
ബെംഗളൂരു: നഗരത്തിലെ ലഹരിപ്പാർട്ടികളിലേക്ക് വിദേശത്തുനിന്ന് മയക്കുരുന്ന് ഒഴുകിയതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രമുഖ നടികളെ കൂട്ടുപിടിച്ചാണ് ലഹരിമാഫിയകൾ നഗരത്തെ ലഹരി കേന്ദ്രമാക്കിയത്.
മുംബൈ, ഡൽഹി കേന്ദ്രീകരിച്ചുള്ള ഇവന്റ് മാനേജർമാർ നഗരത്തിലെത്തിയാണ് ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാൻ സമൂഹത്തിലെ ഉന്നതരുടെ മക്കളെയും ഇത്തരം പാർട്ടികളിലേക്കെത്തിച്ചു. കന്നഡ സിനിമയിലെ മുൻനിര നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും മയക്കുമരുന്നു മാഫിയകളുടെ കെണിയിൽപ്പെട്ടതോടെ നിശാപാർട്ടികളുടെ എണ്ണം കൂടി. ഇതരസംസ്ഥാനങ്ങളിൽനിന്നുവരെ പാർട്ടികളിലേക്ക് ആളുകളെത്തിയെന്നാണ് കണ്ടെത്തൽ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ലഹരിമരുന്ന് എത്തിച്ചത് ബെംഗളൂരു കേന്ദ്രമാക്കിയാണെന്നാണ് കണ്ടെത്തൽ. ആദ്യകാലങ്ങളിൽ യുവതീയുവാക്കളെ ലക്ഷ്യംവെച്ച് നടന്ന പാർട്ടികളിൽ കഞ്ചാവ് ആയിരുന്നു കൂടുതൽ ഉപയോഗിച്ചിരുന്നത്. ഇന്ന് പാർട്ടികളിലെത്തുന്നവർക്ക് പ്രിയം കൊക്കെയ്നും എം.ഡി.എം.എ. ഗുളികകളുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊക്കെയിൻ ഒരു ഗ്രാമിന് 6000 രൂപ മുതൽ 12,000 രൂപവരെ വിലവരും.
ബെംഗളൂരുവിൽ മാത്രമല്ല കുടക് പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റിസോർട്ടുകളിലും ലഹരിപ്പാർട്ടികൾ നടന്നു. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന നയത്തിന്റെഭാഗമായി റെയ്ഡുകൾ കുറഞ്ഞു. ഇതും ലഹരി മാഫിയകൾ മുതലെടുക്കുകയായിരുന്നു. ലഹരിക്കേസുകളുടെ എണ്ണവും വർധിച്ചു. 2019-ൽ 286 കേസുകളായിരുന്നെങ്കിൽ 2020 ഓഗസ്റ്റായപ്പോഴേക്കും 786 ആയി.
ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കുന്ന ബിസിനസുകാരനും നിർമാതാവുമായ വിരൺ ഖന്നയുടെ പാർട്ടികളിലെ താരങ്ങളായിരുന്നു അറസ്റ്റിലായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയുമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
നാലര മണിക്കൂർ റെയ്ഡ്
ബെംഗളൂരു: ലഹരിമരുന്നുകേസിൽ നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ നടന്ന റെയ്ഡ് നാലര മണിക്കൂർ നീണ്ടു. രാവിലെ ആറരയ്ക്കാണ് ക്രൈംബ്രാഞ്ച് സംഘം ഇന്ദിര നഗറിലെ വീട്ടിലെത്തിയത്. സഞ്ജനയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ബെംഗളൂരുവിലെ ബിസിനസ് കാരനും സഞ്ജനയുടെ സുഹൃത്തുമായ രാഹുൽ ഷെട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. മൂന്ന് മൊബൈൽ ഫോൺ, ലാപ് ടോപ്പ്, ഹാർഡ് ഡിസ്ക്, എന്നിവ പിടിച്ചെടുത്തു. കുടുംബാംഗങ്ങളെയും ജീവനക്കാരെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യുന്നതിന് ഹാജരാകാമെന്ന് അറിയിച്ചതിനുശേഷം റെയ്ഡിന് എത്തിയതിനെ സഞ്ജന ആദ്യം ചോദ്യം ചെയ്തു. പ്രായമായ അമ്മയെ ബുദ്ധിമുട്ടിക്കരുതെന്നും പോലീസ് സ്റ്റേഷനിലേക്ക് പോകാമെന്നും പറഞ്ഞു.
കേസിൽ പ്രതിയാകുമെന്ന സൂചനയെത്തുടർന്ന് സഞ്ജന മുതിർന്ന അഭിഭാഷകരിൽ നിന്നും ഉപദേശം തേടിയിരുന്നെന്ന് പോലീസ് പറഞ്ഞു. റെയ്ഡ് നടക്കുന്നതിനിടയിൽ ഇവരുടെ അഭിഭാഷകനും വീട്ടിലെത്തിയിരുന്നു. സഞ്ജനയ്ക്കും കുടുംബാംഗങ്ങൾക്കും പ്രഭാത ഭക്ഷണം ഹോട്ടലിൽ നിന്നും പോലീസ് എത്തിച്ചിരുന്നു. ഇവരുമായി അടുപ്പമുണ്ടായിരുന്ന ഡോക്ടറെയും ചോദ്യം ചെയ്തു.
റെയ്ഡിൽ കണ്ടെടുത്തതിൽ പോലീസ് യൂണിഫോമും
ബെംഗളൂരു: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ പ്രൊഡക്ഷൻ കമ്പനി ഉടമ വിരൺ ഖന്നയുടെ വീട്ടിൽനിന്നു പോലീസ് യൂണിഫോം കണ്ടെത്തി. ശാന്തിനഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഒരു ജോഡി യൂണിഫോം കണ്ടെത്തിയത്.
ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു വിരൺ ഖന്ന പോലീസ് യൂണിഫോമിൽ യുവതികളോടാപ്പം നിൽക്കുന്ന ചിത്രം സാമൂഹികമാധ്യമത്തിൽ പ്രചരിച്ചിരുന്നു. വീട്ടിൽ നടത്തിയ റെയ്ഡിനോട് വിരൺ ഖന്ന സഹകരിച്ചെന്നും വീടിന്റെയും അലമാരകളുടെയും താക്കോൽ ഏൽപ്പിച്ചിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Content Highlights:bengaluru drug case actress sanjjanaa galrani
Published: 09 Sept 2020, 12:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented