ജയ്പുര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് വീപ്പയ്ക്കുള്ളിലാക്കിയ സംഭവത്തില്‍ നിര്‍ണായകമായി എട്ടുവയസ്സുള്ള മകന്റെ സാക്ഷിമൊഴി. ആല്‍വാറിലെ കിഷന്‍ഘട്ട് ബാസില്‍ കൊല്ലപ്പെട്ട യുപി സ്വദേശി ഹന്‍സ്‌റാമിന്റെ എട്ടുവയസ്സുള്ള മകന്‍ നല്‍കിയ സാക്ഷിമൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. 

To advertise here,

അച്ഛനെ വീപ്പയ്ക്കുള്ളിലാക്കുന്നത് താന്‍ കണ്ടെന്നായിരുന്നു എട്ടുവയസ്സുകാരന്‍ പോലീസിനോട് വെളിപ്പെടുത്തിയത്. കൊലപാതകത്തിന് മുന്‍പും ശേഷവും വീട്ടില്‍ നടന്നകാര്യങ്ങളും കുട്ടി പോലീസിനോട് വിവരിച്ചു. ഇതോടെയാണ് ഹന്‍സ്‌റാമിന്റെ ഭാര്യ സുനിത, കാമുകന്‍ ജിതേന്ദ്ര എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. 

അച്ഛനും അമ്മയും അങ്കിളും (ജിതേന്ദ്ര) ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായും ഇതിനുശേഷം ഇവര്‍ക്കിടയില്‍ വഴക്കുണ്ടായെന്നുമാണ് എട്ടുവയസ്സുകാരന്റെ മൊഴി. ''അച്ഛനും അമ്മയും അങ്കിളും ഒരുമിച്ച് മദ്യപിച്ചിരുന്നു. അമ്മ കുറച്ച് മദ്യമേ കഴിച്ചിരുന്നുള്ളൂ. പക്ഷേ, അങ്കിള്‍ ധാരാളം കുടിച്ചു. അച്ഛനും കുറേ കുടിച്ചു. ശേഷം അച്ഛന്‍ അമ്മയെ മര്‍ദിക്കാന്‍ തുടങ്ങി. ഇതോടെ അങ്കിള്‍ തടയാന്‍ ശ്രമിച്ചു. പക്ഷേ, അമ്മയെ രക്ഷിക്കാന്‍ നിങ്ങളെയും കൊല്ലുമെന്നാണ് അച്ഛന്‍ അങ്കിളിനോട് പറഞ്ഞത്. അതോടെ അങ്കിള്‍ അച്ഛനെ അടിച്ചു. ഇതിനുശേഷം അമ്മ എന്നോട് പോയി കിടന്നുറങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഞാന്‍ ഉറക്കമുണര്‍ന്നപ്പോള്‍ അച്ഛന്‍ കട്ടിലില്‍ കിടക്കുന്നത് കണ്ടിരുന്നു. വീണ്ടും ഞാന്‍ ഉറങ്ങിപ്പോയി. ഇതിനുശേഷം ഉറക്കമുണര്‍ന്നപ്പോള്‍ അങ്കിളിനെയും അമ്മയെയും കണ്ടു. വീട്ടുടമസ്ഥന്‍ എന്‍റെ അച്ഛനെ അന്വേഷിക്കുന്നതിനാല്‍ പോലീസ് സ്‌റ്റേഷനില്‍ പോകേണ്ടിവരുമെന്ന് പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അങ്കിളാണ് ഞങ്ങളെ ഇഷ്ടികകളത്തിലേക്ക് കൊണ്ടുപോയത്. പക്ഷേ, ഇഷ്ടിക കമ്പനിയുടെ ഉടമ പോലീസുകാരെ വിളിക്കുകയായിരുന്നു'', എട്ടുവയസ്സുകാരന്‍ വെളിപ്പെടുത്തി. 

പ്രതികള്‍ മൃതദേഹം ഒളിപ്പിച്ച വീപ്പ വെള്ളംനിറയ്ക്കാനാണ് വീട്ടില്‍ ഉപയോഗിച്ചിരുന്നതെന്നും കുട്ടി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ''അവര്‍ വീപ്പയിലെ വെള്ളം ഒഴിച്ചുകളഞ്ഞ് പപ്പയുടെ മൃതദേഹം വീപ്പയിലാക്കി അത് അടുക്കളയില്‍ കൊണ്ടുവെച്ചു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴാണ് പപ്പ മരിച്ചുപോയെന്ന് അവര്‍ പറഞ്ഞത്. അച്ഛന്‍ അമ്മയെ ഇടയ്ക്കിടെ മര്‍ദിക്കാറുണ്ടായിരുന്നു. സിഗരറ്റ് ഉപയോഗിച്ച് അമ്മയെ പൊള്ളലേല്‍പ്പിക്കുകയുംചെയ്തിരുന്നു. എന്നെയും അച്ഛന്‍ അടിച്ചിരുന്നു. ബ്ലേഡ് ഉപയോഗിച്ച് എന്റെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയുംചെയ്തു'', കുട്ടി പറഞ്ഞു. 

ഭാര്യ സുനിതയും കാമുകനായ ജിതേന്ദ്രയും ചേര്‍ന്നാണ് ഹന്‍സ്റാമിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ച് അബോധാവസ്ഥയിലായ യുവാവിനെ പ്രതികള്‍ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജന്മാഷ്ടമി ദിനമായ ഞായറാഴ്ചയാണ് കൃത്യം നടന്നതെന്നും കൊലപ്പെടുത്തിയശേഷം പ്രതികള്‍ മൃതദേഹം ഉപ്പുനിറച്ച വീപ്പയ്ക്കുള്ളിലാക്കി വീടിന്റെ മുകളില്‍ ഒളിപ്പിച്ചെന്നുമാണ് പോലീസ് പറയുന്നത്. 

ദമ്പതിമാരുടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതില്‍ അയല്‍ക്കാര്‍ക്ക് തോന്നിയ സംശയവും ദമ്പതിമാരുടെ മക്കള്‍ നല്‍കിയ മൊഴികളുമാണ് അരുംകൊല പുറത്തറിയാന്‍ കാരണമായത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കഴുത്തറത്ത് വീപ്പയ്ക്കുള്ളില്‍ ഒളിപ്പിച്ചനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം അഴുകാനായി വീപ്പയ്ക്കുള്ളില്‍ ഉപ്പും നിറച്ചിരുന്നു. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്നും പോലീസ് പറഞ്ഞു. 

കൊല്ലപ്പെട്ട ഹന്‍സ്റാം മിഥിലേഷ് എന്ന സ്ത്രീയുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടുടമയായ മിഥിലേഷിന്റെ മകനാണ് കേസിലെ രണ്ടാംപ്രതിയായ ജിതേന്ദ്ര. ഒന്നരമാസം മുന്‍പാണ് ഹന്‍സ്റാമും ഭാര്യ സുനിതയും മൂന്നുമക്കളും മിഥിലേഷിന്റെ വാടകവീട്ടില്‍ താമസം ആരംഭിച്ചത്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുനിതയും ജിതേന്ദ്രയും അടുപ്പത്തിലാവുകയായിരുന്നു. 

ജിതേന്ദ്രയുടെ ഭാര്യ 12 വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഇതിനുശേഷം ഒറ്റയ്ക്കായിരുന്നു ഇയാളുടെ ജീവിതം. ഇതിനിടെയാണ് വീട്ടില്‍ വാടകയ്ക്ക് താമസത്തിനെത്തിയ സുനിതയുമായി അടുപ്പത്തിലായത്. ഹന്‍സ്റാമുമായും ഇയാള്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. ആദ്യം ഹന്‍സ്റാമുമായി സുഹൃത്ത്ബന്ധം സ്ഥാപിച്ചശേഷമാണ് ഇയാള്‍ സുനിതയുമായി അടുത്തത്. ഹന്‍സ്റാമും ഭാര്യയും ജിതേന്ദ്രയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതും പതിവായി. ഇവര്‍ സ്ഥിരമായി ഒരുമിച്ച് മദ്യപിക്കാറുമുണ്ടായിരുന്നു. ബന്ധം വളര്‍ന്നതോടെ സുനിതയും ജിതേന്ദ്രയും ഒരുമിച്ച് റീല്‍സ് ചിത്രീകരിക്കുന്നതും ചിത്രങ്ങളെടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും പതിവാക്കി. ഇതോടെ ഹന്‍സ്റാം ബന്ധത്തെ വിലക്കി. തുടര്‍ന്നാണ് ഒരുമിച്ച് ജീവിക്കാനായി ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ സുനിതയും കാമുകനും തീരുമാനമെടുത്തത്. ഇതിനായി ദിവസങ്ങള്‍ക്ക് മുന്‍പേ പ്രതികള്‍ ആസൂത്രണവും ആരംഭിച്ചു. 

അയല്‍ക്കാരെല്ലാം ക്ഷേത്രത്തില്‍ പോകുമെന്നതിനാല്‍ ജന്മാഷ്ടമി ദിവസമാണ് പ്രതികള്‍ കൃത്യം നടത്താനായി തിരഞ്ഞെടുത്തത്. മൃതദേഹം ഒളിപ്പിക്കാനുള്ള വീപ്പ ഒരാഴ്ച മുന്‍പുതന്നെ സുനിത വീട്ടുടമയില്‍നിന്ന് വാങ്ങിയിരുന്നു. വെള്ളംനിറച്ച് വെയ്ക്കാനാണെന്ന് പറഞ്ഞാണ് വീപ്പ കടംവാങ്ങിയിരുന്നത്. തുടര്‍ന്ന് സമീപത്തൊന്നും ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. പിന്നീട് മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി വീടിന് മുകളില്‍ ഒളിപ്പിക്കുകയായിരുന്നു.