ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പട്ടാപ്പകല്‍ വയോധികയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് പരാതി. ഡല്‍ഹി തിലക് നഗറില്‍ താമസിക്കുന്ന 87-കാരിയാണ് ബലാത്സംഗത്തിനിരയായത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

To advertise here,

മകളോടൊപ്പമാണ് വയോധിക തിലക് നഗറിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഉച്ചയ്ക്ക് മകള്‍ പുറത്തുപോയ സമയത്താണ് ക്രൂരത നടന്നത്‌. അജ്ഞാതനായ ഒരാള്‍ ഉച്ചയ്ക്ക് 12.30-ഓടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും ബലാത്സംഗം ചെയ്‌തെന്നുമാണ് വയോധികയുടെ കുടുംബം പറയുന്നത്. 1.30-ഓടെ ഇയാള്‍ വീട്ടില്‍നിന്ന് കടന്നുകളഞ്ഞതായും ഇവര്‍ പറയുന്നു. 

പുറത്തുപോയ മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ചോരയൊലിച്ച് കിടക്കുന്നനിലയിലാണ് 87-കാരിയെ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നുവെന്നും പരാതിയിലുണ്ട്.

അതേസമയം, വീട്ടില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷണം പോയെന്ന് പറഞ്ഞാണ് മകള്‍ ആദ്യം പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഈ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അമ്മ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന് മകള്‍ ആരോപിച്ചത്. ഇതോടെ ബലാത്സംഗക്കുറ്റമടക്കം എഫ്.ഐ.ആറില്‍ കൂട്ടിച്ചേര്‍ത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ബലാത്സംഗത്തിനിരയായ വയോധികയ്ക്ക് കൗണ്‍സിലിങ് അടക്കം എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പോലീസ് അറിയിച്ചു. 

Content Highlights: 87 year old woman raped in delhi