കാംപസുകളിലെ റാഗിങ്, ഇരയുടെ മരണത്തിൽ കലാശിച്ച സന്ദർഭങ്ങളുണ്ട്. ചിലർക്ക് ജീവിതവും സ്വപ്നങ്ങളുമാണ് കൈമോശംവന്നത്. മരിച്ചവരുടെയും മരിച്ചുജീവിക്കുന്നവരുടെയും കുടുംബങ്ങളാകട്ടെ, വേദനയിൽ ഉരുകിത്തീരുന്നു

റാഗിങ് എന്ന കൊടിയവിപത്ത് പോയവർഷം കേരളം ചർച്ചചെയ്തത് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥന്റെ അനുഭവം പുറംലോകം അറിഞ്ഞപ്പോഴാണ്. വലിയ രാഷ്ട്രീയകോലാഹലം സൃഷ്ടിച്ച സംഭവം. കേസിൽ എസ്.എഫ്.ഐ.ക്കെതിരേ സി.പി.എം. നേതാവ് കെ. സുരേഷ് കുറുപ്പിനെപ്പോലുള്ളവർ ശക്തമായി രംഗത്തുവന്നിരുന്നു. അരാഷ്ട്രീയകാംപസിൽമാത്രമാണ് റാഗിങ് എന്ന പ്രചാരണത്തിനുള്ള അപവാദമായിരുന്നു ആ സംഭവം. ആൾക്കൂട്ടവിചാരണയ്ക്കെതിരേ രാഷ്ട്രീയവിമർശനമുയർത്തുന്ന ഒരു സംഘടനയിലെ അംഗങ്ങൾ ഇങ്ങനെ ചെയ്തതുകണ്ടപ്പോൾ ഏവരും ഞെട്ടി. ആ കുട്ടിയുടെ മാതാപിതാക്കൾ ഇന്നും കണ്ണീരിൽ. റാഗിങ് എവിടേക്കും പോയ്‌മറഞ്ഞില്ലന്ന് ഇപ്പോൾ ഗാന്ധിനഗർ വിളിച്ചുപറയുന്നു. ഈ വാർത്തകൾ വായിച്ച് മലപ്പുറത്തെ ഒരു പെൺകുട്ടി ലോകത്തോട് ചോദിക്കുന്നുണ്ടാകും, രുചിയറിഞ്ഞ് ഒരുരുള ചോറുകഴിക്കാൻ തനിക്കു പറ്റാതായത് എങ്ങനെയെന്ന് നിങ്ങൾക്കറിയാമോയെന്ന്. മകന്റെ തലതകർത്ത് മരണത്തിലേക്കുനയിച്ച പ്രതികളെ പിടിക്കാമോയെന്ന് ഈസമയം ചാലക്കുടിയിലെ  വീട്ടിലിരുന്ന് ഒരു ഉമ്മയും വാപ്പയും യാചിക്കുന്നു. ഒന്നിനും നമുക്ക് ഉത്തരമില്ല.

സിദ്ധാർഥന്റെ ദുരന്തത്തിന് ഒരാണ്ട്

ഏറെ പ്രതീക്ഷകളുമായി ഉപരിപഠനത്തിന് വീട്ടിൽനിന്നുപോയ മകൻ. ഇനിയൊരിക്കലും അവൻ മടങ്ങിവരില്ലെന്ന് ജയപ്രകാശിനും ഷീബയ്ക്കും വിശ്വസിക്കാനാകുന്നില്ല. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റൽമുറിയിൽ ക്രൂരമായ റാഗിങ്ങിനിരയായി മരിച്ച സിദ്ധാർഥന്റെ ഓർമ്മയിൽ ഒരു വർഷത്തിനിപ്പുറവും ഉരുകിജീവിക്കുകയാണ് നെടുമങ്ങാട് കുറക്കോട്ടെ വീട്ടിൽ ഈ അച്ഛനും അമ്മയും.

To advertise here,

റാഗിങ്ങിനൊപ്പം പീഡനം; അവള്‍ ഇപ്പോഴുമുണ്ട്, ജീവിതവും കരിയറും തകര്‍ന്ന് | പരമ്പര-1

ഒരുതുള്ളി വെള്ളംപോലും നൽകാതെയാണ് വേട്ടക്കാരെപ്പോലെ സഹപാഠികൾ സിദ്ധാർഥനെ ആൾക്കൂട്ടവിചാരണയ്ക്കൊടുവിൽ കൊലപ്പെടുത്തിയത്. ആ കറുത്തദിനത്തിന് ഒരുവർഷം തികയാൻ രണ്ടുനാൾമാത്രമാണു ശേഷിക്കുന്നത്. ഏഴുദിവസംനീണ്ട ക്രൂരപീഡനത്തിനൊടുവിലാണ് സിദ്ധാർഥൻ കൊല്ലപ്പെട്ടത്. മകന്റെ മരണത്തിനുപിന്നിലുള്ളവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ജയപ്രകാശിനും ഷീബയ്ക്കും വലിയ നിയമപോരാട്ടം നടത്തേണ്ടിവന്നു.

ഒരുപാട് സ്വപ്നങ്ങൾകണ്ടാണ്, മിണ്ടാപ്രാണികളെ സ്നേഹിച്ചിരുന്ന തങ്ങളുടെ മകൻ വെറ്ററിനറി പഠിക്കാൻ തീരുമാനിച്ചത്. മികച്ച ഫോട്ടോഗ്രാഫർകൂടിയായിരുന്നു. പഠിച്ച വിദ്യാലയങ്ങളിലൊക്കെയും എല്ലാവർക്കും പ്രിയപ്പെട്ടവനുമായിരുന്നു.  പാറയിടുക്കിലും ഹോസ്റ്റൽമുറിയിലുംവെച്ച് ക്രൂരമായി പീഡിപ്പിച്ചാണ് സഹപാഠികൾ അവന്റെ ജീവിതം തകർത്തത്. പ്രിയപ്പെട്ടവരെന്നുകരുതി  ചേർത്തുപിടിച്ച കൂട്ടുകാരാണ് മകന്റെ മരണത്തിനു കാരണക്കാരെന്നറിഞ്ഞതോടെ ഷീബ തകർന്നുപോയി. സിദ്ധാർഥന്റെ മൃതദേഹത്തോടൊപ്പം വീട്ടിലെത്തിയ കൂട്ടുകാരനെ ചേർത്തുപിടിച്ചാണ് ഷീബ കരഞ്ഞുതളർന്നുവീണത്. അവരൊക്കെച്ചേർന്നാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നറിഞ്ഞ നിമിഷംമുതൽ, അവരെ ചേർത്തുപിടിച്ച വലതുകൈകൊണ്ട് ഇക്കാലമത്രയും ആഹാരംപോലും കഴിച്ചിട്ടില്ലെന്ന് ഷീബ ഹൃദയംതകർന്ന വേദനയോടെ പറയുന്നു.
കേസന്വേഷിക്കാൻ ക്രൈംബ്രാഞ്ചും  ഒടുവിൽ സി.ബി.ഐ.യും എത്തി. അന്ന് കേരളം കരുതി, ഇത് കലാലയങ്ങളിലെ അവസാനത്തെ റാഗിങ് ദുരന്തമായിരിക്കുമെന്ന്. എന്നാൽ, ഒരു വർഷത്തിനിപ്പുറം പച്ചമാംസത്തിൽ കോമ്പസ് കുത്തിയിറക്കുന്ന നിലവിളികേട്ട് തങ്ങൾക്ക് വീണ്ടും കരയേണ്ടിവരുന്നുവെന്ന് ആ മാതാപിതാക്കൾ പറയുന്നു.

മകനെ കെട്ടിത്തൂക്കാൻ കൂട്ടുനിന്നത് കൂട്ടുകാരും എസ്.എഫ്.ഐ.യുടെ നേതാക്കന്മാരുമായിരുന്നുവെന്ന് അന്നുതന്നെ ഇവർ പരാതിനൽകിയിരുന്നു. പ്രതികൾക്ക് ശിക്ഷനൽകണമെന്നാവശ്യപ്പെട്ട് ഈ അച്ഛനും അമ്മയും കയറിയിറങ്ങാത്ത സർക്കാരാപ്പീസുകളില്ല. ഒരുഘട്ടത്തിൽ പ്രതികൾ രക്ഷപ്പെടുമെന്നു കണ്ടപ്പോഴാണ് സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. സമൂഹമനഃസാക്ഷി തങ്ങൾക്കൊപ്പം നിന്നു. ഒരു കാംപസിലും റാഗിങ്ങിൽ ഇനിയൊരു രക്തസാക്ഷിയുണ്ടാകരുതെന്നാണ്  കരഞ്ഞുകലങ്ങിയ കണ്ണുകളോടെ സിദ്ധാർഥന്റെ മാതാപിതാക്കൾ പറയുന്നത്. വിദേശത്തായിരുന്ന ജയപ്രകാശ്, മകന്റെ മരണശേഷം ജോലിയുപേക്ഷിച്ച് നാട്ടിൽ തങ്ങി. പ്ലസ്ടു കഴിഞ്ഞ ഇളയമകൻ പവനിലാണ് ഇനി ഇവരുടെ ആശയും പ്രതീക്ഷകളും. 

അന്നനാളം തകർത്ത ലോഷൻ

റാഗിങ് ക്രൂരതകളുടെ വാർത്തകൾ വരുമ്പോഴൊക്കെ തന്റെ  ജീവിതവും കരിയറും നഷ്ടപ്പെടുത്തിയ ആ ദിവസത്തെക്കുറിച്ച് ഇന്നും നടുക്കത്തോടെയല്ലാതെ ഓർക്കാൻകഴിയുന്നില്ല മലപ്പുറത്തെ ആ പെൺകുട്ടിക്ക്. നഴ്‌സിങ് പഠനം സ്വപ്നംകണ്ട് 2016-ൽ ബെംഗളൂവിലെത്തിയത് തന്റെയും അമ്മയുടെയും കഷ്ടപ്പാട് മാറ്റാനുള്ള അവസാനത്തെ ഉപായമെന്നനിലയിലായിരുന്നു. പ്ലസ്ടുവിന് മികച്ചമാർക്കുണ്ടായിരുന്നു. അച്ഛൻ ഉപേക്ഷിച്ച കുടുംബത്തെ രക്ഷിക്കാൻ നഴ്സിങ് വഴിതുറക്കുമെന്നാണു പ്രതീക്ഷിച്ചത്.
പക്ഷേ, ആ റാഗിങ്ദിനം എല്ലം നശിപ്പിച്ചു. 2016 മേയ് ഒൻപതിനാണ് കർണാടക കലബുർഗിയിലെ സ്വകാര്യ നഴ്സിങ് കോളേജിൽ സംഭവം നടന്നത്. സൂപ്പർ സീനിയേഴ്സായ മലയാളി പെൺകുട്ടികളാണ് റാഗിങ്ങിന് നേതൃത്വംനൽകിയത്. ശൗചാലയലോഷൻ ബലമായി കുടിപ്പിച്ചു. അന്നനാളത്തിന് ഗുരുതരപൊള്ളലേറ്റു. ആദ്യ ആശുപത്രിയിൽ കാര്യമായ ചികിത്സകിട്ടിയില്ല. ഒന്നും ചെയ്യാനില്ലെന്നാണു പറഞ്ഞത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു മാസം. വലിയ വ്യത്യാസമൊന്നുമുണ്ടായില്ല. ജീവൻ തിരിച്ചുകിട്ടിയതുമാത്രം ആശ്വാസം. ഇന്നും വിട്ടുമാറാത്ത വേദന. ചികിത്സ ഇനിയും തീർന്നിട്ടില്ല. ഒൻപതുവർഷം പിന്നിട്ടിട്ടും  സ്വാഭാവികജീവിതത്തിലേക്ക് മടങ്ങാനായിട്ടില്ല. അന്നനാളം ഇടയ്ക്കിടെ ചുരുങ്ങിപ്പോവും. എല്ലാ മാസവും ചികിത്സവേണം. ജീവിതകാലംമുഴുവൻ മരുന്നും ചികിത്സയും തുടരണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.  സ്വപ്നംകണ്ട നഴ്‌സിങ് പഠനം എന്നന്നേക്കും നിലച്ചു. 

റാഗിങ്ങിനൊപ്പം പീഡനം; അവള്‍ ഇപ്പോഴുമുണ്ട്, ജീവിതവും കരിയറും തകര്‍ന്ന് | പരമ്പര-1

പാവപ്പെട്ട ദളിത് കുടുംബത്തിലെ അംഗമായ പെൺകുട്ടിക്ക് ആ റാഗിങ് നൽകിയ നടുക്കത്തിൽനിന്ന് ഇന്നും മുക്തയാവാൻ കഴിഞ്ഞിട്ടില്ല.  ഭക്ഷണം ഇറങ്ങാൻ പ്രയാസമുണ്ട്. ഇടയ്ക്കിടെ കടുത്ത ഛർദി അലട്ടും. കോഴിക്കോട് ജെ.ഡി.ടി. കോളേജ്, പഠനം പൂർത്തിയാക്കാനുള്ള വഴിയൊരുക്കിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ സമ്മതിക്കാതായതോടെ നഴ്‌സിങ് ഉപേക്ഷിക്കേണ്ടിവന്നു. കേസിനായി പലപ്പോഴും കർണാടകയിൽ പോയിവരേണ്ട അവസ്ഥയായിരുന്നു. കേസ് വിളിക്കുന്ന സമയത്ത്  ശാരീരിക അവശതകൊണ്ട് പോവാനും കഴിയാറില്ല. അതിനൊപ്പം വലിയ സാമ്പത്തികച്ചെലവും. ഒടുവിൽ എല്ലാം ഉപേക്ഷിച്ചു. ഇന്ന് അമ്മയുടെ തൊഴിലുറപ്പുവേതനമാണ് ആകെ അവർക്കുള്ളത്.

മകനെ നഷ്ടപ്പെട്ടിട്ട് 11 വർഷം

‘‘എന്റെ മോൻ ഇന്നുണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ഒരു കുറവുമുണ്ടാകുമായിരുന്നില്ല. ഞങ്ങളുടെ പ്രതീക്ഷയായിരുന്നു. അവന്റെ ഫോട്ടോ നോക്കാറില്ല. പെറ്റമ്മ എങ്ങനെ ഈ വേദന സഹിക്കും.’’ -അഹാബിന്റെ ഉമ്മ ഇത്രയും പറയുമ്പോഴേക്കു കരഞ്ഞുപോയി. റാഗിങ്ങിനെക്കുറിച്ച് പരാതിനൽകിയതിനെത്തുടർന്ന് ക്രൂരമായി മർദനമേറ്റ് ചികിത്സയിലിരിക്കെയാണ് നോർത്ത് ചാലക്കുടി പൂപ്പറമ്പിൽ സയ്യിദ് ഇബ്രാഹിമിന്റെയും ആരിഫയുടെയും മകൻ അഹാബ് മരിക്കുന്നത്. 2013 തുടക്കത്തിൽ ബെംഗളൂരുവിനടുത്ത് സോളദേവന ഹള്ളിയിൽ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ രണ്ടാംവർഷ ആർക്കിടെക്ചറിന് പഠിക്കുമ്പോഴാണ് ക്രൂരമായ റാഗിങ്ങിനിരയായത്. സീനിയർ വിദ്യാർഥികളായിരുന്നു പ്രതികൾ.
അഹാബ് പ്രിൻസിപ്പലിന് പരാതിനൽകി. കോളേജ്തല അന്വേഷണത്തിൽ ഒരു മലയാളിവിദ്യാർഥി സസ്‌പെൻഷനിലായി. ആ വർഷം സെപ്റ്റംബറിൽ ഓണാഘോഷം നടക്കുമ്പോൾ സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥി കാംപസിലെത്തി സുഹൃത്തുക്കളോടൊപ്പം സ്നേഹംനടിച്ച് അഹാബിനെ കാംപസിലൊരിടത്തേക്കു മാറ്റി ക്രൂരമായി മർദിച്ചു. ഇതേപ്പറ്റി അഹാബിന്റെ സുഹൃത്തുക്കൾ പോലീസിന് മൊഴിനൽകി. തലയ്ക്ക് പരിക്കേറ്റിട്ടും ഭീഷണിമൂലം അഹാബ് ഇക്കാര്യം വീട്ടുകാരോടും അധ്യാപകരോടും പറഞ്ഞില്ല. മൂന്നുമാസം കഴിഞ്ഞ് 2014 ജനുവരി 28-ന് താമസിച്ചിരുന്ന അപ്പാർട്‌മെന്റിലെ കുളിമുറിയിൽ അഹാബ് കുഴഞ്ഞുവീണു. സഹപാഠികൾ മെഡിക്കൽ കോളേജിലെത്തിച്ചു. വീട്ടുകാർ സ്ഥലത്തെത്തുമ്പോൾ അഹാബ് അബോധാവസ്ഥയിലായിരുന്നു.

കുടുംബം പ്രിൻസിപ്പലിന് പരാതിനൽകി. പോലീസിൽ  പരാതിപ്പെട്ടു. എന്നാൽ, പ്രതികളുടെ ബന്ധുക്കൾക്ക് കേരളത്തിൽ രാഷ്ട്രീയസ്വാധീനമുണ്ടായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു. ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ പറയുന്നു.  ആംബുലൻസിൽ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്കുമാറ്റി. 2014 മാർച്ച് 11-ന് അഹാബ് മരിച്ചു. മരണംവരെ അബോധാവസ്ഥയിലായിരുന്നതിനാൽ പോലീസിന് മൊഴിയെടുക്കാനായില്ല.  തലച്ചോറിന് ക്ഷതം സംഭവിച്ചെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 

മകനെ നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ മാനസികാഘാതത്തിൽനിന്ന് തിരിച്ചുവരാൻ സയ്യിദ് ഇബ്രാഹിമിന് ചികിത്സവേണ്ടിവന്നു. പിന്നീട് രോഗങ്ങൾ ഒന്നൊന്നായി പിടികൂടി. ബിസിനസ് തകർന്നു. പക്ഷാഘാതം വന്നു. ഹോംസ്റ്റേ നടത്തിയും ചെറിയതോതിൽ കാറ്ററിങ് സർവീസ് നടത്തിയുമാണ് കുടുംബം ഉപജീവനം നടത്തുന്നത്. അഹാബ് മരിക്കുമ്പോൾ ഏഴാംക്ലാസിലായിരുന്ന സഹോദരൻ ആത്തിഖ് സിവിൽ എൻജിനിയറിങ് പൂർത്തിയാക്കിയെങ്കിലും ജോലിയൊന്നുമായിട്ടില്ല. തെളിവുകളുണ്ടായിട്ടും പ്രതികളെ ചൂണ്ടിക്കാണിച്ചിട്ടും 11 വർഷത്തിനിപ്പുറവും മകനെ ക്രൂരതയ്ക്കിരയാക്കിയവർക്കുനേരേ നിയമനടപടിയൊന്നും ഉണ്ടായില്ലെന്നതാണ് ഈ മാതാപിതാക്കളുടെ വലിയ സങ്കടം.

റിപ്പോർട്ട് - കെ.പി. നിജീഷ് കുമാർ, പി.കെ. സിദ്ദിഖ് സങ്കലനം - കെ.ആർ. പ്രഹ്ലാദൻ