പത്തനംതിട്ട: വിവരങ്ങള്‍ ചോര്‍ത്തി നല്‍കാമെന്ന് പരസ്യം നല്‍കിയ ഹാക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ കോട്ടമുകള്‍ സ്വദേശിയായ 23 കാരനായ ജോയല്‍ ആണ് അറസ്റ്റിലായത്. കേന്ദ്ര ഏജന്‍സികളുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസം മുമ്പാണ് പത്തനംതിട്ട സൈബര്‍ പോലീസ് ജോയലിനെ അറസ്റ്റ് ചെയ്തത്.

To advertise here,

പണംമുടക്കാന്‍ തയ്യാറാണെങ്കില്‍ ആര്‍ക്കുവേണെമെങ്കിലും ആരുടെയും ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാമെന്ന് ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തിരുന്നു. ഇങ്ങനെ വിവരങ്ങള്‍ നല്‍കാമെന്ന് പറയുന്ന വീഡിയോയും ഇയാള്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോ സൈബര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഹൈദരാബാദിലെ സ്വകാര്യ ഡിക്റ്റക്ടീവ് ഏജന്‍സിക്ക് വേണ്ടി ജോലിചെയ്യുന്ന ആളായിരുന്നു. ഇതിന് സമാന്തരമായി മറ്റുചിലര്‍ക്കും വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ചിലയുവാക്കള്‍ തങ്ങളുടെ കമിതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇയാളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. ഇയാളെ കേന്ദ്ര ഏജന്‍സികളും ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. ഇയാളുടെ സേവനം തേടിയവര്‍ ആരൊക്കെയെന്ന് അന്വേഷിക്കുന്നുണ്ട്.