ആലപ്പുഴ മാന്നാര്‍, തൃശ്ശൂര്‍ പുതുക്കാട്; കേരളത്തിലെ രണ്ടിടങ്ങളിലായുള്ള രണ്ട് പോലീസ് സ്റ്റേഷനുകള്‍. അടുത്തിടെ ഈ സ്റ്റേഷനുകളിലെ അന്വേഷണസംഘങ്ങള്‍ കേരളത്തിന് പുറത്ത് ചില ഓപ്പറേഷനുകള്‍ നടത്തി. പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന കവര്‍ച്ച, ബാങ്ക് തട്ടിപ്പ് കേസുകളിലായിരുന്നു സിനിമാരംഗങ്ങളെ വെല്ലുന്ന ഓപ്പറേഷന്‍. 'കണ്ണൂര്‍ സ്‌ക്വാഡ്' മോഡലില്‍ അന്വേഷണസംഘം ഇതരസംസ്ഥാനങ്ങളില്‍ വലവിരിച്ചപ്പോള്‍ കേരളത്തിലെത്തി പണം തട്ടിയവരും കവര്‍ച്ച നടത്തിയവരും പിടിയിലായി. സാഹസികമായി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെത്തി കേരള പോലീസിന്റെ ഈ രണ്ടു സംഘങ്ങളും നടത്തിയ ഓപ്പറേഷനുകള്‍ ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു.

To advertise here,

മാന്നാറിലെ കവര്‍ച്ചയും ഉത്തര്‍പ്രദേശിലെ പ്രതികളും

2023 സെപ്റ്റംബര്‍ 23. ആലപ്പുഴയിലെ മാന്നാറില്‍ പ്രവാസി വ്യവസായിയുടെ വീട്ടില്‍ വന്‍കവര്‍ച്ച നടന്നു. ബഹ്‌റൈനില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കമ്പനി നടത്തുന്ന കുട്ടമ്പേരൂര്‍ രാജശ്രീയില്‍ രാജശേഖരന്‍ പിള്ളയുടെ വീട്ടിലാണ് അന്നേദിവസം രാത്രി രാത്രി കള്ളന്മാര്‍ കയറിയത്. അടച്ചിട്ടിരുന്ന വീട്ടില്‍നിന്ന് അരക്കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും ലക്ഷങ്ങള്‍ വിലയുള്ള വാച്ചുകളും പണവുമാണ് കവര്‍ന്നത്. ഇതേദിവസം തന്നെ നൂറു മീറ്റര്‍ അകലെയുള്ള ഡോക്ടറുടെ വീട്ടിലും മോഷണശ്രമമുണ്ടായി. ഇവിടെനിന്ന് സിസിടിവിയുടെ ഡി.വി.ആര്‍. മാത്രമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

രണ്ടു മോഷണങ്ങളിലും പ്രതികളായ ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് സല്‍മാന്‍ (34), ആരിഫ് (30), റിസ്വാന്‍ സൈഫി (27) എന്നിവരെ സംഭവം നടന്ന് 17 ദിവസത്തിനുള്ളിലാണ് മാന്നാര്‍ പോലീസ് പിടികൂടിയത്. മുഹമ്മദ് സല്‍മാനെ ഉത്തര്‍പ്രദേശിലെ ഉള്‍നാടന്‍ ഗ്രാമത്തിലെത്തിയാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഹൈദരാബാദില്‍നിന്ന് റിസ്വാന്‍ സൈഫിയും പിടിയിലായി. കേസിലെ പ്രതികളിലൊരാളായ ആരിഫ് മാന്നാറില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്നയാളാണ്. മോഷണത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കില്ലെങ്കിലും നാലംഗ മോഷണസംഘം ഇയാളോടൊപ്പമാണ് താമസിച്ചിരുന്നത്. മോഷണവിവരം പുറത്തറിഞ്ഞപ്പോള്‍ ഇതിന് പിന്നില്‍ തന്റെ സുഹൃത്തുക്കളാണെന്ന് ഇയാള്‍ക്ക് മനസിലായെങ്കിലും പോലീസിനെ വിവരമറിയിച്ചില്ല. മോഷണവിവരം രഹസ്യമാക്കി പ്രതികളെ സഹായിച്ചതിനാണ് ആരിഫിനെ പോലീസ് പിടികൂടിയത്.

ആളില്ലാത്ത വീടുകള്‍, വന്‍കവര്‍ച്ച

മോഷണം നടന്ന സെപ്റ്റംബര്‍ 23-ന് രാത്രി രണ്ടു വീടുകളിലും ആളില്ലാത്തതിനാല്‍ മോഷ്ടാക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. പിറ്റേദിവസം രാവിലെ ഡോക്ടറുടെ വീട്ടിലെ ജോലിക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. വീടിന്റെ പ്രധാനവാതിലിന്റെയും ഗ്രില്ലിന്റെയും പൂട്ട് തകര്‍ത്തനിലയിലായിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നൂറു മീറ്റര്‍ അകലെയുള്ള പ്രവാസി വ്യവസായിയുടെ വീട്ടിലെ മോഷണവും പുറത്തറിഞ്ഞത്.

ഡോക്ടറുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കാനിറങ്ങിയ പോലീസ് സംഘമാണ് പ്രവാസിയുടെ വീടിന് മുന്നിലെ ചെടിച്ചട്ടി മറിഞ്ഞുകിടക്കുന്നതും മുകള്‍നിലയിലെ വാതില്‍ തുറന്നുകിടക്കുന്നതും കണ്ടത്. വീട്ടില്‍ക്കയറി പരിശോധിച്ചപ്പോള്‍ മുന്‍വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. എട്ടു മുറികളുള്ള വീട്ടില്‍ ലോക്കറുകളും അലമാരകളും കുത്തിത്തുറന്ന് സാധനങ്ങള്‍ വലിച്ചുവാരിയിട്ടിരുന്നു. ഇതോടെ രണ്ടു സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘം തന്നെയാണെന്ന് പോലീസിന് വ്യക്തമായി. രണ്ടു കേസുകളിലും പ്രതികളെ പിടിക്കാന്‍ മാന്നാര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അന്വേഷണത്തിന് 'മാന്നാര്‍ സ്‌ക്വാഡ്',  പോലീസ് സംഘം യു.പി.യില്‍

മാന്നാറിലെ കവര്‍ച്ചാക്കേസില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ഇന്‍സ്പെക്ടര്‍ ജോസ് മാത്യു, എസ്.ഐമാരായ സി.എസ്. അഭിരാം, സുധീപ്, മോഹന്‍കുമാര്‍, ക്രൈംബ്രാഞ്ച് എ.എസ്.ഐ. സുധീര്‍, എ.എസ്.ഐ. മധു, സീനിയര്‍ സി.പി.ഒ.മാരായ ഉണ്ണിക്കൃഷ്ണപിളള, മുഹമ്മദ് ഷെഫീക്, അരുണ്‍ ഭാസ്‌കര്‍, സാജിദ്, സിദ്ദിഖ് ഉള്‍ അക്ബര്‍, സി.പി.ഒ. ഹരിപ്രസാദ് എന്നിവരായിരുന്നു 'മാന്നാര്‍ സ്‌ക്വാഡി'ലെ അംഗങ്ങള്‍. രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.

placeholder
മാന്നാറിൽ മോഷണം നടന്ന പ്രവാസി വ്യവസായി രാജശേഖരൻ പിള്ളയുടെ വീട്ടിൽ ശാസ്ത്രീയപരിശോധന നടത്തുന്നു | ഫയൽചിത്രം\ മാതൃഭൂമി

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പരിസരത്ത് അടുത്തിടെ വന്നുപോയവരെ കേന്ദ്രീകരിച്ചുമായിരുന്നു ആദ്യഘട്ടത്തിലെ അന്വേഷണം. ഈ അന്വേഷണത്തില്‍ തന്നെ പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടെത്തി. പ്രദേശത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുന്നയാള്‍ക്ക് ഇവരെ അറിയാമെന്ന് മനസിലായെങ്കിലും ആദ്യഘട്ടത്തില്‍ ഇക്കാര്യം പുറത്തുവിട്ടില്ല. ഇതിനു പിന്നാലെ പ്രതികളുടെ ഉത്തര്‍പ്രദേശിലെ വിലാസങ്ങളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

പ്രതികളെക്കുറിച്ചുള്ള ഏകദേശ വിവരങ്ങള്‍ കിട്ടിയതോടെ മാന്നാര്‍ സ്‌ക്വാഡിലെ ഒരുസംഘം എസ്.ഐ. അഭിരാമിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. രണ്ടു ദിവസം ഡല്‍ഹിയില്‍ തങ്ങി. എടുത്തുചാടി ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലെ പോയാല്‍ വിവരം ചോരുകയോ പ്രതികള്‍ രക്ഷപ്പെടാനോ സാധ്യതയുള്ളതിനാലാണ് ഡല്‍ഹിയില്‍ രണ്ടു ദിവസം തങ്ങിയ ശേഷം ഓപ്പറേഷന്‍ ആരംഭിച്ചത്.

മോഷണത്തിന് ശേഷം പ്രതികള്‍ ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുകയാണെന്ന് മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തിലൂടെ പോലീസ് മനസിലാക്കിയിരുന്നു. ഇടയ്ക്കിടെ മാത്രം സ്വിച്ച് ഓണ്‍ ആവുന്ന ഇവരുടെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പോലീസ് നിരീക്ഷിച്ചു. തുടര്‍ന്ന് പ്രതികള്‍ സ്വന്തം ഗ്രാമത്തിലേക്ക് വരുന്നത് വരെ കാത്തിരുന്നു. കൃത്യമായി ഇവരുടെ നീക്കങ്ങള്‍ മനസിലാക്കിയ അന്വേഷണസംഘം ഇവര്‍ ഗ്രാമത്തിലേക്ക് വരുന്നതായി മനസിലായതോടെയാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്.

ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ ശിവാലകലാന്‍ ഗ്രാമത്തിലായിരുന്നു പ്രതികളുടെ വീട്. ഒന്നാം പ്രതിയായ മുഹമ്മദ് സല്‍മാന്‍ ഗ്രാമത്തിലെ ഗുണ്ടാത്തലവനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ടയാളെ യു.പി. പോലീസ് നേരത്തെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഈ വിവരങ്ങളെല്ലാം കിട്ടിയതിന് പിന്നാലെ പ്രദേശത്തെ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. എന്നാല്‍, ഗ്രാമത്തിലെത്തി പ്രതികളെ പിടികൂടുകയെന്നത് അസാധ്യമാണെന്നായിരുന്നു പോലീസ് സ്റ്റേഷനില്‍നിന്നുള്ള ആദ്യപ്രതികരണം. തങ്ങളുടെ കൂടി സുരക്ഷ കണക്കിലെടുത്താണ് യു.പി. പോലീസ് ആദ്യം ഇങ്ങനെപറഞ്ഞതെന്നായിരുന്നു 'മാന്നാര്‍ സ്‌ക്വാഡി'ലെ അംഗത്തിന്റെ വെളിപ്പെടുത്തല്‍.

ഗ്രാമത്തില്‍ കയറി പ്രതിയെ പിടിക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയേക്കാമെന്നായിരുന്നു യു.പി. പോലീസ് ആദ്യം പറഞ്ഞിരുന്നത്. ഒടുവില്‍ കൂടെവരാമെന്നും എല്ലാ സഹായങ്ങളും നല്‍കാമെന്നും യു.പി. പോലീസ് ഉറപ്പുനല്‍കി. ഇതോടെ ഓപ്പറേഷന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങി.

പ്രതിയുടെ ഗ്രാമത്തില്‍നിന്ന് ഒരു 'ഇന്‍ഫോര്‍മറെ' സംഘടിപ്പിക്കാനായതാണ് ഇതില്‍ നിര്‍ണായകമായതെന്നാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ മഫ്തിയിലിറങ്ങി ഹിന്ദിയില്‍ സംസാരിച്ചാണ് ഇന്‍ഫോര്‍മറെ സംഘടിപ്പിച്ചത്. പ്രതിയുടെ വീടിന് സമീപം പുതിയൊരു വീടിന്റെ പണി നടക്കുന്നുണ്ടെന്നും ഇയാള്‍ ഇടയ്ക്കിടെ ഇവിടെ വന്നുപോകാറുണ്ടെന്നും ഇന്‍ഫോര്‍മറില്‍നിന്ന് വിവരം ലഭിച്ചു. പ്രതി ഗ്രാമത്തിലെത്തുന്നത് വരെ കാത്തിരിക്കാനായിരുന്നു ഇന്‍ഫോര്‍മറുടെ നിര്‍ദേശം. മാത്രമല്ല, അന്വേഷണസംഘം സഞ്ചരിച്ച വാഹനമൊന്നും അവിടെ നിര്‍ത്താനോ ഇദ്ദേഹം സമ്മതിച്ചില്ല. ദൂരെ എവിടെയെങ്കിലും വാഹനം നിര്‍ത്തിയിട്ട ശേഷം മാത്രമേ ഗ്രാമത്തിലേക്ക് വരാന്‍ പാടുകയുള്ളൂവെന്നും ഇന്‍ഫോര്‍മര്‍ നിര്‍ദേശിച്ചു.

ഇതിനിടെ, ഗ്രാമത്തിന് സമീപം കേരളത്തില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം നാട്ടുകാരിലും പ്രതിയുടെ ബന്ധുക്കളിലും സംശയത്തിനിടയാക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനായി ഇവര്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ എത്തുകയുംചെയ്തു. എന്നാല്‍, അതിന് മുന്‍പേ കേരളത്തില്‍നിന്നുള്ള പോലീസ് സംഘം 15 കിലോ മീറ്റര്‍ അകലെയുള്ള ഗസ്റ്റ്ഹൗസിലേക്ക് മാറി. പിന്നീട് ഗസ്റ്റ്ഹൗസില്‍നിന്നായിരുന്നു അടുത്തനീക്കങ്ങള്‍ ആസൂത്രണം ചെയ്തത്.

പ്രതിയായ മുഹമ്മദ് സല്‍മാന്‍ നിര്‍മാണം നടക്കുന്ന വീട്ടിലെത്തിയെന്ന് വിവരം ലഭിച്ചതോടെ ഗസ്റ്റ്ഹൗസില്‍നിന്ന് കേരള പോലീസ് സംഘവും ഒപ്പം യു.പി. പോലീസും ഗ്രാമത്തിലേക്ക് തിരിച്ചു. പ്രതിയുടെ വീടിന് ചുറ്റും ഒരുകിലോമീറ്ററോളം ദൂരത്തില്‍ വലിയ കരിമ്പിന്‍ത്തോട്ടമാണ്. ഈ കരിമ്പിന്‍ത്തോട്ടത്തിനുള്ളിലൂടെ ഒരു സംഘം വീടിന്റെ പിന്‍വശം ലക്ഷ്യമാക്കി നീങ്ങി. ഇതേസമയം, മറ്റൊരു സംഘം വീടിന്റെ മുന്‍വശത്തും എത്തി. പോലീസിനെ കണ്ടതോടെ പ്രതിയായ മുഹമ്മദ് സല്‍മാന്‍ വീടിന്റ പിറകിലൂടെ കരിമ്പിന്‍ത്തോട്ടത്തിലേക്ക് ഓടി. എന്നാല്‍, അവിടെ വിവിധയിടങ്ങളിലായി നിലയുറപ്പിച്ച പോലീസുകാരുടെ മുന്നിലാണ് ഇയാളുടെ ഓട്ടം അവസാനിച്ചത്. കേരള പോലീസിന്റെ അഞ്ചംഗസംഘവും യു.പി. പോലീസിലെ അഞ്ചുപേരും ചേര്‍ന്ന് സല്‍മാനെ വളഞ്ഞിട്ട് പിടിച്ചു. മല്‍പ്പിടത്തത്തിലൂടെ പ്രതിയെ കീഴടക്കി. ഇതിനകം നാട്ടുകാര്‍ പ്രദേശത്ത് സംഘടിച്ചു. പോലീസ് സംഘത്തെ വളഞ്ഞു. യു.പി. പോലീസ് ഒരുവിധം കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതോടെയാണ് ഇവര്‍ പിന്‍വാങ്ങിയത്. പിന്നീട് ഒരുനിമിഷം പോലും വൈകാതെ വാഹനം എത്തിച്ച് പ്രതിയുമായി പോലീസ് സംഘം ഗ്രാമത്തില്‍നിന്ന് പുറത്തേക്കു കടന്നു.

മുഹമ്മദ് സല്‍മാനെ യു.പിയില്‍നിന്ന് പിടിച്ചതിന് പിന്നാലെയാണ് കൂട്ടുപ്രതിയായ റിസ്വാന്‍ സൈഫി ഹൈദരാബാദിലുണ്ടെന്ന വിവരം കിട്ടിയത്. ഇതോടെ മാന്നാറില്‍നിന്ന് ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പോലീസ് ജീപ്പില്‍ ഹൈദരാബാദിലേക്ക് തിരിച്ചു. വൈകാതെ ഹൈദാരാബാദില്‍നിന്ന് റിസ്വാന്‍ സൈഫിയും പിടിയിലായി. പ്രതിയെ പിടികൂടി നാട്ടിലെത്തിക്കാന്‍ 2800 കിലോ മീറ്റര്‍ ദൂരമാണ് മാന്നാര്‍ പോലീസ് സ്റ്റേഷനിലെ ജീപ്പ് ഓടിയത്. പിന്നാലെ മാന്നാറില്‍നിന്ന് ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ആരിഫിനെയും കസ്റ്റഡിയിലെടുത്തു.

മുഹമ്മദ് സല്‍മാന്‍, റിസ്വാന്‍ സൈഫി, റിയാസത്ത് അലി, മുഹമ്മദ് ഹസരി എന്നിവരടങ്ങിയ നാലംഗസംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. മാന്നാറില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ആരിഫിന്റെ ബന്ധുവാണ് പ്രതികളിലൊരാള്‍. കേരളം കാണാനെന്ന് പറഞ്ഞാണ് നാലംഗസംഘം മാന്നാറിലെത്തി ആരിഫിനൊപ്പം താമസിച്ചത്. ഇതിനിടെ വീടുകള്‍ കണ്ടുവെച്ച് മോഷണം നടത്തുകയും കേരളത്തില്‍നിന്ന് കടന്നുകളയുകയുമായിരുന്നു. പ്രതികള്‍ മോഷണത്തിന് വന്നതാണെന്ന് ആരിഫ് ആദ്യം അറിഞ്ഞിരുന്നില്ല. എന്നാല്‍, മോഷണശേഷം സംഭവത്തിന് പിന്നില്‍ ഇവരാണെന്ന് ഇയാള്‍ക്ക് മനസിലായിരുന്നു. പക്ഷേ, ഈ വിവരം ആരിഫ് മറച്ചുവെച്ച് പ്രതികളെ സഹായിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റുരണ്ടുപേര്‍ക്കായി പോലീസിന്റെ അന്വേഷണം തുടരുകയാണ്.

ലോറി ഡ്രൈവര്‍മാരായി കേരളത്തില്‍, മടങ്ങുമ്പോള്‍ ATM തട്ടിപ്പും

ലോറി ഡ്രൈവര്‍മാരായി കേരളത്തിലെത്തി എ.ടി.എമ്മുകളില്‍നിന്ന് പണം തട്ടുന്ന രണ്ടു പേരെയാണ് ഹരിയാണയിലെ ഖാന്‍സാലി ഗ്രാമത്തില്‍നിന്ന് അടുത്തിടെ തൃശ്ശൂര്‍ പുതുക്കാട് പോലീസ് പിടികൂടിയത്. 2022 ജൂണില്‍ നടന്ന സംഭവത്തില്‍ ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇതിനിടെ കഴിഞ്ഞവര്‍ഷം പോലീസ് സംഘം ഹരിയാണയില്‍ എത്തിയിരുന്നെങ്കിലും നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ചു. ഇതോടെ രാത്രിയില്‍ ഹരിയാണയിലെ ഗ്രാമത്തില്‍ കയറി നടത്തിയ ഓപ്പറേഷന്‍ പാളി. തുടര്‍ന്ന് പോലീസ് സംഘം നാട്ടിലേക്ക് മടങ്ങി. എന്നാല്‍, മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ശേഷം പ്രതികളുടെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കി പുതുക്കാട് പോലീസ് ഇത്തവണ ഒരിക്കല്‍കൂടി ഹരിയാണയിലേക്ക് വണ്ടി കയറി. ഹരിയാണ പോലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ സഹായംകൂടി ലഭിച്ചതോടെ ഓപ്പറേഷന്‍ വിജയകരമായി. പ്രതികളായ രണ്ടു പേരെയും പിടികൂടി നാട്ടിലെത്തിച്ചു.

ഹരിയാണ ഖാന്‍സാലി സ്വദേശികളായ സിയ ഉല്‍ ഹഖ്(35) നവേദ്(28) എന്നിവരെയാണ് പുതുക്കാട് എ.ടി.എം തട്ടിപ്പുകേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹരിയാണയില്‍നിന്ന് ലോറി ഡ്രൈവര്‍മാരായി കേരളത്തിലെത്തി എ.ടി.എം. തട്ടിപ്പുനടത്തി ലക്ഷങ്ങള്‍ കൈക്കലാക്കി മടങ്ങുന്നതായിരുന്നു ഇവരുടെ രീതി. ഹരിയാണയില്‍ സിറ്റിസണ്‍ സര്‍വീസ് സെന്ററുകളില്‍നിന്ന് ശേഖരിക്കുന്ന ആധാര്‍ കാര്‍ഡുകളും തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ചാണ് മറ്റുള്ളവരുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നത്. ഇതേ രീതിയില്‍ സിംകാര്‍ഡുകളും സ്വന്തമാക്കും. തുടര്‍ന്ന് ഈ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിച്ച് കേരളത്തിലെ എ.ടി.എം. കൗണ്ടറുകളിലെത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

placeholder
സിയാ ഉല്‍ ഹഖ്, നവേദ്

മറ്റൊരു ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ കയറി കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന പ്രതികള്‍ പണം കൈക്കലാക്കിയ ശേഷം പ്രത്യേക രീതിയില്‍ മെഷീനിലെ വിനിമയം തടസ്സപ്പെട്ടെന്നും ഇടപാട് പൂര്‍ത്തിയായില്ലെന്നുമുള്ള രീതിയിലാക്കും. തുടര്‍ന്ന് പണം ലഭിച്ചില്ലെന്ന് പറഞ്ഞ് ബാങ്കില്‍ പരാതി അറിയിക്കും. ഇതോടെ ബാങ്ക് അധികൃതര്‍ ഇതേ തുക വീണ്ടും അക്കൗണ്ടിലേക്ക് കൈമാറും. ഇതേരീതിയില്‍ ബാങ്കുകാരെ കബളിപ്പിച്ച് രണ്ടു ലക്ഷത്തോളം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. പുതുക്കാട്ടെ എ.ടി.എം. കൗണ്ടറിലായിരുന്നു ഈ ഇടപാടുകളെല്ലാം നടന്നതും.

രാത്രിസമയത്ത് അധികം ആള്‍ത്തിരക്കില്ലാത്ത റോഡരികിലുള്ള എ.ടി.എം. കൗണ്ടറുകളാണ് പ്രതികള്‍ തട്ടിപ്പിനായി തിരഞ്ഞെടുത്തിരുന്നത്. കൗണ്ടറിന് മുന്നില്‍ ലോറി പാര്‍ക്ക് ചെയ്ത് മറ്റുള്ളവരുടെ കാഴ്ച മറച്ച ശേഷമായിരുന്നു പ്രതികളുടെ ഓപ്പറേഷന്‍. എന്നാല്‍, ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതി കേരളത്തില്‍നിന്ന് പണവും തട്ടിയെടുത്ത് മുങ്ങിയ പ്രതികളെ മാസങ്ങളോളം കാത്തിരുന്ന് പുതുക്കാട് പോലീസ് വലയിലാക്കുകയായിരുന്നു. അതും ഹരിയാണ-രാജസ്ഥാന്‍ അതിര്‍ത്തിഗ്രാമമായ ഖാന്‍സാലിയിലെത്തി.

അന്വേഷണം ആരംഭിക്കുന്നു

പ്രതികള്‍ തട്ടിപ്പിനായി ഉപയോഗിച്ച എ.ടി.എം. കാര്‍ഡുകളുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഈ എ.ടി.എം. കാര്‍ഡുകളിലൊന്ന് എറണാകുളത്തുവെച്ചും ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തി. വിശദമായി അന്വേഷിച്ചപ്പോള്‍ എറണാകുളത്തുവെച്ച് ഒരു ലോറി അപകടമുണ്ടാക്കിയെന്നും ഇതിന്റെ നഷ്ടപരിഹാരമായി പണം നല്‍കിയതാണെന്നും വ്യക്തമായി. സംഭവസമയത്ത് ടോള്‍ പ്ലാസ വഴി കടന്നുപോയ ലോറികളുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന ലോറി കണ്ടെത്തി. പ്രതികളെയും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി.

ഹരിയാണ കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ ട്രാന്‍സ്പോര്‍ട്ട് കമ്പനികളിലൊന്നിന്റെ ലോറിയിലാണ് ഇവര്‍ കേരളത്തിലെത്തിയതെന്ന് പോലീസിന് മനസിലായി. ആയിരത്തോളം ലോറികള്‍ കൈകാര്യം ചെയ്യുന്ന ഈ കമ്പനിയില്‍നിന്ന് പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാനായി പോലീസ് സംഘം ഹരിയാണയിലേക്ക് തിരിച്ചു. എന്നാല്‍, ഈ ലോറി കമ്പനിയില്‍നിന്ന് കൊണ്ടുപോയത് മറ്റൊരാളാണെന്നും വഴിയില്‍വെച്ച് പ്രതികള്‍ക്ക് കൈമാറിയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. അന്വേഷണം വന്നാല്‍ പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍വേണ്ടിയാണ് പ്രതികള്‍ ഇങ്ങനെചെയ്തത്. പ്രതികളുടെ ഗ്രാമത്തില്‍നിന്നുള്ള മറ്റൊരു ഡ്രൈവറാണ് കമ്പനിയില്‍നിന്ന് ലോറി ആദ്യം കൊണ്ടുപോയത്. ഇക്കാര്യം വ്യക്തമായതോടെ ഖാന്‍സാലി ഗ്രാമം കേന്ദ്രീകരിച്ചായി അന്വേഷണം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഹരിയാണയില്‍ ദിവസങ്ങളോളം തങ്ങി പോലീസ് സംഘം അന്വേഷണം നടത്തിയത്. ഈ ഘട്ടത്തില്‍ ഹരിയാണ പോലീസില്‍നിന്ന് ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് കേരള പോലീസ് സംഘത്തിനൊപ്പം ഖാന്‍സാലി ഗ്രാമത്തിലേക്ക് സഹായത്തിനായി വന്നത്. വരാനും പോകാനും ഒരുവഴി മാത്രമുള്ള ഗ്രാമത്തിനുള്ളില്‍കയറി പ്രതികളെ കണ്ടെത്തല്‍ ഏറെ പ്രയാസകരമായിരുന്നു. ഒരു ദിവസം രാത്രി പോലീസ് സംഘം ഗ്രാമത്തിനുള്ളില്‍ കടന്നെങ്കിലും നാട്ടുകാര്‍ സംഘടിച്ച് പോലീസിനെ വളഞ്ഞു. ഈ സമയം പ്രതികള്‍ ഗ്രാമത്തില്‍നിന്ന് രക്ഷപ്പെട്ടു. രാത്രി ഗ്രാമത്തിനുള്ളില്‍ കുടുങ്ങിയതോടെ അവിടെനിന്ന് വെറുംകൈയോടെ മടങ്ങുക മാത്രമായിരുന്നു പോലീസിന്റെ മുന്നിലുണ്ടായിരുന്ന ഏകവഴി. തുടര്‍ന്ന് പ്രതികളെ തിരിച്ചറിയാനോ കണ്ടെത്താനോ കഴിയാതെ പോലീസ് സംഘം ഗ്രാമത്തില്‍നിന്ന് മടങ്ങി. ഇതിനിടെ, ഗ്രാമമുഖ്യനെ നേരിട്ടുകണ്ട് സംസാരിക്കാനായത് അന്വേഷണത്തില്‍ വഴിത്തിരിവായി. പ്രതികളെ തിരിച്ചറിഞ്ഞു. ഇവരുടെ മൊബൈല്‍ നമ്പറുകളും കിട്ടി. എന്നാല്‍ ഇതെല്ലാം സ്വിച്ച് ഓഫായിരുന്നു.

2022 സെപ്റ്റംബറില്‍ നടത്തിയ ഓപ്പറേഷന്‍ പരാജയപ്പെട്ട് പോലീസ് സംഘം നാട്ടിലേക്ക് മടങ്ങിയെങ്കിലും കൃത്യമായി പ്രതികളുടെ മൊബൈല്‍ നമ്പറുകളും ഫോണും നിരീക്ഷിച്ചിരുന്നു. എന്തെങ്കിലും ഒരു വിഡ്ഢിത്തം ഇവര്‍ ചെയ്യുമെന്ന പ്രതീക്ഷയില്‍ അന്വേഷണസംഘം ക്ഷമയോടെ കാത്തിരുന്നു. മാസങ്ങള്‍നീണ്ട ഈ കാത്തിരിപ്പിനൊടുവിലാണ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള നിരീക്ഷണത്തില്‍ വഴിത്തിരിവുണ്ടായത്. പ്രതികള്‍ നേരത്തെ ഉപയോഗിച്ചിരുന്ന പല മൊബൈല്‍ ഫോണുകളും ഉപേക്ഷിച്ചിരുന്നെങ്കിലും കൂട്ടത്തിലുണ്ടായിരുന്ന പുത്തന്‍ ഫോണ്‍ മാത്രം കളഞ്ഞിരുന്നില്ല. ഈ ഫോണിന്റെ വിവരങ്ങള്‍ പോലീസിന്റെ കൈവശമുണ്ടായിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഇതേ ഫോണില്‍ പുതിയ സിം കാര്‍ഡ് ഇട്ടതോടെ പോലീസിന് തുമ്പായി. ഈ മൊബൈല്‍ നമ്പറും ഫോണില്‍നിന്നുള്ള വിളികളും കൃത്യമായി നിരീക്ഷിച്ചു. ലോറി ജീവനക്കാരായതിനാല്‍ ഇരുവരും സ്ഥിരമായി നാട്ടിലുണ്ടാകില്ലെന്ന് മനസിലായി. തുടര്‍ന്ന് ഇരുവരും നാട്ടിലേക്ക് വരുന്നതായി മനസിലായതോടെ അന്വേഷണസംഘം വീണ്ടും ഹരിയാണയിലേക്ക് തിരിച്ചു.

തൃശ്ശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്റെയുടെ ഇടപെടലാണ് ഇത്തവണത്തെ പോലീസ് ഓപ്പറേഷനില്‍ നിര്‍ണായകമായത്. പുതുക്കാട് പോലീസ് ഹരിയാണയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ എസ്.പി. ഹരിയാണയിലെ നൂഹ് ജില്ലയിലെ എസ്.പി.യെ വിവരമറിയിച്ചു. എല്ലാസഹായങ്ങളും ഉറപ്പുവരുത്തി. ഇതോടെ കേരളത്തില്‍നിന്നുള്ള പോലീസ് സംഘം എത്തിയതിന് പിന്നാലെ ഹരിയാണയില്‍നിന്ന് കൂടുതല്‍ പോലീസ് സഹായം ലഭിച്ചു. എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡായ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍നിന്ന് മികച്ച ഉദ്യോഗസ്ഥരെ സഹായത്തിനായി വിട്ടുനല്‍കി. ഇതോടെ ഓപ്പറേഷന്‍ വിവരങ്ങള്‍ ചോരില്ലെന്നും ഉറപ്പായി. തുടര്‍ന്ന് ഒരു ദിവസം നിശ്ചയിച്ച് കേരള പോലീസും ഹരിയാണ പോലീസിലെ ഉദ്യോഗസ്ഥരും ഗ്രാമത്തിനുള്ളില്‍ കയറി. വീട്ടില്‍നിന്ന് പ്രതികളിലൊരാളെ പിടിച്ചെങ്കിലും അതിനോടകം ഗ്രാമത്തിലുള്ളവര്‍ സംഘടിച്ചിരുന്നു. ഇവര്‍ അക്രമാസക്തരാകുമെന്ന ഘട്ടമായതോടെ ഹരിയാണ പോലീസ് ഇടപെട്ടു. തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പോലീസുകാരെ വിളിച്ചുവരുത്തി. ഇതോടെയാണ് രംഗങ്ങള്‍ ശാന്തമാക്കി പ്രതിയെ ഗ്രാമത്തില്‍നിന്ന് കൊണ്ടുപോയത്. പിന്നാലെ മൂന്നു ദിവസത്തിന് ശേഷം ഒരു രാത്രി വീണ്ടും സമാനരീതിയിലുള്ള ഓപ്പറേഷന്‍ നടത്തി. ഇത്തവണ രാത്രിയായതിനാല്‍ വലിയ ബഹളങ്ങളില്ലാതെ രണ്ടാം പ്രതിയെയും പിടികൂടി.

തട്ടിപ്പുകാരുടെ ഗ്രാമം, റൂറല്‍ എസ്.പി.യുടെ ഇടപെടല്‍

എ.ടി.എം. തട്ടിപ്പും കവര്‍ച്ചയും സൈബര്‍ തട്ടിപ്പുകളുമെല്ലാം പതിവാക്കിയവരാണ് ഖാന്‍സാലിയിലെ മിക്കവരുമെന്നാണ് പോലീസ് പറയുന്നത്. എ.ടി.എം. പൊളിച്ച് പണം തട്ടിയ കേസുകളടക്കം അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ രീതികളിലുള്ള സൈബര്‍ തട്ടിപ്പിലൂടെയും ഇവര്‍ പണം അപഹരിക്കുന്നു. ഹരിയാണയിലെ ഉള്‍ഗ്രാമത്തില്‍ കയറി പ്രതികളെ പിടിക്കുന്നത് കേരള പോലീസിന് അത്ര എളുപ്പമൊന്നുമായിരുന്നില്ല. ലോക്കല്‍ പോലീസിനെ വിവരമറിയിച്ചാല്‍പോലും ഒരുപക്ഷേ അന്വേഷണവിവരങ്ങള്‍ ചോര്‍ന്നേക്കാം. ഈ സാഹചര്യത്തിലാണ് തൃശ്ശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്റെ മുന്‍കൈയെടുത്തത്. റൂറല്‍ എസ്.പി. ഹരിയാണ പോലീസിലെ എസ്.പിയുമായി നേരിട്ട് സംസാരിച്ചതോടെ കേരള പോലീസിന് ഇത്തവണ മികച്ച ഉദ്യോഗസ്ഥരെയാണ് ഹരിയാണയില്‍നിന്ന് സഹായത്തിനായി ലഭിച്ചത്. ഇത് പ്രതികളെ പിടികൂടുന്നതിലും ഏറെ സഹായകരമായി.

പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. യു.എച്ച്. സുനില്‍ദാസിന്റെ നിര്‍ദേശപ്രകാരം പുതുക്കാട് എസ്.ഐ. കെ.എസ്. സൂരജ്, എ.എസ്.ഐ. സി.എ. ഡെന്നീസ്, സീനിയര്‍ സി.പി.ഒ.മാരായ കെ.ആര്‍. സജീവ്, പി.കെ. രതീഷ്, സി.പി.ഒ. ശ്രീജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്. തൃശ്ശൂര്‍ റൂറല്‍ സൈബര്‍ സെല്ലും അന്വേഷത്തിന്റെ ഭാഗമായി.