അഹമ്മദാബാദ്: വിവാദ ആൾദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽനിന്ന് കാണാതായ രണ്ട് സഹോദരിമാരും അദ്ദേഹത്തിന്റെ സ്വന്തം 'രാജ്യ'മായ കൈലാസത്തിലുണ്ടെന്ന് ഗുജറാത്ത് പോലീസ്. കൈലാസത്തിലെ കലാ-സാംസ്കാരിക പരിപാടികളിൽ ഇവർ സജീവമാണെന്നും ചട്ണി മ്യൂസിക്കിൽ(ഇന്ത്യൻ-കരീബിയൻ സമൂഹത്തിൽ പ്രചാരത്തിലുള്ള ഒരു സംഗീതരൂപം) അടക്കം ഇവർ പ്രാവീണ്യം നേടിയതായും ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

To advertise here,

കാണാതായ സഹോദരിമാരിൽ മൂത്തയാൾ കൈലാസത്തിലെ ഭരണപരമായ കാര്യങ്ങളിലടക്കം പ്രധാന പങ്കുവഹിക്കുന്നതായാണ് വിവരം. അതേസമയം, പെൺകുട്ടികൾ പറയുന്നതും അവരുടെ പിതാവ് നൽകിയ പരാതിയും തമ്മിൽ ഏറെ പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

നിത്യാനന്ദയ്ക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം ഇതുവരെ ഫലംകണ്ടിട്ടില്ല. പെൺകുട്ടികളെ ഇനി ഇന്ത്യയിലേക്ക് കൊണ്ടുവരാനും തടസങ്ങളുണ്ട്. ഏത് രാജ്യത്തിന്റെ ഉടമ്പടി പ്രകാരമാണ് പെൺകുട്ടികളെ ഇന്ത്യയിലേക്ക് കൈമാറേണ്ടതെന്ന് സംബന്ധിച്ച് വ്യക്തതയില്ലെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

2015 മുതൽ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിലുള്ള രണ്ട് പെൺമക്കളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നും ആരോപിച്ചാണ് ഇവരുടെ പിതാവ് പരാതി നൽകിയത്. 2019 നവംബറിൽ പിതാവ് ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും ഫയൽ ചെയ്തിരുന്നു. എന്നാൽ പിതാവിനെതിരേ പ്രതികരിക്കുന്ന പെൺകുട്ടികളുടെ വീഡിയോ നിത്യാനന്ദയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പിന്നീട് പുറത്തുവന്നു.

2019-ന്റെ അവസാനമാണ് ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞ നിത്യാനന്ദ കൈലാസം എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്ക് സമീപമുള്ള ഒരു ദ്വീപാണ് കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Content Highlights:missing sisters are in nithyananda country kailasa