
ഒരു നാടിനെയൊന്നാകെ നടുക്കിയ കഠിനംകുളത്തെ കൊലപാതകത്തില്‍ യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ രണ്ടുദിവസത്തെ ഊര്‍ജിത അന്വേഷണത്തിനൊടുവില്‍ പോലീസ് തിരിച്ചറിഞ്ഞിരിക്കുകയാണ്. കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിപ്പിച്ചു. പ്രതിയെന്ന് പോലീസ് സംശയിക്കുന്ന ജോണ്‍സണ്‍ കൃത്യം നടത്തിയ ശേഷം ട്രെയിന്‍ മാര്‍ഗം നാടുവിട്ടുവെന്നാണ് പോലീസിന്റെ നിഗമനം. നാല് അന്വേഷണ സംഘങ്ങളാണ് ജോണ്‍സനെ പിടികൂടാനായി പോലീസ് വിന്യസിച്ചിരിക്കുന്നത്.
വാടകവീട്ടില്‍ നിന്നും കത്തിയുമായി പുറപ്പെട്ടു
ജനുവരി 21 ചൊവ്വാഴ്ചയാണ് വെഞ്ഞാറമൂട് സ്വദേശി ആതിര(30)യെ കഠിനംകുളത്ത് വീട്ടിനുള്ളില്‍ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് രാജീവ് 11.30 യോടെ മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടത്. രാജീവ് എത്തുമ്പോള്‍ യുവതിയുടെ സ്‌കൂട്ടറും വീട്ടിലുണ്ടായിരുന്നില്ല. കൊലയ്ക്ക് ശേഷം വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടറുമായി പ്രതി രക്ഷപ്പെട്ടതാവാമെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിന്നും സ്‌കൂട്ടര്‍ കണ്ടെത്തുകയും ചെയ്തു.
തുടക്കം മുതല്‍ യുവതിയുടെ സുഹൃത്തായ യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. സ്‌കൂട്ടര്‍ കണ്ടെത്തിയതോടെ പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയായിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ചതാണോ എന്ന സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പെരുമാതുറയില്‍ ജോണ്‍സന്‍ താമസിച്ചിരുന്ന വാടകവീടും പോലീസ് കണ്ടെത്തി. കൃത്യം നടന്ന ദിവസം രാവിലെ പ്രതി പെരുമാതുറയിലെ ലോഡ്ജില്‍ നിന്നും കത്തിയുമായി പോകുന്നതിന്റെ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ ഇയാള്‍ വാടകയ്ക്ക് റൂം എടുക്കുന്നത്. ഹാര്‍ബറില്‍ ജോലിയെന്നാണ് ലോഡ്ജ് ഉടമയോട് പറഞ്ഞത്. യുവതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഇവിടെ വാടകയ്ക്ക് റൂം എടുത്തതാവാമെന്ന് സംശയവും ഇതോടെയുണ്ടായി.
നടന്നത് ആസൂത്രിതമായ കൊലപാതകം?
തിരുവനന്തപുരം റൂറല്‍ എസ്പിയുടെ സംഘം, ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ സംഘം, ഡാന്‍സാഫ് സംഘം, കഠിനംകുളം- ചിറയിന്‍കീഴ് പോലീസ് എന്നിങ്ങനെ നാല് സംഘങ്ങളായിട്ടാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്. രാവിലെ 8.30-നും 11.30-നും ഇടയില്‍ കൊലപാതകം നടന്നുവെന്നാണ് പോലീസിന്റെ നിഗമം. 8.30 ന് ആറ് വയസ്സുകാരനായ മകന്‍ സ്‌കൂളില്‍ പോകുന്ന സമയത്ത് യുവതി വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു.
