
അമ്മയുടെ ചിരിച്ച് നില്‍ക്കുന്ന ഫോട്ടോ ഫോണില്‍ കാണിച്ചുകൊടുക്കുമ്പോള്‍ ഇത്തിരി നേരം നോക്കിനില്‍ക്കുന്നത് കാണാം കുഞ്ഞ് അനിക. അമ്മ ദിബിഷയെ അവൾ തിരിച്ചറിയുന്നുണ്ടോ എന്നറിയില്ല. പിറന്ന് വീണ് നാല് മണിക്കൂറിനുള്ളിൽ അനികയെയും ചേച്ചി അലികയെയും ഭർത്താവ് അനീഷിനെ ഏൽപിച്ച് ഈ ലോകം വിട്ടുപോയതായിരുന്നു കോഴിക്കോട് കക്കട്ടില്‍ സ്വദേശിനി കൂടിയായ ദിബിഷ. ഇന്ന് ഏഴ് വയസ്സുകാരി അലികയാണ് അനികയ്ക്ക് ചേച്ചിയും അമ്മയുമെല്ലാം. ചോറുവാരിക്കൊടുക്കുന്നതും ഊട്ടുന്നതും കളിപ്പിക്കുന്നതുമെല്ലാം ചേച്ചി തന്നെ.
അമ്മയില്ലാത്ത അനികയ്ക്ക് രണ്ടു വയസായി. ഇന്നും ആ അമ്മയുടെ മരണകാരണം തർക്കവിഷയമാണ്. പ്രസവത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നത്താല്‍ ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് ദിബിഷയുടെ മരണകാരണമെന്നാണ് അന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, കുടുംബാംഗങ്ങൾ അത് അംഗീകരിച്ചിട്ടില്ല. ആശുപത്രിയുടെ അശ്രദ്ധയുടെ ഇരയാണ് ദിബിഷയെന്നാണ് അവരുടെ ആരോപണം.
ദിബിഷ മരിച്ചതു മുതൽ തുടങ്ങിയതാണ് നിയമപോരാട്ടം. പോലീസും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. എന്നിട്ടും നീതി അകലെയായിരുന്നു. ഇപ്പോൾ വിഷയം പുതിയ വഴിത്തിരിവിലാണ്. ഭര്‍ത്താവ് അനീഷ് നല്‍കിയ സ്വകാര്യ അന്യായത്തില്‍ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി ഇടപെട്ട് കേസെടുത്തതോടെ അമ്മ നഷ്ടപ്പെട്ട അനികയ്ക്കും ചേച്ചിക്കും ഇങ്ങനെയെങ്കിലും നീതി ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കുടുംബം പറയുന്നത്:
2021 ഓഗസ്റ്റ് 27-ന് ആയിരുന്നു പ്രസവത്തിനായി ദിബിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ ഓപ്പറേഷന്‍ വഴി പ്രസവം കഴിയുകയും അമ്മയ്ക്കും കുട്ടിക്കും കുഴപ്പവുമില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. വൈകുന്നേരം നാല് മണിക്കുള്ളില്‍ രണ്ട് തവണ ദിബിഷ കുട്ടിക്ക് പാല് കൊടുക്കുകയും ചെയ്തു. മൂന്നാമത്തെ തവണ പാലു കൊടുക്കാന്‍ നേരം ഏകദേശം അഞ്ചു മണിയോടെ ഇപ്പോള്‍ പാല് കൊടുക്കേണ്ടെന്നും കുറച്ച് കഴിഞ്ഞിട്ട് മതിയെന്ന് അമ്മയോട് നഴ്സ്മാരും ഡോക്ടര്‍മാരും പറഞ്ഞിരുന്നു. എന്നാല്‍, രാത്രി ഒമ്പത് മണിയോടെ ദിബിഷയുടെ മരണവാര്‍ത്തയാണ് ആശുപത്രി അധികൃതരില്‍നിന്ന് കിട്ടിയത്.
പ്രസവത്തിന് മുന്‍പും പ്രസവശേഷം നാല് മണിക്കൂര്‍ നേരത്തേക്കും ഒരു കുഴപ്പവും ഇല്ലാതിരുന്ന ദിബിഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പ്രസവാനന്തരം ഹാര്‍ട്ട് അറ്റാക്ക് വന്നുവെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍, സിസേറിയനെ തുടര്‍ന്ന് ഗര്‍ഭപാത്രത്തില്‍നിന്നുള്ള ഞരമ്പില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടായതാണ് മരണകാരണമാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തുടര്‍ന്നാണ് കുടുംബം നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചത്.

- ഗര്‍ഭപാത്രം നീക്കം ചെയ്തത് അറിഞ്ഞത് പോസ്റ്റ്‌മോര്‍ട്ടത്തില്‍
ഗര്‍ഭകാലത്ത് പലര്‍ക്കും സാധാരണ കാണാറുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പോലും ദിബിഷയ്ക്ക് ഇല്ലായിരുന്നുവെന്ന് പറയുന്നു ഭര്‍ത്താവ് അനീഷ്. മാത്രമല്ല പ്രസവത്തിന് ശേഷം പ്രത്യേകിച്ച് യാതൊരു ആരോഗ്യ പ്രശ്‌നവുമുണ്ടാവാതിരുന്ന ദിബിഷയുടെ ഗര്‍ഭപാത്രം എന്തിനാണ് നീക്കം ചെയ്തതെന്നും തുടക്കം മുതല്‍ക്കു തന്നെ കുടംബം ചോദിച്ചുകൊണ്ടിരിന്നു. എന്നാല്‍, അതിനൊന്നും കൃത്യമായ മറുപടിയായിരുന്നില്ല തങ്ങള്‍ക്ക് ലഭിച്ചതെന്ന് പറയുന്നു ഇവര്‍. ആദ്യത്തെ പ്രസവവും ഓപ്പറേഷനായതിനാല്‍ രണ്ടാമത്തെ പ്രസവും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍, ഗര്‍ഭപാത്രം നീക്കം ചെയ്തതിനെ പറ്റിയോ മറ്റോ തങ്ങളെ അറിയിച്ചില്ലെന്ന് പറയുന്നുണ്ട് കുടുംബം. മാത്രമല്ല ദിബിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ മാത്രമാണ് ഇക്കാര്യം അറിയുന്നതും ഇത് ഗുരുതരമായ വീഴ്ചയാണെന്നും കുടുംബം ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് പരാതിയുമായി അനീഷ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്ന് അന്നത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.ജയശ്രീയുടെ നിര്‍ദേശത്തില്‍ അന്വേഷണത്തിന് ജില്ലാതലത്തില്‍ വിദഗ്ധ സംഘത്തെയും നിയോഗിച്ചിരുന്നു.
വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രം നീക്കം ചെയ്തതായി കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും എന്തിനാണ് ഇതിലേക്ക് കടന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, പ്രസവസമയത്ത് പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കട്ടുന്നുണ്ട്. ഇതിന് പുറമെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ വേണ്ടത്ര സജ്ജീകരണങ്ങളും ജീവനക്കാരുടെ സേവനവും ഉണ്ടാകേണ്ടതാണെന്ന കര്‍ശന നിര്‍ദേശം നല്‍കണമെന്നും അറിയിച്ചിരുന്നു. ദിബിഷയുടെ കേസില്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടെന്നും വിദഗ്ദ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.

ജില്ലാതല വിദഗ്ധസമിതി കണ്ടെത്തിയ പ്രധാന വസ്തുതകള്‍ ഇപ്രകാരമായിരുന്നു
- ഗര്‍ഭപാത്രം നീക്കം ചെയ്തത് സംബന്ധിച്ച് ആശുപത്രിയുടെ കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല
- ഏതെങ്കിലും തരത്തിലുള്ള ആന്തരിക, ബാഹ്യ രക്തസ്രാവം ഉണ്ടായിട്ടില്ല
- ഓപ്പറേഷന്‍ തീയേറ്ററിന്റെ സഹായമില്ലാതെ മെഡിക്കല്‍ ഐ.സി.യു വില്‍ നിന്നുള്ള ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ അംഗീകരിക്കാനാവില്ല
- ആവശ്യമുള്ള സമയം ലഭിച്ചിട്ടും ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് മുമ്പെ ബന്ധുക്കളുടെയോ മറ്റുള്ളവരുടെയോ അനുവാദം വാങ്ങിയില്ല
1.30 ന് ഓപ്പറേഷന്‍ കഴിഞ്ഞ ദിബിഷയ്ക്ക് 12.30 ക്ക് ഹാര്‍ട്ട് അറ്റാക്കെന്ന് റിപ്പോര്‍ട്ട്
ജില്ലാ വിദഗ്ധ സമിതി പരിശോധിച്ച റിപ്പോര്‍ട്ട് സ്‌റ്റേറ്റ് ലെവല്‍ അപ്പെക്‌സ് കമ്മിറ്റിക്ക് വിട്ടിരുന്നുവെങ്കിലും ചികിത്സാ പിഴവെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് പൂര്‍ണമായും അവഗണിച്ചുകൊണ്ടായിരുന്നു സ്റ്റേറ്റ് ലെവല്‍ അപ്പെക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. 28-ാം തീയതി ഒന്നരയ്ക്ക് ഓപ്പറേഷനിലൂടെ പ്രസവ നടപടികള്‍ പൂര്‍ത്തിയാക്കിയ ദിബിഷയ്ക്ക് അന്നേ ദിവസം 12.30-ഓടെ ഹാര്‍ട്ട് അറ്റാക്ക് വന്നുവെന്നാണ് സ്‌റ്റേറ്റ്‌ലെവല്‍ അപ്പക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പ്രസവശേഷം രണ്ട് തവണ കുട്ടിക്ക് പാലു കൊടുത്തിരുന്നുവെന്ന വസ്തുത പരിഗണിക്കാതെയാണ് 12.30-ന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായതായി പറയുന്നത്. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നുവെന്നും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും സ്റ്റേറ്റ് ലെവല്‍ അപ്പെക്‌സ് കമ്മിറ്റി വ്യക്തമാക്കി. ഇത് ജില്ലാതല വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് കടകവിരുദ്ധവുമായിരുന്നു. മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. പി.പി പ്രീതയ്ക്കും നാല് പേരുടെ സംഘമായിരുന്നു സംസ്ഥാനതല വിദഗ്ധ സമിതിയിലുണ്ടായിരുന്നത്.
ആശുപത്രി അധികൃതര്‍ അറിയിച്ച പോലെ പള്‍മിനിറി എംബോളിസം (ശ്വാസകോശത്തിലേക്കുള്ള രക്തം കട്ടപിടിക്കുന്നത് മൂലമുണ്ടാകുന്ന മരണം) എന്നതില്‍നിന്ന് വ്യത്യസ്തമായി ഡിസിമിനേറ്റഡ് ഇന്‍ട്രാവസ്‌കുലാര്‍ കൊയാഗുലേഷന്‍ (പ്രസവാനന്തര സങ്കീര്‍ണതകള്‍ കൊണ്ടുണ്ടാവുന്ന അധിക രക്തസ്രാവത്തിനുശേഷം ധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ) മൂലമാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടയിരിക്കുന്നത്. ഹാര്‍ട്ട് അറ്റാക്കിന്റെ കാര്യം സൂചിപ്പിക്കുന്നുമില്ല. ഇത് തന്നെ ചികിത്സാപ്പിഴവിന്റെ ഉദാഹരണമാണെന്ന് പറയുന്നു ദിബിഷയുടെ കേസ് വാദിച്ച വക്കീല്‍ അഡ്വ. നിതമോള്‍. മെഡിക്കല്‍ ഐ.സി.യുവില്‍ നിന്നാണ് ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ പോലുള്ള സര്‍ജറി ചെയ്തത് അതിനുശേഷം മാത്രമാണ് ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയത്. ഇതും വലിയ അനാസ്ഥയാണ്. പ്രസവസമയത്ത് അധിക രക്തസ്രാവമോ മറ്റോ ഇല്ലായിരുന്നുവെന്ന് വിദഗ്ധ സമിതി തന്നെ കണ്ടെത്തിയ സാഹചര്യത്തില്‍ എന്തിന് ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന തരത്തിലേക്കുള്ള നടപടിയിലേക്ക് പോയതെന്നും ഇവര്‍ ചോദിക്കുന്നുണ്ട്.

- അനിക രണ്ടാം പിറന്നാളിലേക്ക്
പിറന്ന് മണിക്കൂറുകള്‍ മാത്രം അമ്മയുടെ ചൂടുകിട്ടി മുലപ്പാല്‍ രുചിപോലും തിരിച്ചറിയുന്നതിന് മുന്നെ അമ്മയെ നഷ്ടപ്പെട്ട് വളര്‍ന്ന അനികയ്ക്ക് ഓഗസ്റ്റ് 28-ാം തീയതി രണ്ടാംപിറന്നാളാണ്. ഒന്നാം ഓണദിനം. തുള്ളിച്ചാടി നടക്കുന്നതിനിടെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം അമ്മയ്ക്കും തനിക്കും വേണ്ടിയുള്ള നീതിയുടെ പോരാട്ടമൊന്നും അവള്‍ അറിഞ്ഞിട്ടേയില്ല. കൈക്കുഞ്ഞിനേയുമെടുത്ത് നീതിക്കായി മാധ്യമങ്ങള്‍ക്ക് മുമ്പിലും ഉദ്യോഗസ്ഥരുടെ മുമ്പിലുമെല്ലാമെത്തി പൊട്ടിക്കരഞ്ഞ ബന്ധുക്കളെ നോക്കിനില്‍ക്കുക മാത്രമായിരുന്നു അവള്‍. അമ്മയില്ലാത്ത കുറവ് അവളെ അനീഷും കുടുംബവും അലിക ചേച്ചിയുമൊന്നും അറിയിച്ചിട്ടില്ലെങ്കിലും തങ്ങള്‍ക്ക് നീതി വേണമെന്ന് പറയുന്നു അനീഷും കുടുംബവും. അനിക രണ്ടാം പിറന്നാളിലേക്ക് കടക്കാനിരിക്കെയാണ് പോലീസ് പോലും കൈയൊഴിഞ്ഞ കേസില്‍ കോടതി നീതിയുടെ പ്രതീക്ഷയേകി കരം നീട്ടിയിരിക്കുന്നത്.
അനീഷ് ഉന്നയിക്കുന്ന പ്രധാന ആക്ഷേപങ്ങള്‍
- അനസ്തേഷ്യ കൊടുത്ത് സിസേറിയന്‍ ചെയ്ത രോഗിയെ 5,6 മണിക്കൂര്‍ എങ്കിലും എല്ലാ സൗകര്യങ്ങളോടുകൂടിയ ഐ.സി.യു.വില്‍ നിരീക്ഷണത്തില്‍ വെക്കണം. ആ രോഗിയുടെ വൈറ്റൽസ് (ബി.പി,എസ്.പി.ഒ ടു, ടെമ്പറേച്ചര്‍, ഇ.സി.ജി) എന്നിവയെല്ലാം പൂര്‍ണമായും മോണിറ്റര്‍ ചെയ്യണം. അങ്ങനെ ചെയ്ത രോഗിക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും അത് മെഷിനീല്‍ കാണാന്‍ പറ്റും, അലറാം അടിയുകയും ചെയ്യും. മെഷിനിന്റെ സഹായത്തോടുകൂടിയ പരിചരണം അവിടെ ഉണ്ടായിട്ടില്ല.
- ദിബിഷയ്ക്ക് ശ്വാസതടസ്സം വന്നപ്പോഴാണ് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജോലിക്കാര്‍ അറിഞ്ഞതു തന്നെ. കാരണം, മൂന്നാമതായി പാലു കൊടുക്കാന്‍ കുഞ്ഞുമായി പോയപ്പോളാണ് ബന്ധുക്കള്‍ ദിബിഷയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിഞ്ഞത്. ആ സമയം ദിബിഷയുടെ പിതാവ് എസ്.ഐ.സിയുവില്‍ കയറിനോക്കിയപ്പോള്‍ കണ്ടത് ഓപ്പറേഷന്‍ കഴിഞ്ഞ രോഗിക്ക് സി.പി.ആര്‍ നല്‍കുന്നതാണ്. ആ സമയത്ത് ഒരു മോണിറ്റര്‍ സംവിധാനവും ഇല്ലാതെ ബെഡ്ഡില്‍ കിടത്തി സി.പി.ആര്‍. കൊടുക്കുന്നതാണ് ദിബിഷയുടെ അച്ഛന് നേരില്‍ കാണാന്‍ കഴിഞ്ഞത്. ഈ കാരണത്താലാണ് ദിബിഷയ്ക്ക് യന്ത്രസഹായത്തോടു കൂടിയ ഒരു ചികിത്സയും എസ്.ഐ.സി.യുവില്‍ കിട്ടിയിട്ടില്ലെന്ന് ഉറച്ച് പറയുന്നത്.
- ദിബിഷയുടെ മരണശേഷം പുറത്ത് വന്ന ഡോക്ടര്‍ പറഞ്ഞത് ദിബിഷയ്ക്ക് സംഭവിച്ചത് പള്‍മനറി എംബോളിസം ആണെന്നാണ്. അതായത് ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുന്ന അപൂര്‍വ അവസ്ഥ. ഇതില്‍ നിന്നുമാണ് മനസിലായത് ദിബിഷയുടെ യഥാര്‍ഥ അവസ്ഥ ഡോ. സുലോചനയ്ക്ക് പോലും അറിയില്ലായിരുന്നു എന്നാണ്. അന്നേ ദിവസം ഡോക്ടര്‍ സുലോചന പറയുന്ന വീഡിയോ തെളിവായി ഞങ്ങളുടെ കൈയിലുണ്ട്. ഡോക്ടര്‍ പറഞ്ഞ പ്രകാരം ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചാണ് ദിബിഷ മരണ പ്പെടുന്നതെങ്കില്‍ യൂട്രസ് നീക്കിയത് ഏത് ട്രീറ്റ്മെന്റിന്റെ ഭാഗമായാണ്.
ആശുപത്രി അധികൃതരുടെ വിദശീകരണം:
ഗര്‍ഭപാത്രത്തില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് നീക്കം ചെയ്യേണ്ടി വന്നത്. അത് സ്വാഭാവിക നടപടി ക്രമമാണ്. മാത്രമല്ല ബി.പിയില്‍ വലിയ വ്യത്യാസമുണ്ടായി. പ്രശ്‌നവും ആരോഗ്യം മോശമായതോടെ 45 മിനിറ്റോളം സി.പി.ആര്‍. കൊടുത്തു. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി എസ്.ഐ.സിയുവില്‍ നിന്ന് മെഡിക്കല്‍ ഐ.സി.യുവിലേക്കും മാറ്റിയിരുന്നു. കേസെടുത്തത് വാര്‍ത്തകളില്‍ അറിഞ്ഞു, കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.
മുഹമ്മദ് ജസീല്‍ (ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഇഖ്‌റ)
Content Highlights: Kozhikode magistrate court registered case on Bibisha death
Published: 29 Jul 2023, 05:00 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented