പ്രൊഫഷണൽ കോളേജുകളിൽ തുടങ്ങി ആർട്‌സ്, സയൻസ് കോളേജുകളിലേക്ക് വ്യാപിച്ച റാഗിങ്ങിന് ഇപ്പോൾ കൂടുതൽ ചെറുപ്പമാണ്. ഹയർസെക്കൻഡറിയിലും ഹൈസ്‌കൂളിലുമൊക്കെ ഇപ്പോഴിത് വേരാഴ്ത്തിയിരിക്കുന്നു. പല ജില്ലകളിൽനിന്നും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും നൊമ്പരപ്പെടുത്തുന്നത് മിഹിറിന്റെ വേർപാടാണ്. സഹപാഠിയുടെ മുഖത്തിനുനേരേ കത്രികപ്രയോഗം നടത്തിയത് വയനാട്ടിലെ ഒരു സ്‌കൂളിലാണ്. താമരശ്ശേരിയിൽ വായിൽ പഴംതിരുകിയായിരുന്നു മർദനം. ഇത്ര ചെറിയപ്രായത്തിൽ ഈ ക്രൂരത എവിടെനിന്ന് മുളച്ചുവരുന്നു. സഹാനുഭൂതി എവിടെപ്പോകുന്നു. ഉത്തരമില്ല.
മിഹിർ എന്ന കണ്ണീരോർമ്മ
ജനുവരി 15-നാണ് 15-കാരനായ മിഹിർ അഹമ്മദ് തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിന്റെ 26-ാം നിലയിൽനിന്നു ചാടി ജീവനൊടുക്കിയത്. മകൻ പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്‌കൂളിൽവെച്ചും സ്‌കൂൾ ബസിൽവെച്ചും അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും റാഗിങ്ങിനു വിധേയനാക്കിയിട്ടുണ്ടെന്നും മിഹിറിന്റെ അമ്മ സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
മകൻ മരിച്ചശേഷം സ്‌കൂളിലെ സഹപാഠികളും ചില സുഹൃത്തുക്കളും ചേർന്ന് സാമൂഹികമാധ്യമത്തിൽ ആരംഭിച്ച ജസ്റ്റിസ് ഫോർ മിഹിർ എന്ന കൂട്ടായ്മയിൽ പ്രചരിക്കപ്പെട്ട സന്ദേശങ്ങളും പുറംലോകമറിഞ്ഞു. ചില കുട്ടികൾ മിഹിറിനെ തല്ലുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്തെന്ന് ഈ കൂട്ടായ്മയിൽ പങ്കുവെച്ചിട്ടുണ്ടെന്ന് അമ്മയുടെ പരാതിയിലുണ്ട്. സ്‌കൂളിൽ ചില സഹപാഠികൾ നിറത്തിന്റെപേരിൽ പരിഹസിച്ചു. ശൗചാലയം നക്കിച്ചു. ക്ലോസറ്റിൽ മുഖം പൂഴ്ത്തിവെച്ച് ഫ്ളഷ് അടിച്ചു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് സർക്കാർ നിർദേശിച്ചിരുന്നു.
സ്‌കൂളിന്റെ നിലപാട്
റാഗിങ് നടന്നതായി കണ്ടെത്താനായില്ലെന്നാണ് സ്‌കൂൾ അധികാരികൾ പറഞ്ഞത്. കാര്യങ്ങൾ അതിഗൗരവത്തോടെയാണ് കാണുന്നതെന്നും ഗ്ലോബൽ അധികൃതർ പറഞ്ഞു. മിഹിർ ഗ്ലോബൽ സ്‌കൂളിൽ പ്രവേശനംതേടിയത് അക്കാദമികവർഷത്തിന്റെ പകുതിയിലാണെങ്കിലും പഠിക്കാനുള്ള അവസരം നൽകി. സ്‌കൂൾ നിയമങ്ങൾ പാലിക്കുമെന്ന മാതാപിതാക്കളുടെ ഉറപ്പിലാണ് പ്രവേശനം നൽകിയത്. ജനുവരി 14-ന് മിഹിറും കുറച്ച് കൂട്ടുകാരും സഹപാഠികളിൽ ഒരാളെ മർദിച്ചു. 15-ന് മിഹിറിന്റെയും സംഭവത്തിൽ ഉൾപ്പെട്ട മറ്റുകുട്ടികളുടെയും രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. തുടർന്ന് ബിസിനസ് സ്റ്റഡീസ് റിവിഷനുവേണ്ടി മിഹിർ ക്ലാസിലേക്ക് മടങ്ങി. അന്നേദിവസം മിഹിർ ശാന്തനും സന്തോഷവാനുമായി പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളുണ്ടെന്നുമാണ് സ്‌കൂൾ പറയുന്നത്.
മുഖത്തേക്കുനീണ്ട കത്രിക
വയനാട്ടിൽ ഒരു ടൗണിലെ പോലീസെടുത്ത കേസ് ആറ് വിദ്യാർഥികൾക്കെതിരേയായിരുന്നു. ഇവരെല്ലാം ഒൻപത്, പത്ത് ക്ലാസുകാർ. പുതുതായി സ്‌കൂളിൽവന്ന കുട്ടിയെ പരിചയപ്പെടാൻ എന്നുപറഞ്ഞ് വിളിച്ചുകൊണ്ടുപോവുക, മർദിക്കുക, പിന്നെ കത്രികകൊണ്ട് കുത്തുക. ഇത്രയുമാണ് നടന്നത്. കത്രികപ്രയോഗം നടത്തിയത് മുഖത്തുതന്നെ എന്നു പറയുമ്പോൾ ക്രൂരത ആ മനസ്സുകളിൽ എത്രത്തോളം എന്നറിയുക. ഏഴ് തുന്നലാണ് ഇടേണ്ടിവന്നത്. ചെവിക്കും തലയിലും മർദനമുണ്ടായി. മൂക്കിന്റെ പാലം പൊട്ടി. ഇടിയുടെ ആഘാതത്തിൽ കുട്ടിയുടെ കമ്മൽ മാംസത്തിലേക്ക് ആഴ്ന്നുപോയി.
സിദ്ധാർഥന്റെ മരണം, കേസ് ഇതുവരെ
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 19 വിദ്യാർഥികൾക്ക് കഴിഞ്ഞ മേയിൽ ഹൈക്കോടതി ജാമ്യമനുവദിച്ചിരുന്നു.
സി.ബി.ഐ. അന്വേഷിക്കുന്ന കേസിൽ പ്രഥമദൃഷ്ട്യാ സിദ്ധാർഥനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന് ബോധ്യപ്പെടുത്തുന്ന ഘടകങ്ങളില്ലെന്ന് വിലയിരുത്തിയായിരുന്നു ജാമ്യം അനുവദിച്ചത്. ഉത്തരവിലെ വിലയിരുത്തൽ വിചാരണക്കോടതി കണക്കിലെടുക്കരുതെന്നും നിർദേശിച്ചിരുന്നു.
17 വിദ്യാർഥികളെ കോളേജിൽനിന്ന് പുറത്താക്കിയതും മൂന്നുവർഷത്തേക്ക് മറ്റ് കോളേജിൽ ചേരുന്നത് ഡീബാർ ചെയ്തതും ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ ഡിസംബറിൽ റദ്ദാക്കി. തിടുക്കത്തിൽ അന്വേഷണംനടത്തി നടപടി സ്വീകരിക്കുകയായിരുന്നു എന്നത് കണക്കിലെടുത്തായിരുന്നു ഇത്. സർവകലാശാല ആൻറി റാഗിങ് സ്‌ക്വാഡിനോട് വീണ്ടും അന്വേഷണം നടത്താനും നിർദേശിച്ചു. പ്രതികളായ വിദ്യാർഥികളടക്കമുള്ളവരെ കേട്ട് അന്വേഷണം നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും നിർദേശിച്ചു. അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പഠനം തടരാനുള്ള അനുമതിയെന്നും വ്യക്തമാക്കി.
ഇതിനെതിരേ സിദ്ധാർഥന്റെ അമ്മ എം.ആർ. ഷീബ ഫയൽചെയ്ത അപ്പീലിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേചെയ്തു. എന്നാൽ, സിംഗിൾ ബെഞ്ച് നിർദേശിച്ചപ്രകാരം ആന്റി റാഗിങ് സ്‌ക്വാഡിനോട് അന്വേഷണം നടത്താനും സിദ്ധാർഥന്റെ മാതാവിനെ കേൾക്കണമെന്നും നിർദേശിച്ചു. അപ്പീലിൽ ഡിവിഷൻ ബെഞ്ച് വിശദമായ വാദംകേൾക്കും.
പഴം പോയാൽ അടി
താമരശ്ശേരിയിൽ റാഗിങ്ങിന് ആയുധമായത് പഴമാണ്. പുതിയ കുട്ടിയുടെ വായിലേക്ക് പഴം തിരുകി മർദിക്കുകയായിരുന്നു. സീനിയർ വിദ്യാർഥികൾ കൈവശംവെച്ചിരുന്ന വാഴക്കുലയിൽനിന്ന് ഒരു പഴമെടുത്ത് വായിൽ കുത്തിത്തിരുകി. പഴം വീണതോടെ അടി തുടങ്ങുകയായിരുന്നു.
വിദ്യാർഥികളെന്ന അനുഭാവമാണ് ദുരുപയോഗം ചെയ്യുന്നത്
ജസ്റ്റിസ് കെമാൽ പാഷ, റിട്ട. ഹൈക്കോടതി ജഡ്ജി
റാഗിങ് നിരോധന നിയമം പാസാക്കിയതിൽ രാജ്യത്തുതന്നെ മുൻനിരയിലാണ് കേരളം. 1998-ൽ കേരള റാഗിങ് നിരോധന നിയമം പാസാക്കി. തമിഴ്‌നാട് സർക്കാരാണ്, ആദ്യമായി 1997-ൽ രാജ്യത്ത് റാഗിങ് നിരോധന നിയമം പാസാക്കിയത്. റാഗിങ്ങിനിരയായി വിദ്യാർഥി കൊല്ലപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്.
കേരള റാഗിങ് നിരോധനനിയമത്തിലെ വകുപ്പ് നാല് പ്രകാരം കുറ്റം തെളിഞ്ഞാൽ പരമാവധി രണ്ടുവർഷംവരെ തടവിന് ശിക്ഷിക്കാം. കോട്ടയം സ്‌കൂൾ മെഡിക്കൽ എജുക്കേഷനിലെ (എസ്.എം.ഇ.) ഒന്നാംവർഷ ബി.എസ്‌സി. നഴ്‌സിങ് വിദ്യാർഥിനിയെ റാഗിങ്ങിന്റെപേരിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്ന് സീനിയർ വിദ്യാർഥികളെ തടവിനുശിക്ഷിച്ചപ്പോൾ കേരള റാഗിങ് വിരുദ്ധ നിയമവും പരിഗണിച്ചിരുന്നു.
റാഗിങ് പരാതികൾ അവസാനഘട്ടത്തിൽ ഒത്തുതീർപ്പുകളിലേക്കെത്തുന്നതാണ് കോടതിയിലെത്തിയാലും ശിക്ഷലഭിക്കാത്തതിനുള്ള പ്രധാനകാരണം. വിദ്യാർഥികളായതിനാലുണ്ടാകുന്ന അനുഭാവപൂർവമായ നിലപാടും ശിക്ഷ ഒഴിവാകുന്നതിന് കാരണമാകുന്നുണ്ട്.
റിപ്പോർട്ട്- ഹരിനാരായണൻ, തെന്നൂർ ബി. അശോക്, അനന്ത് ആന്റണി
സങ്കലനം- കെ.ആർ. പ്രഹ്ലാദൻ
Content Highlights: Story of Ragging vicrims in Kerala, Death of Sidharthan, mihir ahammed
Published: 18 Feb 2025, 09:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented