തൃശ്ശൂര്‍: ബിനാമി പേരുകളില്‍ ജി.എസ്.ടി. രജിസ്‌ട്രേഷനെടുത്ത് അടയ്ക്ക ഇടപാടിന്റെ വ്യാജബില്ലുകളുണ്ടാക്കി 25 കോടിയുടെ തട്ടിപ്പുനടത്തിയ മലപ്പുറം സ്വദേശിയെ തൃശ്ശൂര്‍ ജി.എസ്.ടി. ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാള്‍ അയിലക്കാട് കൊളങ്ങരയില്‍ വീട്ടില്‍ ബനീഷാണ്(43) അറസ്റ്റിലായത്. കേരളത്തില്‍ സ്റ്റേറ്റ് ജി.എസ്.ടി. വകുപ്പ് നടത്തുന്ന മൂന്നാമത്തെ അറസ്റ്റും തൃശ്ശൂരിലെ ആദ്യത്തേതുമാണ്.

To advertise here,

നവംബര്‍ 24-ന് തൃശ്ശൂരിലെ പഴഞ്ഞിയില്‍ ജി.എസ്.ടി. വകുപ്പ് നടത്തിയ പരിശോധനയില്‍ 22 കോടിയുടെ അടയ്ക്കാ ഇടപാട് തട്ടിപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പരിശോധന വ്യാപകമാക്കിയത്. ബനീഷും സംഘവും ചേര്‍ന്ന് 500 കോടിയുടെ വ്യാജ ബില്ലാണ് ഉണ്ടാക്കിയത്. ഇതുവഴി 25 കോടിയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ജി.എസ്.ടി. െഎ.ബി. വിഭാഗം ഇന്റലിജന്‍സ് ഓഫീസര്‍ ജ്യോതിലക്ഷ്മി പറഞ്ഞു.

തട്ടിപ്പുകണ്ണിയില്‍ ഇനിയും ആള്‍ക്കാരുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും ജി.എസ്.ടി. അധികൃതര്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ കഴിഞ്ഞമാസം തട്ടിപ്പുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. എറണാകുളം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡെപ്യൂട്ടി കമ്മിഷണര്‍ ജോണ്‍സണ്‍ ചാക്കോ, സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ ഫ്രാന്‍സിസ്, ഗോപന്‍, ഉല്ലാസ്, അഞ്ജന, ഷീല, ഷക്കീല, മെറീന തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.