കൃത്യംനടന്ന ദിവസം രാവിലെ വീട്ടിലെത്തിയ ജോണ്‍സന് യുവതി ചായ നല്‍കി. പിന്നാലെ യുവതിയെ മയക്കിയശേഷം ജോണ്‍സന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴുത്തില്‍ ഉണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പോലീസ് പറയുന്നു. ശരീരത്തില്‍ മറ്റ് മുറിവുകള്‍ ഒന്നും ഇല്ലായിരുന്നു. പുറത്തുനിന്നും കൊണ്ടുവന്ന കത്തിയായതിനാല്‍ കരുതിക്കൂട്ടിയുള്ള കൊലപാതകം ആകാനാണ് സാധ്യതയെന്നും പോലീസ് പറയുന്നുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കത്തി മൃതദേഹത്തിന്റെ അരികില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ 12,000 ത്തോളം ഫോളോവേഴ്‌സ്
പ്രതിയെന്ന് പോലീസ് സംശയിക്കുന്ന ജോണ്‍സന്‍ ഇന്‍സ്റ്റഗ്രാമില്‍ 12,000-ത്തോളം ഫോളോവേഴ്‌സുള്ള വ്യക്തിയാണ്. ഒരു വര്‍ഷക്കാലമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. പരസ്പരം റീലുകള്‍ അയച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പല തവണ ആതിരയെ കാണാന്‍ ജോണ്‍സന്‍ എത്തിയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ആതിരയുടെ ചിത്രങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് ജോണ്‍സണ്‍ പണം തട്ടുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് തന്റെ കൂടെ വരണമെന്ന് ജോണ്‍സന്‍ ആവശ്യപ്പെട്ടെങ്കിലും ആതിര വിസമ്മതിച്ചു. ഇതോടെയാണ് ജോണ്‍സന്‍ കൊലപാതകം ആസൂത്രണം ചെയ്തുതുടങ്ങിയതെന്നാണ് പോലീസ് നിഗമനം.
കൊല്ലുമെന്ന സുഹൃത്തിന്റെ ഭീഷണി
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടയാള്‍ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ആതിര തിങ്കളാഴ്ച ഭര്‍ത്താവ് രാജീവിനോട് പറഞ്ഞിരുന്നു. എന്നാല്‍ പോലീസിനെ ഇക്കാര്യം അറിയിക്കാന്‍ ആതിര സമ്മതിച്ചുമില്ല. മറ്റാരെങ്കിലും ഇക്കാര്യം അറിഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും ആതിര ഭര്‍ത്താവിനോട് അറിയിച്ചിരുന്നു. ഇതിനാല്‍ ഭാര്യ പറഞ്ഞ വിവരം രാജീവ് ആരുമായും പങ്കുവെച്ചില്ല. ജോണ്‍സനുമായുള്ള സൗഹൃദത്തെച്ചൊല്ലി ആതിരയും രാജീവും തമ്മില്‍ അസ്വാരസ്യങ്ങളുമുണ്ടായിരുന്നു. ഭാര്യ മരണപ്പെട്ടതിനുശേഷമാണ് സുഹൃത്തുക്കളോടും പോലീസിനോടും രാജീവ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ആതിരയുടെ സോഷ്യല്‍മീഡിയ ഉപയോഗം വളരെക്കൂടുതലായിരുന്നുവെന്നും താന്‍ പലതവണ ഇത് വിലക്കിയിട്ടുണ്ടെന്നും രാജീവ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. രാജീവ്- ആതിര ദമ്പതികളുടെ വീടിന് തൊട്ടടുത്ത് ധാരാളം വീടുകള്‍ ഉണ്ടെങ്കില്‍പ്പോലും യാതൊരു ശബ്ദവും നാട്ടുകാര്‍ കേട്ടിരുന്നില്ല. ആതിരയുടെ നിലവിളിയൊന്നും തങ്ങള്‍ കേട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവരുടെ വീടിന്റെ മതില്‍ച്ചാടിയാണ് പ്രതി എത്തിയതെന്നും സൂചനയുണ്ട്. ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകളാണ് ആതിര. കായംകുളം സ്വദേശിയായ രാജീവ് 24 വര്‍ഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്. എട്ടുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപമാണ് താമസം.
കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് പറയുന്നതിലെ ചില പൊരുത്തക്കേടുകള്‍ കാരണമാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. യുവതിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കഠിനംകുളത്തും അവിടെ നിന്നും യുവതിയുടെ വെഞ്ഞാറമൂട് അലിയാടുള്ള കുടുംബ വീട്ടില്‍ എത്തിച്ച ശേഷം വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്.
Content Highlights: Kadinamkulam Murder Case Police suspect Instagram friend
Published: 23 Jan 2025, 01:04 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented