ചെര്‍പ്പുളശ്ശേരി: വീടിന്റെ വാതിലുകള്‍ അടച്ച് രണ്ടരവയസ്സുകാരനെ സാരിയില്‍ കെട്ടിത്തൂക്കിയശേഷം തൊട്ടടുത്ത് അമ്മ തൂങ്ങിമരിച്ചനിലയില്‍. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍മൂലം മകനെ രക്ഷപ്പെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്കുമാറിന്റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. മകന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുറ്റാനശ്ശേരിയില്‍ തിങ്കളാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം. അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിലാണ് യുവതിയെയും കുട്ടിയെയും തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ പാലക്കാട് കല്ലേക്കാട് എ.ആര്. ക്യാംപിലെ പോലീസുദ്യോഗസ്ഥന് സി. പ്രജോഷും സമീപവാസികളും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറിയപ്പോള്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും. കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമശ്വാസോച്ഛ്വാസം നല്കി. പ്രഥമശുശ്രൂഷയ്ക്കുശേഷം പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ജയന്തിയുടെ ഭര്‍ത്താവ് ജ്യോതിഷ്കുമാര്‍ കൂലിപ്പണിക്കാരനാണ്. കുറ്റാനശ്ശേരിയിലെ ഭര്‍തൃവീട്ടില്‍ മകനും ഭര്‍ത്താവിനും അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ക്കുമൊപ്പമായിരുന്നു മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് സ്വദേശിനിയായ ജയന്തിയുടെ താമസം.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച രാത്രിയോടെ കുറ്റാനശ്ശേരിയിലേക്ക് കൊണ്ടുവന്നു. ഭര്‍തൃവീട്ടില്‍ യുവതിക്ക് അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍, മകള്‍ ജീവനൊടുക്കാനിടയായ സാഹചര്യങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയന്തിയുടെ അച്ഛന് നാരായണന് പോലീസില്‍ പരാതി നല്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
കുഞ്ഞുജീവന് തുണയായത്പ്രജോഷിന്റെ ധൈര്യം

വെള്ളിനേഴി കുറ്റാനശ്ശേരിയിലെ വീട്ടിൽ പാതിജീവൻ നഷ്ടപ്പെട്ട് പിടഞ്ഞ രണ്ടരവയസ്സുകാരനെ രക്ഷിച്ചത് സി. പ്രജോഷിന്റെ മനോധൈര്യം കൈവിടാതെയുള്ള ഇടപെടൽ. കല്ലേക്കാട് എ.ആർ. ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥനാണ് പ്രജോഷ്.
കുറ്റാനശ്ശേരിയിലെ ഭാര്യവീട്ടിൽ ഇളയകുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാനെത്തിയതായിരുന്നു പാലോട് സ്വദേശിയായ ഇദ്ദേഹം. ജയന്തിയുടെ വീട്ടിൽനിന്ന് ബഹളം കേട്ടയുടൻ അവിടെയെത്തിയ പ്രജോഷ് അകത്തുനിന്ന് താഴിട്ടിരുന്ന വീടിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഒരാൾപ്പൊക്കത്തിൽ സാരിയിൽ കെട്ടിത്തൂങ്ങിയാടുന്ന കുഞ്ഞിനെയും തൊട്ടടുത്ത് മറ്റൊരു സാരിയിൽ തൂങ്ങിനിൽക്കുന്ന യുവതിയെയും കണ്ട് പതറാതെ ധൈര്യം പുറത്തെടുക്കുകയായിരുന്നു പ്രജോഷ്. സാരി മുറുകിയിരുന്നത് കുഞ്ഞിന്റെ താടിയെല്ലിലാണെന്ന തിരിച്ചറിവാണ് കുഞ്ഞിനെ താഴെയിറക്കാനും അതിവേഗം പ്രഥമശുശ്രൂഷ നൽകാനും വഴിയൊരുക്കിയത്.
കുഞ്ഞിനെ നിലത്തുകിടത്തിയശേഷമായിരുന്നു കൃത്രിമശ്വാസോച്ഛ്വാസം ഉൾപ്പെടെ പ്രഥമശ്രശ്രൂഷകൾ നൽകിയത്. മുഖത്ത് വെള്ളം തളിച്ചതോടെ കുട്ടി കൺമിഴിച്ചെന്നും താമസിയാതെ കരയാൻ തുടങ്ങിയെന്നും പ്രജോഷ് പറഞ്ഞു. എന്നാൽ, അമ്മ ജയന്തി ഇതിനോടകം മരിച്ചിരുന്നു.
പ്രജോഷിന്റെ ധീരമായ ഇടപെടൽമൂലമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായതെന്ന് വെള്ളിനേഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പരമേശ്വരൻ പറഞ്ഞു.
കഴിഞ്ഞ രണ്ടുവർഷവും കുട്ടിയുടെ ജന്മദിനത്തിൽ ജ്യോതിഷ്കുമാർ-ജയന്തി ദമ്പതിമാർ പാലിയേറ്റീവ് സാന്ത്വനപ്രവർത്തനങ്ങൾക്കും പൊതുജനവായനശാലയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനും ധനസഹായം നൽകിയിരുന്നെന്ന് നിയുക്ത ജില്ലാപഞ്ചായത്തംഗം കെ. ശ്രീധരൻ അനുസ്മരിച്ചു. പ്രജോഷിന്റെ ഇളയ കുട്ടിയുടെ പിറന്നാൾവിരുന്നിൽ കുഞ്ഞുമായി അയൽവീട്ടിലെ ജയന്തിയും പങ്കെടുത്തിരുന്നു.
Published: 15 Dec 2021, 08:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented