
കോട്ടയത്ത് നാം കണ്ട റാഗിങ് മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തലമുറകള്‍ മാറിയാലും തീരാത്ത മാനസികവൈകൃതത്തിന്റെ ബാക്കിപത്രം. മനുഷ്യത്വമില്ലാത്ത ചെയ്തികള്‍. ശുഭ്രവസ്ത്രം ധരിച്ച് ആശ്വാസത്തിന്റെ മുഖമാകേണ്ട നഴ്സിങ് വിദ്യാര്‍ഥികളാണ് അവിടെ ക്രൂരതയുടെ പര്യായമായത്. മനസ്സുതെറ്റിയ മനോവൈകൃതത്തിന്റെ പുതിയ മുഖം. പൂര്ണവിരാമമില്ലാത്ത ക്രൂരതയായി റാഗിങ് വീണ്ടും നടമാടുകയാണ്. നാലു ചുവരുകളും അധീശത്വവും കൈമുതലാക്കി സഹജീവികളെ മൃഗതുല്യം കണക്കാക്കി മാനസികമായും ശാരീരികമായും തളര്‍ത്തുന്ന പ്രാകൃതപ്രക്രിയ തുടരുകതന്നെയാണ്. അനുഭവങ്ങളില്‍നിന്നും ശിക്ഷകളില്‍നിന്നും നാം ഒന്നും പഠിക്കുന്നില്ലേ. കേരളത്തില്‍ ഏറെ ചര്‍ച്ചയായ ചില സംഭവങ്ങളില്‍ എന്താണ് ഇരകള്‍ക്ക് സംഭവിച്ചത്. ഒരന്വേഷണം. റാഗിങ്; ഉണങ്ങാത്ത മുറിവുകള്‍, മായാത്ത കറകള്‍: ക്രൂരതയുടെ കോമ്പല്ലുകള്‍
- 2005 എസ്.എം.ഇ.;ജീവിതം തകര്‍ത്ത ദുരന്തം
ഓരോ റാഗിങ് കേസിലും ചിത്രം സമാനം. ഒരു ആചാരംപോലെ കലാലയങ്ങളില്‍ നടന്നുപോരുന്ന ഈ ക്രൂരതയ്ക്ക് അവസാനമില്ല. ഇരയ്ക്കും വേട്ടക്കാരനും സമാനമായ അനുഭവമെന്നതാണ് ഓരോ കേസിലും കാണാനാകുന്നത്. പ്രതികള്‍ ജയിലും കേസുമായി പഠനവും ജീവിതവും നഷ്ടമാക്കുമ്പോള്‍ ഇരകള്‍ ഒടുങ്ങാത്ത ആഘാതങ്ങളുടെ കനലില്‍ എരിയുന്നു. അപൂര്‍വം ചിലര്‍മാത്രം അതിനെ അതിജീവിക്കുന്നു. ഭൂരിഭാഗവും പഠനകാലത്ത് പ്രതീക്ഷിച്ചതൊന്നും നേടാനാകാതെ തകരുന്നു. ഇപ്പോള്‍ കേരളം ചര്‍ച്ചചെയ്യുന്നത് ഗാന്ധിനഗര്‍ ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങാണ്. ഇവിടെനിന്ന് വിളിപ്പാടകലെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനില്‍നിന്ന് പുറത്തുവന്ന വാര്‍ത്തകള്‍ 2005-ല്‍ കേരളത്തെ ഞെട്ടിച്ചു. ഒരു കലാലയത്തില്‍ ഇങ്ങനെയും നടക്കുമോ! ആള്‍ക്കൂട്ടവിചാരണയും റാഗിങ്ങുംകൊണ്ട് തീര്‍ന്നില്ല. അവിടെ ഒരു പെണ്‍കുട്ടിയെ പീഡനത്തിനും ഇരയാക്കി. കലാലയത്തില്‍ റാഗിങ്ങിനൊപ്പം ലൈംഗികാതിക്രമവും റിപ്പോര്‍ട്ടുചെയ്ത കേരളത്തിലെ ആദ്യ സംഭവം. ഒരു മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഉപദ്രവം. അതിന്റെ ആഘാതത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ പെണ്‍കുട്ടി മാനസികമായി തകര്‍ന്നുപോയി.
പത്താം ക്ലാസിലും പ്ലസ്ടുവിനും മികച്ച മാര്‍ക്കുവാങ്ങി മെറിറ്റിലാണ് അവള് എസ്.എം.ഇ.യില്‍ നഴ്സിങ്ങിന് പഠിക്കാനെത്തിയത്. ''ഉപദ്രവം അവളുടെ സ്വപ്നങ്ങള്‍ തകര്‍ത്തു. പിന്നീടൊരിക്കലും കൊച്ചിന് പഠനത്തിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞില്ല. ആശിച്ച ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ല'' -അവളുടെ അച്ഛന് പറയുന്നു.''മകള്‍ ഹോസ്റ്റലില്‍നിന്ന് വീട്ടിലെത്തിയാല്‍ മടങ്ങാന്‍ മടികാണിച്ചിരുന്നു. താത്പര്യപ്പെട്ട് പഠിക്കാന്‍പോയ കുട്ടിക്ക് ഇതെന്താ ഒരു മടി എന്നുവിചാരിച്ചു. ഹോസ്റ്റലിലെത്തിയാലും തിരികെവരണമെന്ന് പറയും. കാരണം മനസ്സിലായില്ല. ഒരു ദിവസം ഞാന്‍ മകളെ ഹോസ്റ്റലിലെത്തിച്ചു. മടങ്ങിവരുമ്പോള്‍ പാതിവഴിയായപ്പോള്‍ കോളേജില്‍നിന്ന് വിളിക്കുന്നു. കുട്ടി മെഡിക്കല്‍ കോളേജിലാണ്, ബോധം കെട്ട് വീണുവെന്ന്. മടങ്ങിയെത്തി. മാനസികാഘാതമെന്നാണ് കണ്ടെത്തിയത്. അവള് ഡോക്ടര്‍മാരോട് എല്ലാം പറഞ്ഞു. ഞങ്ങളും ആകെ വിഷമിച്ചു. നിയമസംവിധാനം ഒപ്പംനിന്നു. പ്രതികള്‍ വലിയ തുക വാഗ്ദാനംചെയ്ത് ആളെവിട്ടിരുന്നു. പക്ഷേ, എല്ലാം നിയമത്തിനുവിട്ടുനല്കി ഞങ്ങള്‍ പോരാടി. പ്രതികള്‍ക്ക് ശിക്ഷ കിട്ടി. അന്ന് കോട്ടയം എസ്.പി.യായിരുന്ന എസ്. ശ്രീജിത്തും അന്വേഷണോദ്യോഗസ്ഥനായ വി.ജി. വിനോദ് കുമാറും കുടുംബത്തിനൊപ്പം നിന്നു.
എന്നാല്‍, സംഭവശേഷം അവള്‍ക്ക് സ്ഥാപനത്തില്‍ തുടര്‍ന്ന് പഠിക്കാനുള്ള അവസ്ഥയുണ്ടായില്ല. സ്ഥാപനം മാറാന്‍ സര്‍ക്കാര്‍ അനുമതിതന്നു. മറ്റൊരു ജില്ലയില്‍ പഠനംതുടര്‍ന്നു. പക്ഷേ, അവിടെയും ചില അവഹേളനങ്ങള്‍ നേരിട്ടു. ഇതോടെ മനസ്സുമടുത്തു. പഠനം വേണ്ടെന്നുവെച്ചു. അവള് ഇപ്പോള്‍ അത്തരം ഓര്‍മ്മകളെ ഒഴിവാക്കി ജീവിക്കുന്നു.''
