ബെംഗളൂരു: ഇന്ത്യയിൽനിന്ന് കടന്ന് സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന വിവാദ ആൾദൈവം നിത്യാനന്ദ പുതിയ കറൻസിയും പുറത്തിറക്കി. സ്വന്തം രാജ്യമായ കൈലാസത്തിലെ 'റിസർവ് ബാങ്ക് ഓഫ് കൈലാസ' നിർമിച്ച 'കൈലാസിയൻ ഡോളർ' ആണ് ശനിയാഴ്ച പുറത്തിറക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു.
സ്വർണത്തിൽ നിർമിച്ച നാണയങ്ങളാണ് കൈലാസിയൻ ഡോളർ. തമിഴിൽ ഇതിനെ ഒരു പൊർകാസ് എന്നും സംസ്കൃതത്തിൽ സ്വർണമുദ്ര എന്നുമാണ് പേര് നൽകിയിരിക്കുന്നത്. 11.66 ഗ്രാം സ്വർണത്തിലാണ് ഒരു കൈലാസിയൻ ഡോളർ നിർമിച്ചിരിക്കുന്നതെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. 1/4, 1/2, 3/4, രണ്ട്, മൂന്ന്, നാല്, അഞ്ച്, 10 ഡോളറിന്റെ നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 116.6 ഗ്രാം സ്വർണത്തിലാണ് പത്ത് കൈലാസിയൻ ഡോളർ നിർമിച്ചിരിക്കുന്നത്.
ബ്രിട്ടീഷുകാർ പുറത്തിറക്കിയ നാണയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത നാണയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും നിത്യാനന്ദ പറഞ്ഞു. ഗണേഷ ചതുർഥി ദിനത്തിൽ റിസർവ് ബാങ്ക് ഓഫ് കൈലാസയുടെ പുതിയ കറൻസി പുറത്തിറക്കുമെന്ന് നിത്യാനന്ദ ദിവസങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്നു.
പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞത്. പാസ്പോർട്ട് റദ്ദാക്കിയിട്ടും ഇന്ത്യ വിട്ട നിത്യാനന്ദ 2019 അവസാനത്തോടെ കൈലാസം എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിച്ചതായും അവകാശപ്പെട്ടു. ഇക്വഡോറിലെ ഒരു ദ്വീപിലാണ് നിത്യാനന്ദയുടെ രാജ്യമെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ.
എന്നാൽ ഇക്വഡോർ ഇത് നിഷേധിച്ചതോടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപിലാണ് നിത്യാനന്ദ രാജ്യം സ്ഥാപിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇന്റർപോളടക്കം തിരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനിടെ മിക്കദിവസങ്ങളിലും തന്റെ അനുയായികൾക്കായി നിത്യാനന്ദ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഫെയ്സ്ബുക്ക് പേജുകളിലും ട്വിറ്ററിലും യൂട്യൂബിലും നിത്യാനന്ദയുടെ പ്രഭാഷണങ്ങൾക്ക് ധാരാളം കാഴ്ചക്കാരുമുണ്ട്.
Content Highlights:nithyananda launched kailasa currency kailashian dollar by reserve bank of kailasa
Published: 22 Aug 2020, 03:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented