ന്യൂഡല്‍ഹി: പട്ടാപ്പകല്‍ വയോധികയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയായ യുവാവ് പിടിയില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തൂപ്പുകാരനായ 30 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയോധികയെ ബലാത്സംഗം ചെയ്ത് ക്രൂരമായി ആക്രമിച്ച ശേഷം, മൊബൈല്‍ ഫോണും മോഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. 

To advertise here,

ഡല്‍ഹി തിലക് നഗറില്‍ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 65 വയസ്സുള്ള മകള്‍ക്കൊപ്പം താമസിച്ചിരുന്ന 87-കാരിയാണ് പട്ടാപ്പകല്‍ ബലാത്സംഗത്തിനിരയായത്. മകള്‍ പുറത്തുപോയ സമയത്താണ് പ്രതി വീട്ടിലെത്തിയത്.

വീട്ടില്‍ കയറിയ പ്രതിയോട് 87-കാരി കാര്യങ്ങള്‍ തിരക്കിയിരുന്നു. ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനാണെന്നും ഇവിടെ തകരാര്‍ പരിഹരിക്കാന്‍ വന്നതാണെന്നുമായിരുന്നു ഇയാളുടെ മറുപടി. പിന്നാലെയാണ് ഇയാള്‍ 87-കാരിയെ ബലാത്സംഗത്തിനിരയാക്കി മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞത്. പിന്നീട് മകള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് ചോരയൊലിച്ച് കിടക്കുന്നനിലയില്‍ അമ്മയെ കണ്ടത്. 

അതേസമയം, സംഭവത്തില്‍ പോലീസ് നടപടി വൈകിയെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. ആദ്യം പരാതി നല്‍കിയെങ്കിലും പോലീസ് പരാതി സ്വീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നും വയോധികയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പോലീസ് നിഷേധിച്ചു. 

മൊബൈല്‍ ഫോണ്‍ മോഷണം പോയതിനാണ് വയോധികയുടെ മകള്‍ ആദ്യം പരാതി നല്‍കിയതെന്നും ഈ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തെന്നുമാണ് പോലീസിന്റെ പ്രതികരണം. പിന്നീട് കഴിഞ്ഞദിവസമാണ് ബലാത്സംഗ പരാതി ലഭിച്ചതെന്നും ഇതോടെ എഫ്.ഐ.ആറില്‍ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തെന്നും പോലീസ് പറഞ്ഞു. ആക്രമണത്തിനിരയായ വയോധികയ്ക്ക് കൗണ്‍സിലിങ് അടക്കം എല്ലാസഹായങ്ങളും നല്‍കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. 

Content Highlights: 87 year old woman raped in delhi accused arrested by police