- സംഭവമുണ്ട് കേസില്ല
സംസ്ഥാനത്ത് ഏതാനും വര്‍ഷമായി റിപ്പോര്‍ട്ടുചെയ്യുന്ന റാഗിങ് സംഭവങ്ങളുടെ ചെറിയ ശതമാനംമാത്രമേ കേസായി രജിസ്റ്റര്ചെയ്യപ്പെടുന്നുള്ളൂ. പല സംഭവവും കേസായാല്ത്തന്നെ റാഗിങ്വിരുദ്ധ നിയമത്തിന്റെ വകുപ്പുകള്‍ ഉള്‍പ്പെടുത്താതെയാണ് രജിസ്റ്റര്‍ചെയ്യുന്നത്. ഒത്തുതീര്‍പ്പ്, ഭീഷണി തുടങ്ങിയ വിവിധ കാരണങ്ങള്‍ ഇതിനുപിന്നിലുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍തന്നെ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നൂറോളം റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. 2013 മുതല്‍ 2017 വരെയുളള കാലത്ത് 151 റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇവയില്‍ പലതിലും റാഗിങ് നിയമത്തിന്റെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ശിക്ഷിക്കപ്പെട്ട സംഭവങ്ങളില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കഴിഞ്ഞ വര്‍ഷം 18 കേസും 2023-ല്‍ 30 കേസും 2022-ല്‍ 26 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ എല്ലാ സംഭവവും തുടര്‍നിയമനടപടികളിലേക്ക് പോയിട്ടില്ല.
- വെര്‍ച്വല്‍ റാഗിങ്
കേരളത്തിലെ കലാലയങ്ങളില്‍ നടക്കുന്ന റാഗിങ്ങില്‍ 60 ശതമാനവും വെര്‍ച്വല്‍ രൂപത്തിലുള്ളതാണെന്ന് സര്‍ദാര്‍ പട്ടേല്‍ പോലീസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ 2023-ല്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അവഹേളനവും മറ്റും ഈ വിഭാഗത്തില്‍ വരും. നാലുശതമാനം റാഗിങ് ക്രൂരമായ തരത്തിലുള്ളതാണ്. 63 ശതമാനം റാഗിങ്ങും ഉത്കര്ഷബോധത്തിന്റെ ഫലമായുണ്ടായതാണ്. റാഗ്ചെയ്തവരുമായി വീണ്ടും കൂട്ടുകൂടുമോയെന്ന ചോദ്യത്തിന് 67 ശതമാനം പേരും വീണ്ടും കൂട്ടുകൂടുമെന്ന ഉത്തരമാണ് നല്‍കിയതെന്നും പഠനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.
- എന്തുകൊണ്ട് കേസില്ല
വ്യക്തിവിരോധത്തിന്റെയും സംഘടനാതര്ക്കങ്ങളുടെയും പേരിലുണ്ടായ പ്രശ്നങ്ങള്‍ റാഗിങ്ങാക്കി റിപ്പോര്‍ട്ട്ചെയ്ത സംഭവങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. ഇത് വേര്‍തിരിച്ച് മനസ്സിലാക്കുന്നതില്‍ വരുന്ന പ്രശ്നം.
പലപ്പോഴും അധ്യാപകരോ സ്ഥാപന അധികൃതരോ ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കും.തുടര്‍വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടാകുമോയെന്ന ഭയവും പരാതിയുമായി മുന്നോട്ടുപോകുന്നതില്‍നിന്ന് പരാതിക്കാരെ തടയുന്നു. ഇരകളും ആരോപണവിധേയരും വിദ്യാര്‍ഥികളാണെന്നതിനാല്‍ ഒത്തുതീര്‍പ്പോ പരാതിപിന്വലിക്കലോ എളുപ്പത്തില്‍ നടക്കുന്നു.
റാഗിങ് തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷംവരെ തടവും പതിനായിരം രൂപവരെ പിഴയും ശിക്ഷയായി ലഭിക്കാം.
മൂന്നുവര്‍ഷത്തേക്ക് മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠനം തുടരാനുമാകില്ല. ഇക്കാരണങ്ങളാകാം ഈ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കുറവുണ്ടാകാന്‍ കാരണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തയ്യാറാക്കിയത് : എം. ബഷീര്‍, ഹരി ആര്. പിഷാരടി, രാകേഷ് കെ. നായര്‍, കെ.പി. നിജീഷ് കുമാര്‍. സംയോജനം: കെ.ആര്. പ്രഹ്ലാദന്
(തുടരും)
Content Highlights: nvestigating the disturbing rise of ragging in Kerala colleges
Published: 15 Feb 2025, 09:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented