
ഒരിക്കല്‍ ചെയ്തുപോകുന്ന ചില കുറ്റകൃത്യങ്ങള്‍ ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ വേട്ടയാടും.ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ആ ഓര്‍മകള്‍ വല്ലാതെ മുറിപ്പെടുത്തും. ചിലപ്പോള്‍ മാനസികമായി തകർത്തു കളയും. അതിന് ഉദാഹരണമാണ് ജോനാഥന്‍ ജോസഫ് ജെയിംസ് എന്ന അമേരിക്കക്കാരന്റെ ജീവിതം. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ലാംഗ്വേജുകളില്‍ അസാധാരണമായ പ്രാഗത്ഭ്യമുണ്ടായിരുന്ന ജോനാഥന്‍ തന്റെ പ്രതിഭ ചില തെറ്റായ പ്രവൃത്തികള്‍ക്ക് വിനിയോഗിച്ചു. അത് രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന പ്രശ്നമായി. ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചെങ്കിലും സമാനമായ മറ്റൊരു കുറ്റകൃത്യത്തില്‍ മുന്‍കാല ചരിത്രം അയാളെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കുന്നു, ഒടുവിലത് കലാശിക്കുന്നത് ഇരുപത്തിയഞ്ചാം
വയസ്സിലുള്ള അയാളുടെ മരണത്തിലാണ്.
റോബര്‍ട്ട് ജയിംസ്- ജോന്‍ ജുറിസ്റ്റ ദമ്പതികളുടെ മകനായി ഫ്‌ളോറിഡയില്‍ 1983 ഡിസംബര്‍ 12-നാണ് ലാണ് ജോനാഥന്‍ ജോസഫ് ജെയിംസ് ജനിക്കുന്നത്. ജോനാഥന്‍ ജെയിംസ് ജനിച്ച് ഏതാനും നാളുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ ഫ്‌ളോറിഡയിലെ പൈന്‍ക്രെസ്റ്റില്‍ ഒരു ചെറിയ വീട് സ്വന്തമാക്കി അവിടേക്ക് താമസം മാറി. പിതാവ് റോബര്‍ട്ട് ജയിംസ് കമ്പ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു. മാതാവ് ജോന്‍ ജുറിസ്റ്റ വീട്ടമ്മയും. പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ട ജോലിയായതു കൊണ്ടു തന്നെ റോബര്‍ട്ട് ജയിംസിന് വീട്ടില്‍ കമ്പ്യൂട്ടറുണ്ടായിരുന്നു. 1980-കളില്‍ അമേരിക്കയില്‍ ചുരുക്കം വീടുകളില്‍ മാത്രമേ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നുള്ളൂ.
സി ലാംഗ്വേജില്‍ മാസ്റ്ററായ ജോനാഥന്‍
പിതാവ് ചെയ്യുന്ന ജോലിയോട് വളരെ ചെറുപ്പത്തില്‍ തന്നെ ജോനാഥന്‍ ജെയിംസിന് ആരാധനയും താല്‍പര്യവും തോന്നിയിരുന്നു. വെറും ആറു വയസ്സുള്ളപ്പോള്‍ ജോനാഥന്‍ കമ്പ്യൂട്ടര്‍ ഗെയിമിങ്ങ് ആരംഭിച്ചു. സമപ്രായക്കാര്‍ മറ്റു വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ജോനാഥന് താല്‍പര്യം കമ്പ്യൂട്ടറില്‍ സമയം ചെലവഴിക്കാനായിരുന്നു. ആദ്യമൊക്കെ ജോനാഥനെ പിന്തുണയ്ക്കുന്ന നിലപാടാണ് കുടുംബം സ്വീകരിച്ചത്. എന്നാല്‍, രാവോ പകലോ ഇല്ലാതെ മണിക്കൂറുകളോളം ജോനാഥന്‍ ഗെയിമിങ്ങില്‍ സമയം ചെലവഴിച്ചപ്പോള്‍ ആരോഗ്യം ക്ഷയിച്ചു. പഠനത്തിലും പിറകോട്ട് പോയി. ഇത് മാതാപിതാക്കളെ കടുത്ത ആശങ്കയിലാക്കി. നിവൃത്തിയില്ലാതെ വന്നപ്പോള്‍ ജോനാഥന്റെ കമ്പ്യൂട്ടര്‍ ഉപയോഗം നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ ഇടപെടാന്‍ തുടങ്ങി. ഇതെല്ലാം ജോനാഥന്റെയുള്ളില്‍ കമ്പ്യൂട്ടറിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആവേശം വളര്‍ത്തുകയാണ് ചെയ്തത്. ഗെയിമിങ് കുറച്ച ജോനാഥന്‍ പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ പഠിക്കാന്‍ ആരംഭിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് ജോനാഥന്‍ സി പ്രോഗ്രാമിങ് ലാംഗ്വേജില്‍ അതിവിദഗ്ധനായി. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പൂര്‍ണമായും എടുത്തു മാറ്റി ലിനക്‌സ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ജോനാഥനെയാണ് ഒരിക്കല്‍ പിതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കാണുന്നത്. അദ്ദേഹം മകനെ എതിര്‍ക്കാന്‍ മുതിര്‍ന്നില്ല.
കമ്പ്യൂട്ടര്‍ ഉപയോഗത്തിലേക്ക് വരുമ്പോള്‍ പ്രായത്തില്‍ കവിഞ്ഞ വിവരവും കഴിവും ജോനാഥന്‍ പ്രകടിപ്പിച്ചിരുന്നു. അന്നത്തെ കാലത്ത് കമ്പ്യൂട്ടറുകളെക്കുറിച്ച് പഠിക്കാനുള്ള സൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്നു. ചോദിച്ച് പഠിക്കാമെന്ന് കരുതിയാല്‍ അതെക്കുറിച്ച് ധാരണയുള്ളവരും അധികം ഉണ്ടായിരുന്നില്ല. വേള്‍ഡ് വൈഡ് വെബ് ആദ്യമായി ലോകത്തിന് മുന്നിലെത്തുന്നത് 1990-ലാണ്. അതുകൊണ്ടു തന്നെ ജോനാഥന് ഗുരുസ്ഥാനീയരായി ആരും ഇല്ലായിരുന്നുവെന്നതാണ് ഏറ്റവും കൗതുകകരമായ സംഗതി. ബ്രൗസറുകളും ബാല്യദശയിലായിരുന്നു. മൊസൈക്ക് എന്ന ബ്രൗസറായിരുന്നു തുടക്കത്തില്‍ ആളുകള്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് അത് നെറ്റ്‌സ്‌കേപ്പ് എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിക്കാന്‍ തുടങ്ങി. 1993-ലാണ് വേള്‍ഡ് വൈഡ് വെബില്‍ നെറ്റ്‌സ്‌കേപ്പ് അവതരിപ്പിക്കപ്പെടുന്നത്. 1995-ല്‍ ലോകജനസംഖ്യയില്‍ 1.6 കോടി മാത്രമായിരുന്നു നെറ്റ്‌സ്‌കേപ്പിന്റെ ഉപഭോക്താക്കള്‍.
പ്രായമേറും തോറും ജോനാഥന് കമ്പ്യൂട്ടറിനോടുള്ള ആസക്തി വര്‍ധിച്ചുകൊണ്ടേയിരുന്നു. കൗമാരത്തിലെത്തിയപ്പോള്‍ അതൊരു ലഹരിയായി തീര്‍ന്നു. ഇങ്ങനെ പോയാല്‍ മകന്റെ ഭാവി നശിക്കുമെന്ന് കരുതിയ മാതാപിതാക്കള്‍ മകനില്‍നിന്ന് ബലമായി കമ്പ്യൂട്ടര്‍ എടുത്തുമാറ്റി. തനിക്ക് കമ്പ്യൂട്ടര്‍ തിരികെ തന്നില്ലെങ്കില്‍ വീട്ടില്‍നിന്ന് ഓടിപ്പോകുമെന്നും ഒരിക്കലും തിരികെവരില്ലെന്നും ജോനാഥന്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി. മകന്റെ താക്കീത് അവര്‍ മുഖവിലയ്‌ക്കെടുത്തില്ല. ജോനാഥന്‍ പറഞ്ഞതു പോലെ തന്നെ ചെയ്തു. ഒരു ദിവസം അവനെ കാണാതായി. പരിഭ്രാന്തരായ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ജോനാഥന്‍ അകലേയ്‌ക്കൊന്നും പോയിരുന്നില്ല. വീടിന് സമീപത്തുള്ള ഒരു ബുക്ക്‌സ്റ്റോറില്‍നിന്ന് അവനെ പോലീസ് കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിച്ചു. കമ്പ്യൂട്ടറിനോടുള്ള താല്‍പര്യം തന്റെ പഠനത്തെ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞ് ജോനാഥന്‍ മാതാപിതാക്കളോട് തര്‍ക്കിച്ചു. സത്യം അതായിരുന്നില്ല മിയാമി ഡേഡ് കൗണ്ടി സ്‌കൂള്‍ സിസ്റ്റം ക്രാക്ക് ചെയ്ത ജോനാഥന്‍ തന്റെ ഗ്രേഡുകള്‍ മാറ്റുകയായിരുന്നു. ജോനാഥന്റെ പിടിവാശികള്‍ക്ക് മുന്‍പില്‍ മാതാപിതാക്കള്‍ക്ക് വഴങ്ങേണ്ടി വന്നു.
ബെല്‍ സൗത്ത് ടെലികമ്മ്യൂണിക്കേഷനിലെ ആദ്യ ഹാക്കിങ്
1999 ജൂണ്‍ മുതലാണ് ജോനാഥന്റെ ഹാക്കിങ് കൂടുതല്‍ ഗൗരവമായി മാറുന്നത്. കോമറേഡ് എന്ന പേരില്‍ അമേരിക്കയിലെ ബെല്‍ സൗത്ത് ടെലികമ്മ്യൂണിക്കേഷന്‍ ഹാക്ക് ചെയ്തുകൊണ്ടായിരുന്നു അത്. വൈറസ് ഉപയോഗിച്ച് അവരുടെ സിസ്റ്റത്തെ തകരാറിലാക്കുകയോ ഡാറ്റ നശിപ്പിക്കുകയോ ചെയ്തില്ല. ഇത്രയും വലിയ സ്ഥാപനമായിരുന്നിട്ടും കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടു കൂടി ജോനാഥന്‍ കയറിക്കൂടിയത് അവര്‍ അറിഞ്ഞതു പോലുമില്ല.
നാസയില്‍നിന്ന് കവര്‍ന്നത് 1.7 മില്യണ്‍ ഡോളറോളം മൂല്യമുള്ള ഡാറ്റ

ഓരോ ഘട്ടം കഴിയും തോറും ജോനാഥന് ഹാക്കിങ് ഹരമായി. യു.എസ്. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ സെര്‍വറില്‍ ജോനാഥന്‍ നുഴഞ്ഞുകയറി. അവയില്‍ പ്രധാനപ്പെട്ടതായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുണ്ടായിരുന്ന ഡിഫന്‍സ് ത്രെട്ട് റിഡക്ഷന്‍ ഏജന്‍സിയും ബഹിരാകാശ പഠന ഗവേഷണ ഏജന്‍സിയായ നാസയുടെ മാര്‍ഷന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററും. റോക്കറ്റ് എഞ്ചിനുകള്‍ ഉണ്ടാക്കിയെടുക്കുകയും പരീക്ഷിക്കുകയും ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷനിലെ ആശയവിനിമയം നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥാപനമാണിത്. മാര്‍ഷന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിലെ സെര്‍വറില്‍ മാല്‍വെയര്‍ പ്ലാന്റ് ചെയ്ത ജോനാഥന് അവിടുത്തെ പതിമൂന്നോളം കമ്പ്യൂട്ടറുകളുടെ നിയന്ത്രണം കൈക്കലാക്കാന്‍ സാധിച്ചു. 1.7 മില്യണ്‍ ഡോളറോളം മൂല്യമുള്ള ഡാറ്റയാണ് ജോനാഥന്‍ അവിടെനിന്ന് കവര്‍ന്നെടുത്തത്. കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താപനിലയും ഈര്‍പ്പവും നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിന്റെ സോഴ്‌സ് കോഡുകളും ജോനാഥന്‍ കൈവശപ്പെടുത്തി.
ആരോ തങ്ങളുടെ സെര്‍വറില്‍ നുഴഞ്ഞു കയറിയെന്ന് മനസ്സിലായ നാസ ഏതാണ്ട് 21 ദിവസത്തോളം അവരുടെ സിസ്റ്റങ്ങള്‍ ഷട്ട്ഡൗണ്‍ ചെയ്തു. ഈ കാലയളവില്‍ നാസയ്ക്കുണ്ടായ നഷ്ടം ഏകദേശം 41,000 ഡോളറാണ്. നാസയെ സംബന്ധിച്ച് സംഭവിച്ച സുരക്ഷാ ഭീഷണി ഒട്ടും ചെറുതായിരുന്നില്ല. അതുകൊണ്ടു തന്നെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനാണ് അന്വേഷണ ചുമതല ഏറ്റെടുത്തത്. താന്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലാകാത്ത ജോനാഥന്‍ പിന്നെയും ഹാക്കിങ് തുടര്‍ന്നു.
പെന്റഗണിനെ കുരുക്കിലാക്കിയ ജോനാഥന്‍

ഈ സമയം ബാക്ക്ഡോര്‍ എന്ന മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ഡിഫന്‍സ് ത്രെട്ട് റിഡക്ഷന്‍ ഏജന്‍സിയുടെ സെര്‍വറില്‍ ജോനാഥന്‍ നുഴഞ്ഞുകയറി. ഒരു സിസ്റ്റം ആക്സസ് ചെയ്യുന്നതിനുള്ള സാധാരണ നടപടിക്രമങ്ങളെ ലംഘിക്കുന്ന മാല്‍വെയര്‍ ആണ് ബാക്ക്ഡോര്‍. അതുവഴി ഹാക്കര്‍മാര്‍ക്ക് വിദൂരമായി സിസ്റ്റത്തെ നിയന്ത്രിക്കാനാകും. സെര്‍വറിന്റെ നിയന്ത്രണം ഏറ്റെടുത്ത ജോനാഥന്‍ വളരെ രഹസ്യസ്വഭാവമുള്ള വിവരങ്ങളും ലോഗിന്‍ ക്രെഡന്‍ഷ്യലുകളും കരസ്ഥമാക്കി. ഇതിലൂടെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലെ പത്തൊന്‍പത് ജീവനക്കാരുടെ യൂസര്‍നെയിമുകളും പാസ്‌വേഡുകളും സ്വന്തമാക്കി. അമേരിക്കയെ സംബന്ധിച്ച് പെന്റഗണിലെ വിവരങ്ങള്‍ ചോരുന്നത് അതിഗൗരവമുള്ള സുരക്ഷാ വീഴ്ചയാണ്. അതുകൊണ്ടു തന്നെ ഹാക്കര്‍ക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപകമായി തുടര്‍ന്നു.
ഒടുവില്‍ നാടകീയമായ അറസ്റ്റും ശിക്ഷയും
2000 ജനുവരി 26-ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ജോനാഥന്റെ വീട്ടിലെത്തി. ബുള്ളറ്റ് പ്രൂഫ് ധരിച്ച് തോക്കുമായി എത്തിയ അവര്‍ ജോനാഥനെ കണ്ട മാത്രയില്‍ പിടികൂടി കൈവിലങ്ങണിയിച്ചു. ജോനാഥന്റെ കൈവശമുണ്ടായിരുന്ന കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പോക്കറ്റ് കമ്പ്യൂട്ടറും കണ്ടെടുത്തു. 15-16 വയസ്സു മാത്രമായിരുന്നു അന്ന് അവന്റെ പ്രായം. വളരെ ഗൗരവകരമായ ഒരു കുറ്റമാണെങ്കില്‍ കൂടി ജോനാഥന് പ്രായപൂര്‍ത്തി ആകാതിരുന്നത് ഉദ്യോഗസ്ഥരെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. കോടതിയില്‍ ഹാജരായ ജോനാഥന്‍ ഹാക്കിങ്ങും പ്രതിരോധ മന്ത്രാലയത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തിയതും നാസയുടെ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡുകള്‍ കൈവശപ്പെടുത്തിയതും സമ്മതിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്രയും ഗൗരവമുള്ള തെറ്റ് പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ചെയ്തതിന്റെ മുന്‍കാലചരിത്രം അമേരിക്കയിലില്ല. അതുകൊണ്ടു തന്നെ ജോനാഥന് എന്ത് ശിക്ഷയാണ് നല്‍കേണ്ടത് എന്നത് ജൂറിയെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. ആറ് മാസം തടവും 18 വയസ്സുവരെ പ്രൊബേഷനുമാണ് ജോനാഥന് നല്‍കിയത്. പിന്നീട് ശിക്ഷയില്‍ ഭേദഗതി വരുത്തി. ആറുമാസം വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ വിധിച്ചു. പഠനാവശ്യങ്ങള്‍ക്കല്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ജോനാഥനെ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. ഇതുകൂടാതെ പ്രതിരോധ വകുപ്പിനും നാസയ്ക്കും മാപ്പപേക്ഷ നല്‍കാനും ജോനാഥനോട് ആവശ്യപ്പെട്ടു. എങ്ങനെയാണ് സിസ്റ്റം ഹാക്ക് ചെയ്തതെന്നും വിവരങ്ങള്‍ ചോര്‍ത്തിയതെന്നും ആ കത്തില്‍ വിവരിക്കണമെന്നും ആവശ്യപ്പെട്ടു.
തടവുശിക്ഷയ്ക്ക് ശേഷം അന്തര്‍മുഖനായ ജോനാഥന്‍
വീട്ടുതടങ്കലില്‍ തുടരുന്നതിനിടെ കോടതി നിബന്ധനകള്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് വീണ്ടും അറസ്റ്റിലായി. ജോനാഥന്റെ രക്തം പരിശോധിച്ചപ്പോള്‍ അതില്‍ മയക്കുമരുന്നിന്റെ അംശമുണ്ടെന്ന് പോലീസ് കണ്ടെത്തി. അവിടെനിന്ന് അലബാമ കറക്ഷന്‍ സെന്ററിലേക്കാണ് ജോനാഥനെ അയച്ചത്. ആറ് മാസം തടവുശിക്ഷ അനുഭവിച്ചതിന് ശേഷം ജോനാഥന്‍ പുറത്തിറങ്ങി. അപ്പോഴേക്കും ഈ കേസ് അമേരിക്കയില്‍ വലിയ ചര്‍ച്ചയായി.
ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം ജോനാഥന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ''തമാശയ്ക്ക് തുടങ്ങിയതാണ്. മറ്റുള്ളവരേക്കാള്‍ എനിക്ക് എന്തു കഴിവാണ് കൂടുതലുള്ളതെന്ന് അറിയാനൊരു കൗതുകമുണ്ടായിരുന്നു. ഇനി ഒരിക്കവും ചെയ്യില്ല. ജയിലിലേക്ക് ഒരു തിരിച്ചുപോക്ക് ഓര്‍ക്കാന്‍ വയ്യ.''
മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിമുഖത കാണിച്ച ജോനാഥനെ പതിയെ പതിയെ വിഷാദവും അലട്ടാന്‍ തുടങ്ങി. തന്നെ എപ്പോഴും ആരോ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന തോന്നല്‍ ജോനാഥനെ അലോസരപ്പെടുത്തി. അതിനിടെ അമ്മ കാന്‍സര്‍ വന്ന് മരിച്ചത് ജോനാഥനെ കൂടുതല്‍ തളര്‍ത്തി. അമ്മ മരിക്കുമ്പോള്‍ ജോനാഥന് പതിനെട്ടു വയസ്സു മാത്രമായിരുന്നു. തുടര്‍ന്നങ്ങോട്ട് വളരെ നിശബ്ദമായ ജീവിതമാണ് ജോനാഥന്‍ നയിച്ചത്.
കോടികള്‍ നഷ്ടമായ ടി.ജെ.എക്‌സ്. ഹാക്കിങ്; ഒടുവില്‍ അന്വേഷണം ജോനാഥനിലേക്ക്

അമേരിക്കയിലെ മള്‍ട്ടിനാഷ്ണല്‍ കമ്പനിയായ ടിജെ.എക്‌സ് മാക്‌സ് എന്ന കമ്പനി 2007-ല്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തി. ലോകചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ്ങുകളിലൊന്നാണ് ടി.ജെ.എക്‌സ് ഹാക്ക്. സ്ഥാപനവുമായി ഇടപാടുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആണ് ഹാക്കര്‍ കൈവശപ്പെടുത്തിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, എക്‌സ്പയറി ഡേറ്റ്, സിവിവി കോഡ്‌സ് അങ്ങനെ പ്രധാനപ്പെട്ട പല വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് കമ്പനിയെ സാരമായി ബാധിച്ചു. രണ്ടു വര്‍ഷത്തിലേറെ നീണ്ട പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഹാക്കിങ് നടന്നത്. തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നതോടെ ഉപഭോക്താക്കള്‍ കമ്പനിയ്‌ക്കെതിരേ നിയമനടപടി ആരംഭിച്ചു. തത്ഫലമായി കോടിക്കണക്കിന് രൂപയാണ് ടി.ജെ.എക്‌സിന് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത്.
അമേരിക്ക മുഴുവന്‍ കോളിളക്കം സൃഷ്ടിച്ച ഒരു കേസായതിനാല്‍ സീക്രട്ട് സര്‍വീസ് ഏജന്‍സികള്‍ അതിഗൗരവത്തോടെയാണ് അന്വേഷണം ആരംഭിച്ചത്. ഒടുവില്‍ ആല്‍ബര്‍ട്ട് ഗോണ്‍സാലസ് എന്ന അമേരിക്കന്‍ കമ്പ്യൂട്ടര്‍ ഹാക്കറും സംഘവുമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുന്നു. കോടിക്കണക്കിന് രൂപയാണ് ഗോണ്‍സാലസും സംഘവും ഹാക്കിങ്ങിലൂടെ കവര്‍ന്നെടുത്തത്. ക്രിസ്റ്റഫര്‍ സ്‌കോട്ട് (സ്‌കോട്ട്), ഡേവിഡ് പാട്രിക് ടോയ് (ടോയ്), മാക്‌സിയം യട്രമെന്‍സ്‌കി (യട്രമെന്‍സ്‌കി), ജെ.ജെ, ജെ. ഡബ്ല്യൂ എന്നിവരായിരുന്നു മറ്റു പ്രതികള്‍. അതില്‍ ജെ.ജെയും ജെ.ഡബ്ല്യുവും ആരാണെന്ന് പോലീസ് തിരിച്ചറിഞ്ഞില്ല. ക്രിസ്റ്റഫര്‍ സ്‌കോട്ട് ജോനാഥന്റെ സുഹൃത്തായിരുന്നു. ജെ.ജെ. എന്ന് പറയുന്നയാള്‍ ജോനാഥന്‍ ജെയിംസാണെന്ന നിഗമനത്തില്‍ പോലീസെത്തുന്നു.
ഹാക്കിങ്ങില്‍ കുപ്രസിദ്ധിയുള്ള വ്യക്തിയായതിനാല്‍ ജോനാഥനെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. ചോദ്യം ചെയ്തപ്പോള്‍ തനിക്കിതില്‍ പങ്കില്ലെന്ന് ജോനാഥന്‍ ആണയിട്ടു പറഞ്ഞു. പോലീസ് വിശ്വസിച്ചില്ല, അവര്‍ ജോനാഥന്റെയും സഹോദരന്റെയും വീട്ടില്‍ റെയ്ഡു നടത്തുന്നു. പക്ഷേ, ഇയാള്‍ കുറ്റക്കാരനാണെന്ന് സൂചന നല്‍കുന്ന യാതൊരു തെളിവുകളും അവിടെനിന്ന് ലഭിച്ചില്ല. ലൈസന്‍സുള്ള തോക്കും കുറേനാളുകള്‍ക്ക് മുന്‍പ് ജോനാഥന്‍ എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുക്കുന്നു. റെയ്ഡില്‍ തോക്ക് കസ്റ്റഡിയിലെടുത്തില്ല. ജോനാഥനെ അന്വേഷണത്തിന്റെ റഡാറില്‍ നിര്‍ത്തികൊണ്ട് വിട്ടയക്കുന്നു.
ഞാന്‍ സ്വതന്ത്രനായി മരിക്കാന്‍ ആഗ്രഹിക്കുന്നു; ആത്മഹത്യാക്കുറിപ്പില്‍ ജോനാഥന്‍ ഇങ്ങനെ കുറിച്ചു
2008 മെയ് 18. പോലീസ് കസ്റ്റഡിയില്‍നിന്ന് പുറന്നുവന്നതിന് ഏതാണ്ട് ഒരാഴ്ചയ്ക്ക് ശേഷം ഫ്‌ലോറിഡയിലെ വീട്ടില്‍ തലയില്‍ വെടിയേറ്റ നിലയില്‍ ജോനാഥനെ കണ്ടെത്തുന്നു. കുളിമുറിയിലെ ഷവറിന് താഴെയാണ് ജോനാഥന്റെ മൃതദേഹം കിടന്നിരുന്നത്. വലതുകയ്യില്‍ തോക്കുമുണ്ടായിരുന്നു. റെയ്ഡിനിടെ ജോനാഥന്റെ വീട്ടില്‍ പോലീസ് കണ്ട അതേ തോക്കു തന്നെ. കൂടുതല്‍ തിരച്ചിലില്‍ പോലീസ് ഒരു ആത്മഹത്യകുറിപ്പ് കണ്ടെത്തുന്നു.
അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു:
''ഞാന്‍ നിയമത്തിലോ നീതിയിലോ വിശ്വസിക്കുന്നില്ല. ഈ കത്ത് പൊതുസമൂഹത്തിന് ഗൗരവകരമായ സൂചനയാണ് നല്‍കുന്നത്. എന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഞാന്‍ കണ്ടെത്തിയ ഏക മാര്‍ഗം ആത്മഹത്യയാണ്. എനിക്ക് ടിജെഎക്സ് ഹാക്കിങ്ങുമായി യാതൊരു ബന്ധവുമില്ല. പക്ഷേ, ഇതാണ് ജീവിതം. ഞാന്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അഞ്ചോ പത്തോ ഇരുപതോ വര്‍ഷങ്ങള്‍ ജയിലില്‍ തീര്‍ക്കാന്‍ സാധിക്കുകയില്ല. സ്വതന്ത്രായി മരിക്കാന്‍ ഇഷ്ടപ്പെടുന്നു. എനിക്ക് ഇങ്ങനെ മാത്രമേ ജയിക്കാനാകൂ.''
ജോനാഥന്റെ മരണത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു.അന്വേഷണം ജോനാഥനിലേക്ക് എത്താന്‍ കാരണം അയാളുടെ ഭൂതകാലം മാത്രമായിരുന്നു. അയാള്‍ പ്രതിയാണെന്ന് സൂചിപ്പിക്കുന്ന യാതൊരു തെളിവുമില്ലായിരുന്നു. ജിം ജോണ്‍സ് എന്ന പേരില്‍ ഇന്‍ര്‍നെറ്റില്‍ ഐഡി ഉണ്ടാക്കിയ സ്റ്റീഫന്‍ വാട്ടാണ് ജെ.ജെ. എന്ന് പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തുകയും അയാളെ ശിക്ഷിക്കുകയും ചെയ്തു.
ജോനാഥന്റെ മരണവുമായി ബന്ധപ്പെട്ട പിന്നീട് ഒട്ടേറെ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. നാസയിലെയും പ്രതിരോധ വിഭാഗത്തിലെയും നിര്‍ണായകമായ വിവരങ്ങള്‍ കൈവശമുള്ള ജോനാഥനെ സീക്രട്ട് സര്‍വീസ് ഏജന്‍സി കൊലപ്പെടുത്തിയതാണെന്നും പിന്നീട് ആത്മഹത്യയായി ചിതീകരിച്ചുവെന്നുമാണ് അതിലെ പ്രധാന ആരോപണം. അതിന് മതിയായ തെളിവുകളില്ല. മാത്രമല്ല, ജോനാഥന്‍ കുറച്ചുനാളുകളായി ആത്മഹത്യ പ്രവണത കാണിച്ചിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറഞ്ഞത്.

ജോനാഥന്റെ മരണം നിയമവ്യവസ്ഥയെ ആത്മപരിശോധനയ്ക്ക് വിധേയമാക്കുന്ന ഒന്നാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ കുറ്റം ചെയ്യുമ്പോള്‍ അവരെ കൈകാര്യം ചെയ്യുന്നതില്‍ എത്രത്തോളം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു എന്നതിന് ഉദാഹരണമാണ്. കൂടാതെ സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച കാലത്ത് കുട്ടികള്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ അമിതമായി ഉപയോഗിക്കുമ്പോള്‍; അതൊരു ലഹരിയായി തീരുമ്പോള്‍ അവരെ സ്നേഹത്തോടെ നിയന്ത്രിക്കിക്കേണ്ടത് അനിവാര്യമാണെന്ന് ജോനാഥന്റെ ജീവിതം പഠിപ്പിക്കുന്നു. ജോനാഥനെ സൂപ്പര്‍ ഹീറോ പരിവേഷം നല്‍കി ആരാധിക്കുക്കുന്ന ഒരു വിഭാഗമാളുകളും ഉണ്ട്. അങ്ങനെ ചിന്തിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ചെറുപ്രായത്തില്‍ തമാശയ്ക്ക് ചെയ്ത ഗൗരവമേറിയ കുറ്റകൃത്യത്തിന്റെ രക്തസാക്ഷിയായി മാറുകയായിരുന്നു ആ പതിനെട്ടുകാരന്‍.
Content Highlights: Jonathan Joseph James a teenage hacker story, NASA, bell south communication, life and death
Published: 28 Sept 2023, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented