നെടുങ്കണ്ടം (ഇടുക്കി): ശാന്തൻപാറയ്ക്കുസമീപം രാജാപ്പാറയിലുള്ള റിസോർട്ടിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വ്യവസായി നിശാപാർട്ടിയും ബെല്ലി ഡാൻസും മദ്യസത്‌കാരവും സംഘടിപ്പിച്ച സംഭവത്തിൽ ആറു പേരെ അറസ്റ്റുചെയ്തു. റിസോർട്ടിന്റെ ലൈസൻസ് റദ്ദാക്കാൻ ശാന്തൻപാറ പഞ്ചായത്ത് നടപടി തുടങ്ങി.
ക്രഷർ മാനേജർ കോതമംഗലം മാലിപ്ര തവരക്കാട്ട് ബേസിൽ ജോസ്, റിസോർട്ട് മാനേജർ കാന്തിപ്പാറ ചെമ്മണ്ണാർ കള്ളിയാനിയിൽ സോജി ഫ്രാൻസിസ്, വെച്ചൂച്ചിറ മണ്ണടിശാല തോപ്പിൽ മനുകൃഷ്ണ, ഉടുമ്പൻചോല പള്ളിക്കുന്ന് ബാബുമാധവൻ, ശാന്തമ്പാറ രാജാപ്പാറ കുട്ടപ്പായി, ശാന്തമ്പാറ കള്ളിപ്പാറ ഇല്ലംവീട്ടിൽ എം.എം. രാജ് എന്നിവരെയാണ് ശാന്തമ്പാറ പോലീസ് അറസ്റ്റുചെയ്തത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു. ക്രഷർ ഉടമ തണ്ണിക്കോട്ട് റോയി കുര്യൻ അടക്കം നാൽപ്പത്തിയെട്ട് പേർക്കെതിരേ ശാന്തമ്പാറ പോലീസ് കേസെടുത്തിട്ടുണ്ട്.
ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിക്കുന്നെന്ന് പറയുന്ന ക്രഷറിന് ഉടുമ്പൻചോല പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അനിയന്ത്രിതമായ പാറഖനനത്തെത്തുടർന്ന് റവന്യൂവകുപ്പും മൈനിങ് ആൻഡ് ജിയോളജി വകുപ്പും ചേർന്ന് പ്രവർത്തനം തടഞ്ഞ വിവാദ പാറമടയാണ് തണ്ണിക്കോട്ട് ഗ്രൂപ്പ് ക്രഷർ ആരംഭിക്കാനായി വാടകയ്ക്കെടുത്തത്. ക്രഷർ ആരംഭിക്കുന്നതിന് റവന്യൂ വകുപ്പിന്റെയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയും നിരാക്ഷേപപത്രം പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല. പ്രവർത്തനാനുമതിതേടി വ്യവസായഗ്രൂപ്പ് പഞ്ചായത്തിൽ അപേക്ഷപോലും സമർപ്പിച്ചിട്ടില്ലെന്നും സെക്രട്ടറി പി.വി. ബിജു അറിയിച്ചു.
അപകീർത്തിപ്പെടുത്താനുള്ള ശ്രമം ആസൂത്രിതമെന്ന്
ചതുരംഗപ്പാറയിൽ പുതുതായി ആരംഭിച്ചിട്ടുള്ള മെറ്റൽ ക്രഷറുമായി ബന്ധപ്പെട്ട് മന്ത്രി എം.എം. മണിക്കെതിരേയും ഉടുമ്പൻചോല പഞ്ചായത്ത് ഭരണസമിതിക്കെതിരേയുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം. ജില്ലാസെക്രട്ടറി കെ.കെ. ജയചന്ദ്രൻ.
നിർമാണസാമഗ്രികൾക്ക് ഒട്ടേറെ ദൗർലഭ്യം നേരിടുന്ന ഹൈറേഞ്ച് മേഖലയിൽ തമിഴ്നാട് കമ്പം മേഖലയിൽനിന്ന് കല്ല് കൊണ്ടുവന്ന് പൊട്ടിച്ചുകൊടുക്കുന്ന ഒരു സംരംഭം എന്നനിലയിൽ ഇതിനെ തങ്ങൾ നിരുത്സാഹപ്പെടുത്തിയിട്ടില്ല. ഇതിന്റെ ഉദ്ഘാടനം നടന്നത് ജൂൺ 28-ന് ഉച്ചയ്ക്ക് 12-ന് ചതുരംഗപ്പാറയിലുള്ള ക്രഷർ യൂണിറ്റിൽവെച്ചാണ്. മെറ്റൽ ക്രഷറിന്റെ വെഞ്ചെരിപ്പു കർമം നിർവഹിച്ചത് എബ്രഹാം മാർ സേവേറിയോസ് മെത്രാപ്പൊലീത്തയാണ്. വീഡിയോ സന്ദേശത്തിലൂടെ തിരുവനന്തപുരത്തെ തന്റെ വസതിയിലിരുന്ന് സന്ദേശം നൽകുക മാത്രമാണ് എം.എം. മണി ചെയ്തത് -ജയചന്ദ്രൻ പറഞ്ഞു.
ഒരുകോടി വാങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതം -പഞ്ചായത്ത് ഭരണസമിതി
ക്രഷറിന്റെ ഉദ്ഘാടനത്തിന് ഉടുമ്പൻചോല പഞ്ചായത്ത് ഒരു കോടി രൂപ കൈപ്പറ്റിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ഉടുമ്പൻചോല പഞ്ചായത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉദ്ഘാടനച്ചടങ്ങിൽ ഒരു കോടി രൂപയുടെ ചെക്ക് തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യൻ കൈമാറുമെന്നായിരുന്നു പരസ്യം. എന്നാൽ, ഇത്തരത്തിൽ ചെക്ക് നൽകുന്നകാര്യം സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്നാണ് വാദം. പഞ്ചായത്ത് പ്രസിഡന്റ് ശശികലാ മുരുകേശന്റെ ഫോട്ടോ പരസ്യത്തിൽ ഉപയോഗിച്ചതും അനുമതി വാങ്ങിയിട്ടല്ലെന്നും ഭരണസമിതിയംഗങ്ങൾ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിശാപാർട്ടി സംഘടിപ്പിച്ചതിന് തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യന്റെപേരിൽ ശാന്തൻപാറ പോലീസ് കേസെടുത്തിട്ടുണ്ട്.
പാർട്ടിയിൽ പങ്കെടുത്തവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ശാന്തൻപാറ സി.ഐ. കെ.എസ്. ജയൻ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ പാർട്ടിയിൽ പങ്കെടുത്ത 47 പേർക്കെതിരേ കോവിഡ് നിർദേശങ്ങൾ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. റിസോർട്ടിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചിട്ടില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
Content Highlights:dj party and belly dance in a resort in idukki six arrested
Published: 07 Jul 2020, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented