
ചെന്നൈ: വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതിനെത്തുടര്‍ന്ന് പ്രമുഖ ജൂവലറി, ചില്ലറവ്യാപാര സ്ഥാപനമായ ശരവണാ സ്റ്റോഴ്സ് ഗോള്‍ഡ് പാലസ് ലിമിറ്റഡിന്റെ രണ്ട് ഷോറുമൂകള്‍ ഇന്ത്യന്‍ ബാങ്ക് ജപ്തി ചെയ്തു.
ടി നഗര്‍ രംഗനാഥന് സ്ട്രീറ്റിലുള്ള പ്രൈം ശരവണ സ്റ്റോഴ്സ് ഷോറൂമും നോര്‍ത്ത് ഉസ്മാന് റോഡിലുള്ള ശരവണ സ്റ്റോഴ്സ് ഗോള്‍ഡ് പാലസ് ഷോറൂമുമാണ് ജപ്തി ചെയ്തത്. വായ്പയും പലിശയും അടക്കം 400 കോടി രൂപയോളം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതാണ് ജപ്തിക്കുകാരണം. ശരവണാ സ്റ്റോഴ്സ് ഗോള്‍ഡ് പാലസിന് വായ്പയായി നല്കിയ 240 കോടിയോളം രൂപയും പലിശയായ 160 കോടിയോളം രൂപയും രണ്ടുവര്‍ഷം മുമ്പാണ് ബാങ്ക് കിട്ടാക്കടമായി പ്രഖ്യാപിച്ചത്. തിരിച്ചടയ്ക്കില്ലെന്ന് വ്യക്തമായതോടെ ജപ്തിനടപടികള്‍ക്കായി കോടതിയെ സമീപിച്ചു.
എഗ്മോര്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ സെപ്റ്റംബറിലാണ് രണ്ടുഷോറുമുകളും ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. ഇത് നടപ്പാക്കാന്‍ അഭിഭാഷക കമ്മിഷണറായി ആര്.എസ്. ദുര്യനെ കോടതി നിയമിച്ചു. ജപ്തി ചെയ്യുമെന്നറിയിച്ച് ഡിസംബര്‍ 31-ന് ശരവണാ സ്റ്റോഴ്സ് ഗോള്‍ഡ് പാലസ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്ന് അഭിഭാഷക കമ്മിഷണര്‍ പറഞ്ഞു. ഏഴുദിവസത്തിനുള്ളില്‍ ഷോറൂമുകള്‍ കൈമാറണമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. ഉടമകളില്‍നിന്ന് മറുപടി ലഭിക്കാതെ വന്നതോടെ പോലീസ് സഹായത്തോടെ ജപ്തി നടപ്പാക്കുകയായിരുന്നു. ശരവണാ സ്റ്റോഴ്സ് ഗോള്‍ഡ് പാലസ് കൂടാതെ ശരവണാ സ്റ്റോഴ്സ് സെല്‍വരത്തിനം, ദ് ലെജന്‍ഡ് ശരവണാ സ്റ്റോഴ്സ് എന്നിങ്ങനെ പല ശരവണാ സ്റ്റോഴ്സുകള് ചെന്നൈയിലും തമിഴ്നാടിലെ മറ്റ് പ്രധാന നഗരങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇവ വ്യത്യസ്ത ഗ്രൂപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്.
Published: 20 Jan 2022, 10:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented