയറ്റുമതി രേഖകളില്‍ സുഭാഷ് കപൂറെന്ന വ്യക്തിയുടെ പേര് തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്. 2010-ഓടെ സുഭാഷ് കപൂറിന്റെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ഇതോടെ, 1972-ലെ പുരാവസ്തു നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മോഷണം, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി വിവിധ ഐപിസി നിയമപ്രകാരം കേസെടുത്ത് 2011-ല്‍ ഇന്റർപോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചു.
2011 ഒക്ടോബറില്‍ 30-ന് യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍വെച്ച് കപൂറിനെ ജര്‍മന്‍ പോലീസ് അറസ്റ്റുചെയ്തു. നിയമാനുസൃതമായി മാത്രമാണ് വ്യവസായം നടത്തുന്നതെന്ന് വാദിച്ച് കപൂര്‍ രംഗത്തെത്തിയെങ്കിലും ജര്‍മന്‍ പോലീസ് ചോദ്യം ചെയ്ത ശേഷം ഒമ്പത് മാസത്തോളമാണ് കസ്റ്റഡിയില്‍വെച്ചത്. 2012 ജൂലായിയിൽ ഇന്ത്യയിലേക്ക് നാടുകടത്തി. ചെന്നൈ വിമാനത്താവളത്തില്‍വെച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ട്രിച്ചി സെന്‍ട്രല്‍ ജയിലില്‍ അടക്കുകയും ചെയ്തു.
- കാമുകി നല്‍കിയ വിവരം പുറത്തെത്തിച്ചത് കൊള്ളയുടെ കഥ
തമിഴ്‌നാട്ടില്‍ മാത്രമല്ല പതിമൂന്നിലധികം രാജ്യങ്ങളില്‍ കപൂറിന്റെ കള്ളക്കടത്ത് വ്യാപിച്ചിരുന്നുവെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. കപൂറിനെ കുടുക്കുന്നതില്‍ സിംഗപ്പുരിലെ കാമുകി അമേരിക്കന്‍ ഹോംലാന്‍ഡ് അധികൃതര്‍ക്ക് അയച്ച കത്തുകളും നിര്‍ണായകമായി. കാമുകിയുമായി കപൂര്‍ വേര്‍പിരിഞ്ഞതോടെ അവര്‍ അധികൃതര്‍ക്ക് സുഭാഷ് കപൂറിന് പുരാവസ്തുക്കളുടെ കള്ളക്കടത്ത് വ്യാപാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി പലതവണ കത്തയക്കുകയായിരുന്നു. ഇതില്‍ തുടര്‍ന്ന അന്വേഷണം സുഭാഷ് കപൂറിന്റെ അന്താരാഷ്ട്ര കള്ളക്കടത്ത് ബന്ധം പുറത്തു കൊണ്ടുവരുന്നതിലേക്ക് വഴിവെക്കുകയും ചെയ്തു.
സുഭാഷ് കപൂറുമായി ഒട്ടേറെ തവണ കാമുകിയായ പൂജ സിങ് ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയത്. വിഗ്രഹങ്ങളും പുരാവസ്തുക്കളും കടത്തുന്നതിനുള്ള വ്യാജരേഖകൾ ചമക്കുന്നതിലും ചർച്ചകൾ നടത്തുന്നതിലുമെല്ലാം വര്‍ഷങ്ങളോളം ഇവര്‍ സുഭാഷിനൊപ്പം കൂടെയുണ്ടായിരുന്നു. പക്ഷെ, പിന്നീട് തെറ്റിപ്പിരിഞ്ഞു.
തമിഴ്‌നാട്ടില്‍ അറസ്റ്റ് ചെയ്ത ശേഷം 2022 നവംബറിൽ 14 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട സുഭാഷ് കപൂര്‍ വിവിധ കേസുകളില്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. തമിഴ്‌നാട്ടില്‍നിന്ന് മാത്രം 94 കോടി രൂപയുടെ മോഷണവസ്തുക്കള്‍ തന്റെ സ്ഥാപനമായ ആര്‍ട്ട് ഓഫ് ദ പാസ്റ്റിലേക്ക് കടത്തിയെന്നാണ് കേസ്. ഏകദേശം 1250 കോടിയുടെ വസ്തുക്കള്‍ അമേരിക്കയില്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുമുണ്ട്.
- ക്ഷേത്ര പുരോഹിതര്‍ മുതല്‍ കള്ളന്മാര്‍വരെ സഹായി
ഒരു ക്ഷേത്രത്തിലെ വിഗ്രഹം ഇഷ്ടപ്പെട്ടാല്‍ ആദ്യം അതിനെ കുറിച്ച് പഠിക്കാന്‍ ചരിത്രകാരന്മാരെയടക്കം സമീപിക്കുന്നതാണ് സുഭാഷ് കപൂറിന്റെ ആദ്യ ജോലി. ഗവേഷകനെന്ന രീതിയില്‍ സമീപിച്ച് വസ്തുക്കളുടെ സമ്പൂര്‍ണ വിവരം കരസ്ഥമാക്കിയ ശേഷം മോഷണത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. വസ്തുക്കളുടെ വില മനസ്സിലാക്കി മോഷണത്തിനായി മൂന്ന് രീതികളാണ് പ്രതി അവലംബിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആദ്യം ക്ഷേത്ര പുരോഹിതര്‍ക്കോ ജീവനക്കാര്‍ക്കോ പണം വാഗ്ദാനം ചെയ്യും. ശേഷം വിഗ്രഹത്തിന്റെ അതേ രൂപത്തിലുള്ള പകര്‍പ്പുണ്ടാക്കുകയാണ് ചെയ്യുന്നത്. പകര്‍പ്പ് ലഭിച്ച ശേഷം ഇത് മാറ്റി സ്ഥാപിച്ച് യഥാർഥ വിഗ്രഹം കൈക്കലാക്കും. ക്ഷേത്രത്തില്‍നിന്ന് സഹകരണം ലഭിച്ചില്ലെങ്കിലാണ് കള്ളന്മാരെ സമീപിക്കുന്നത്. ഇവരുമായി മോഷണക്കരാര്‍ ഉറപ്പിച്ച ശേഷം കോടിക്കണക്കിന് രൂപ വരുന്ന വസ്തുക്കള്‍ കൈക്കലാക്കും. മോഷണമുതല്‍ നല്‍കുന്ന സമയത്താണ് പണംകൈമാറ്റം. ക്ഷേത്രത്തില്‍ മതപരമായ ചടങ്ങുകളോ സുരക്ഷാ ഉദ്യോഗസ്ഥരോ ഇല്ലാത്ത സമയമാണ് മൂന്നാമതായി തിരഞ്ഞെടുക്കുക.
സ്ഥലത്തെ പ്രാദേശിക ജനങ്ങളുമായി ബന്ധം സ്ഥാപിച്ചാണ് മോഷണമുതല്‍ കടത്തുന്നത്. ഇവര്‍ക്കും പണം നല്‍കിയ ശേഷം പച്ചക്കറി വാഹനങ്ങളിലോ മറ്റ് ചരക്കുവാഹനങ്ങളിലോ ആയി വിഗ്രഹം അതിര്‍ത്തി കടത്തും. വ്യാജരേഖകള്‍ ചമച്ച് കാഠ്മണ്ഡുവില്‍ എത്തിച്ച് സിങ്കപ്പൂര്‍ വഴിയാണ് അമേരിക്കയിലേക്ക് കടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. വ്യാജരേഖ ചമക്കുന്നതിന് മാത്രമായി പ്രത്യേക ആളുകളും സുഭാഷ് കപൂറിന് ഒപ്പമുണ്ടായിരുന്നു.
- പകര്‍പ്പ് വെച്ച് വ്യാജരേഖ ചമക്കല്‍
വിഗ്രഹങ്ങളുടെ പകര്‍പ്പ് ഉപയോഗിച്ച് കടത്താനുദ്ദേശിക്കുന്ന വസ്തുവിന്റെ വ്യാജരേഖയാണ് ആദ്യമുണ്ടാക്കുന്നത്. ഇത് വെച്ച് കയ്യിലുള്ളത് പുരാവസ്തുവല്ല എന്ന വ്യാജരേഖ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍നിന്ന് സംഘടിപ്പിക്കും. ഈ രേഖവെച്ച് യഥാർഥ വസ്തു കടത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ കസ്റ്റംസിനോ മറ്റ് ഏജന്‍സികള്‍ക്കോ യഥാർഥ വസ്തു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
കപൂര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിലായതോടെയാണ് യുഎസ് ഹോം ലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍(എച്ച്എസ്‌ഐ) കള്ളക്കടത്ത് സംബന്ധിച്ച് അമേരിക്കയില്‍ അന്വേഷണം ഊര്‍ജിതമാക്കുകയും റെയ്ഡ് നടത്തുകയും ചെയ്തത്. ആര്‍ട്ട് ഓഫ് പാസ്റ്റ് ഗാലറിയില്‍ നടത്തിയ റെയ്ഡില്‍ ആയിരക്കണക്കിന് വസ്തുക്കള്‍ പിടിച്ചെടുത്തു. വെങ്കലപ്രതിമകള്‍, കല്‍പ്രതിമകള്‍, വിലകൂടിയ പുരാവസ്തുക്കള്‍ എന്നിവയെല്ലാം പിടിച്ചെടുത്തവയില്‍ പെടും. ഇവയ്ക്ക് മാത്രം 1250 കോടി വിലവരുമെന്നാണ് കണക്കുകൂട്ടുന്നത്. കപൂറിന്റെ അറസ്റ്റ് ഇന്ത്യയിലെ പുരാവസ്തു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങള്‍ നടന്നു. തുടര്‍ന്ന് രാജ്യത്ത് നിന്ന് നഷ്ടപ്പെട്ട വിവിധ വസ്തുക്കള്‍ പല രാജ്യങ്ങളിലെ മ്യൂസിയങ്ങളില്‍നിന്നും മറ്റും കണ്ടെത്തി തിരിച്ചെത്തിക്കാനും കഴിഞ്ഞു.
- ന്യൂയോര്‍ക്കിലും അറസ്റ്റ് വാറന്റ്
സുഭാഷ് കപൂര്‍ 2012-ല്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിലായതിന് ശേഷം ന്യൂയോര്‍ക്ക് മാന്‍ഹട്ടണ്‍ ഡിസ്ട്രിക് അറ്റോര്‍ണി ഓഫീസും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കപൂറിനെതിരെ ന്യൂയോര്‍ക്കില്‍ 86 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിലെല്ലാം തെളിവുകള്‍ ശേഖരിച്ച് അന്വേഷണവും നടത്തിയിരുന്നു. പിടിച്ചെടുത്തവയില്‍ പാകിസ്താന്റെ 187 വസ്തുക്കള്‍ തിരിച്ചുനല്‍കുമെന്ന് 2022 നവംബർ 10-ന് മാന്‍ഹട്ടണ്‍ ഡിസ്ട്രിക് അറ്റോര്‍ണി അറിയിച്ചിരുന്നു. ഇതിന് ഏകദേശം 28 കോടി രൂപ മൂല്യം വരും. ഏകദേശം 30 കോടിയോളം രൂപ മൂല്യമുള്ള 307 വസ്തുക്കള്‍ അതേവര്‍ഷം ഇന്ത്യയ്ക്കും തിരിച്ച് നല്‍കിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഒരു കോടിയോളം വരുന്ന വസ്തുക്കള്‍ യുഎസിലെ യേല്‍ യൂണിവേഴ്സിറ്റി ആര്‍ട്ട് ഗ്യാലറി ഹാജരാക്കിയിരുന്നു. 2023 മാര്‍ച്ച് 30-ന് ഇന്ത്യയുടെ 15 പുരാവസ്തുക്കള്‍ തിരിച്ചുനല്‍കുമെന്ന് ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ മ്യൂസിയവും അറിയിച്ചിരുന്നു. കമ്പോഡിയയും ഇന്തോനേഷ്യയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ അമേരിക്ക 2024-ലും തിരിച്ചുനല്‍കി. നിലവിലെ ശിക്ഷയ്ക്ക് പുറമെ 2023-ല്‍ പിഴയടക്കാത്തതിന്റെ പേരില്‍ മൂന്നുമാസത്തെ അധികശിക്ഷയും വിധിച്ചു.
മോഷ്ടിക്കപ്പെട്ടവയില്‍ 900 വര്‍ഷം പഴക്കമുള്ള നടരാജ വിഗ്രഹമായിരുന്നു ഏറ്റവും മൂല്യമേറിയത്. തഞ്ചാവൂര്‍ ശ്രീപുരന്തന്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍നിന്ന് മോഷ്ടിച്ച ഈ വിഗ്രഹം ഓസ്‌ട്രേലിയയിലെ നാഷണല്‍ ഗാലറിയിലേക്കായിരുന്നു കടത്തിയത്. സുഭാഷ് കപൂറിന്റെ അറസ്റ്റിന് ശേഷം ഇത് ഇന്ത്യയ്ക്ക് തന്നെ തിരിച്ച് നല്‍കുകയും ചെയ്തു. മോഷണം ലക്ഷ്യമിട്ട് 2006-ലാണ് സുഭാഷ് കപൂര്‍ ഇന്ത്യയിലെത്തുന്നത്. ഇവിടെ എത്തിയ ശേഷം സഞ്ജീവനി അശോകൻ എന്ന വിഗ്രഹമോഷ്ടാവുമായി ബന്ധം സ്ഥാപിച്ചു. ഇയാളുടെ സഹായത്തോടെ തഞ്ചാവൂര്‍ ക്ഷേത്രത്തില്‍നിന്ന് എട്ട് വിഗ്രഹങ്ങളാണ് സുഭാഷ് കടത്തിയത്.
Content Highlights: Discover the story of Subhash Kapoor, an international art smuggler linked to the Sabarimala gold heist. Learn how his network operated and led to his downfall.
Published: 06 Nov 2025, 05:25 pm IST
ABOUT THE AUTHOR

കെ.പി നിജീഷ് കുമാർ
nijeeshkuttiadi@mpp.co.inമാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented