തൃപ്രയാര്‍: മോഷണമുതല്‍ വീതംവെക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓടിരക്ഷപ്പെട്ട മോഷ്ടാക്കളിലൊരാള്‍ മരത്തിന് മുകളിലൊളിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ മോഷ്ടാവിനെ പിടികൂടി താഴെയിറക്കി. കൂട്ടാളിയെ തിരഞ്ഞെത്തിയ രണ്ടാമനെ പോലീസും പിടികൂടി. തൃപ്രയാര്‍ സെന്ററിലെ പലചരക്കുകടയില്‍ കഴിഞ്ഞദിവസം മോഷണം നടത്തിയ അസം സ്വദേശികളായ അയിനുല്‍ ഹഖ് (24), ജഹാംഗീര്‍ ആലം (18) എന്നിവരാണ് പിടിയിലായത്. മോഷണമുതല്‍ വീതിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് പ്രതികളെ കുടുക്കിയത്.

To advertise here,

ആനവിഴുങ്ങിയിലെ കാര്‍വാഷിങ് സെന്ററിലെ ജോലിക്കാരാണ് ഇരുവരും. അയിനുല്‍ ഹഖ് മൂന്നുവര്‍ഷമായി ഇവിടെയുണ്ട്. അടുത്തിടെയാണ് ജഹാംഗീര്‍ ആലം വന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് മോഷ്ടാക്കള്‍ പിടിയിലായത്. പണം പങ്കുവെക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ജഹാംഗീര്‍ ആലം സമീപത്തെ കോളനിയിലേക്ക് ഓടിക്കയറി. അയിനുല്‍ ഹഖ് പിന്നാലെ അന്വേഷിച്ചുവന്നു. സംശയം തോന്നി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കോളനിയിലെ താമസക്കാര്‍ പിന്നാലെയെത്തി. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല. എന്നാല്‍, അടുത്ത വീട്ടിലെ നായ നിര്‍ത്താതെ കുരച്ചതിനാല്‍ ഇവര്‍ തിരച്ചില്‍ തുടര്‍ന്നു. ഇതിനിടെ വീടിന് സമീപത്ത് ഓലകൊണ്ട് മൂടിയനിലയില്‍ ഒരു ബാഗ് കണ്ടെത്തി. തുറന്നുനോക്കിയപ്പോള്‍ നിറയെ പണം കണ്ടു. തിരച്ചില്‍ തുടര്‍ന്നപ്പോള്‍ സമീപത്തെ മാവിന്റെ മുകളില്‍ ജഹാംഗീര്‍ ആലത്തെ കണ്ടു. ഇയാളെ താഴെയിറക്കി പോലീസില്‍ വിവരമറിയിച്ചു.

ഇതിനിടെ കൂട്ടാളിയായ അയിനുല്‍ ഹഖ് എത്തി ജഹാംഗീറിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടി. പോലീസ് ഇയാളെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് മോഷണം സമ്മതിച്ചത്. 2.60 ലക്ഷം രൂപ ഇവരില്‍നിന്ന് കണ്ടെടുത്തു.

Content Highlights: people caught a thief in triprayar thrissur