അംരോഹ (യുപി): ഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച ആസിഡ് കുടിപ്പിച്ച യുവതിക്ക് ദാരുണാന്ത്യം. കലഖേദ ഗ്രാമത്തിലെ പര്‍വേസ് എന്നയാളുടെ ഭാര്യ ഗള്‍ഫിസ (23) ആണ് മരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഗള്‍ഫിസയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചു. പണമായി 10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ടായിരുന്നു പീഡനം. ഒരു വര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം.

To advertise here,

മരിച്ച യുവതിയുടെ പിതാവ് ഫുര്‍കാന്റെ പരാതിയില്‍ പര്‍വേസിന്റെയും ഇയാളുടെ മാതാപിതാക്കളുടെയുമടക്കം ഏഴു പേര്‍ക്കെതിരേ ബിഎന്‍എസിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. പര്‍വേസ്, അസിം, ഗുലിസ്ത, മോനിഷ്, സെയ്ഫ്, ഡോ. ഭുര, ബബ്ബു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

ഓഗസ്റ്റ് 11-നാണ് പ്രതികള്‍ ഗള്‍ഫിസയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗള്‍ഫിസ 17 ദിവസം ജീവനുവേണ്ടി പോരാടിയ ശേഷമാണ് മരിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം സ്ത്രീധന മരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ചേര്‍ത്ത ശേഷം എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മിഷ്ണര്‍ ശക്തി സിങ് പറഞ്ഞു.