
പ്യോങ്‌യാങ്: സൂപ്പര്‍ഹിറ്റ് ടി.വി. സീരിസായ സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പ് രാജ്യത്ത് കൊണ്ടുവന്ന് വിതരണം ചെയ്തതിന് ഉത്തര കൊറിയയില്‍ ഒരാള്‍ക്ക് വധശിക്ഷ. അനധികൃതമായി സ്‌ക്വിഡ് ഗെയിം സീരീസ് കണ്ടതിന് ഏഴ് വിദ്യാര്‍ഥികളെയും ശിക്ഷിച്ചു. ഒരു വിദ്യാര്‍ഥിയെ ജീവപര്യന്തം തടവിനും ആറുപേരെ അഞ്ച് വര്‍ഷത്തെ തടവിനുമാണ് ശിക്ഷിച്ചത്. സംഭവത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സ്‌കൂളിലെ അധ്യാപകരെയും അഡ്മിനിസ്‌ട്രേറ്റര്‍മാരെയും പുറത്താക്കി. ഇവരെ ശിക്ഷാനടപടിയുടെ ഭാഗമായി ഖനികളിലെ ജോലിക്കയച്ചു.
ചൈനയില്‍നിന്ന് സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പ് വാങ്ങി ഉത്തരകൊറിയയില്‍ എത്തിച്ച് വിതരണം ചെയ്തതിനാണ് മുഖ്യപ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയാകും ശിക്ഷ നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇയാളാണ് സീരിസിന്റെ പകര്‍പ്പുകള്‍ യു.എസ്.ബി. ഡ്രൈവുകളിലാക്കി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥി മുഖ്യപ്രതിയില്‍നിന്ന് സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പ് യു.എസ്.ബി. ഡ്രൈവിലാക്കി വാങ്ങിയത്. ഈ വിദ്യാര്‍ഥി ക്ലാസിലെ തന്റെ ഉറ്റസുഹൃത്തിനൊപ്പം സീരിസ് കാണുകയായിരുന്നു. ഈ സുഹൃത്താണ് പിന്നീട് മറ്റുവിദ്യാര്‍ഥികളിലേക്ക് യു.എസ്.ബി. ഡ്രൈവ് എത്തിച്ചത്. ഇതേക്കുറിച്ച് അധികൃതര്‍ക്ക് സൂചന ലഭിച്ചതോടെ വിദ്യാര്‍ഥികളെ കൈയോടെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്.
കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ഉത്തരകൊറിയയുടെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് വിദേശരാജ്യത്തുനിന്ന് സ്‌ക്വിഡ് ഗെയിം സീരിസ് രാജ്യത്തേക്ക് എത്തിച്ചതെന്നും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. ഇതിനായി പ്രതികളെ അതിക്രൂരമായ ചോദ്യംചെയ്യലിന് വിധേയരാക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സ്‌ക്വിഡ് ഗെയിം സീരിസ് രാജ്യത്ത് എത്തിച്ച് വിതരണം ചെയ്തത് അതീവഗൗരവമേറിയ വിഷയമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ പ്രിന്‍സിപ്പല്‍, യൂത്ത് സെക്രട്ടറി, ഹോംറൂം ടീച്ചര്‍ എന്നിവരെ സെന്‍ട്രല്‍ കമ്മിറ്റി പുറത്താക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ ഉള്ളടക്കങ്ങള്‍നിറഞ്ഞ യു.എസ്.ബി. ഡ്രൈവുകളും സി.ഡി.കളും കണ്ടെത്താന്‍ മാര്‍ക്കറ്റുകളില്‍ വ്യാപകമായ റെയ്ഡുകളും നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി കടുപ്പിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
യു.എസ്, ദക്ഷിണകൊറിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നുള്ള സിനിമകളും മറ്റും കാണുന്നതും കൈവശം വെയ്ക്കുന്നതും വിതരണം ചെയ്യുന്നതും ഉത്തരകൊറിയയില്‍ കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ വധശിക്ഷ വരെ ലഭിച്ചേക്കാം. ഈ നിയമമനുസരിച്ചാണ് വിദ്യാര്‍ഥികളടക്കമുള്ളവരെ അധികൃതര്‍ പിടികൂടിയിരിക്കുന്നത്.
Content Highlights: squid game copy smuggled to north korea man gets death sentence
Published: 25 Nov 2021, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented