ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ വ്യവസായിയായ ആർ. വീരമണി ഉൾപ്പെട്ട ബാലപീഡനക്കേസിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങളാണ് ദിവസം കഴിയുന്തോറും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. യുഎസിലെ എപ്‌സറ്റീൻ കേസിന് സമാനമാണ് വീരമണിയുടെ പ്രവർത്തികളും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് 84-കാരനായ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണിയെ പോലീസ് അറസ്റ്റുചെയ്തത്.

To advertise here,

ചെന്നൈയിലെ പോയസ് ഗാർഡനിലുള്ള ആഡംബര ബംഗ്ലാവിൽവെച്ചാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ദുരുപയോഗം ചെയ്തിരുന്നത്. നേരത്തെ തെളിവുകളുടെ അഭാവം പറഞ്ഞ് പോലീസ് അവസാനിപ്പിച്ച കേസ്, കോടതി ഇടപെടലിനെത്തുടർന്ന് നടത്തിയ പുനരന്വേഷണത്തിലൂടെയാണ് വീണ്ടും സജീവമായത്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്.

കേസിന്റെ കേന്ദ്രബിന്ദുവായ പെൻഡ്രൈവിലുണ്ടായിരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസിന് തെളിവായി സമർപ്പിച്ച ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളിൽ വീരമണി ഒരു പെൺകുട്ടിക്കൊപ്പമുള്ളതും, മറ്റൊരു സ്‌ക്രീൻഷോട്ടിൽ അയാൾ കിടക്കയിൽ മോശമായ സാഹചര്യത്തിലുള്ളതായുമാണ് കാണപ്പെടുന്നത്. തമിഴ്നാട് കോൺഗ്രസ് നേതാവ് എം.പി. രഞ്ജൻ കുമാറാണ് ഈ ദൃശ്യങ്ങൾ ആദ്യം പോലീസിന് കൈമാറിയത്.

ദൃശ്യങ്ങളിൽ വീരമണിയോട് സാദൃശ്യമുള്ളയാളെ കണ്ട് ഞെട്ടിയെന്നും തുടർന്നാണ് താൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചതെന്നുമാണ് രഞ്ജൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. ഇൻസ്‌പെക്ടർ മഹേഷ്, അന്നത്തെ ആന്റി വൈസ് സ്‌ക്വാഡ് അസിസ്റ്റന്റ് കമ്മീഷണർ യാസ്മിൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരോട് വീരമണിയെ ചോദ്യം ചെയ്യാനും ആരോപണങ്ങൾ അന്വേഷിക്കാനും താൻ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ, ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടിട്ടും ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് രഞ്ജൻ കുമാർ ആരോപിച്ചു. ദൃശ്യങ്ങൾക്ക് ക്ലാരിറ്റിയില്ലെന്ന് പറഞ്ഞ് വീഡിയോയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുകയായിരുന്നു അവർ. അന്നത്തെ ഡിഎംകെ സർക്കാരും കേസിന് വേണ്ട പ്രാധാന്യം നൽകിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. നിലവിൽ, മുൻപ് നടന്ന അന്വേഷണത്തിൽ പങ്കാളികളായിരുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചിട്ടുണ്ട്.

2026 ഓഗസ്റ്റ് 29-നാണ് കേസുമായി ബന്ധപ്പെട്ട് വീരമണിയെയും അദ്ദേഹത്തിന്റെ സഹായികളായ ശാന്തി, മഹേന്ദ്ര സിംഹൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിൽ വീരമണിയുടെ മറ്റ് സഹായികളുടെയും പങ്ക് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്.

കേസ് പുറത്തുകൊണ്ടുവന്ന പെൻഡ്രൈവ്

2025 ഒക്ടോബറിലാണ് ഈ കേസ് ആദ്യമായി പുറത്തുവരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് ഒരു എൻജിഒ വഴിയാണ് ചെന്നൈ പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസ് വീരമണിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഏകദേശം അഞ്ചുമാസത്തോളമാണ് പോലീസ് ഈ കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത്.

ശേഷം, മതിയായ തെളിവുകളുടെ അഭാവവും ദൃശ്യങ്ങളിൽ കാണുന്ന പെൺകുട്ടിയെ തിരിച്ചറിയാൻ കഴിയാത്തതും ചൂണ്ടിക്കാട്ടി കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. വീഡിയോ തെളിവുകളിലെ പോരായ്മകൾ, യഥാർത്ഥ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയാത്തത്, അയൽക്കാരുടെ മൊഴികളുടെ അഭാവം എന്നിവയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ച പ്രധാന തടസ്സങ്ങൾ.

എന്നാൽ, പ്രത്യേക പോക്സോ കോടതി ഈ ക്ലോഷർ റിപ്പോർട്ട് തള്ളുകയും കേസിൽ തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതാണ് കേസിൽ നിർണായക വഴിത്തിരിവായത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പീഡനം നടന്ന സ്ഥലം കണ്ടെത്തുകയും, ആഴ്ചകൾക്കുള്ളിൽ വീഡിയോയിൽ കാണുന്ന പെൺകുട്ടിയെയും മറ്റ് ഇരകളെയും കണ്ടെത്തുകയും ചെയ്തു.

കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തവരായിരുന്ന ഏഴിലധികം സ്ത്രീകളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇരകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വീരമണിയുടെ സഹായിയായി മാറിയ ശാന്തിയാണ് ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 12-നും 16-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ കണ്ടെത്തി നൽകിയിരുന്നതെന്ന് പോലീസ് ആരോപിക്കുന്നു.

പെൺകുട്ടികളെ തേനാംപേട്ടിലെ വാടകവീട്ടിലേക്കാണ് കൊണ്ടുപോയിരുന്നത്. ഈ വീട് അന്വേഷണത്തിലെ പ്രധാന സ്ഥലമായി ഉയർന്നുവന്നിട്ടുണ്ട്.  പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനായി വീരമണിയും മറ്റ് രണ്ടുപേരും ഈ വീട് ഉപയോഗിച്ചിരുന്നു. പ്രലോഭിപ്പിക്കുന്നതിനായി പെൺകുട്ടികൾക്ക് പണവും സമ്മാനങ്ങളും നൽകിയിരുന്നു.

മുൻ അന്വേഷണത്തെക്കുറിച്ചുള്ള അന്വേഷണം

ഇന്ത്യയിലെ ഗ്രാനൈറ്റ് വ്യവസായത്തിലെ പ്രമുഖ വ്യക്തിയായ വീരമണി, ജെം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ (GEM Group of Companies) ചെയർമാനാണ്. കുറ്റകൃത്യം ചെയ്യാൻ വീരമണി ഉപയോഗിച്ച ചെന്നൈയിലെ വാടക വീടും, പുതുക്കിയ അന്വേഷണത്തിനിടയിൽ ശേഖരിച്ച മറ്റ് തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധിച്ചുവരികയാണ്.

ആദ്യത്തെ കേസ് കൈകാര്യം ചെയ്ത രീതിയെക്കുറിച്ചും പുതിയ അന്വേഷണം സംഘം പരിശോധനകൾ നടത്തുന്നുണ്ട്. മുൻ അന്വേഷണത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷണത്തെ തടസ്സപ്പെടുത്താനോ ദുർബലപ്പെടുത്താനോ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കേസ് ഇല്ലാതാക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർക്കടക്കം വീരമണി 70 കോടിയോളം രൂപ നൽകിയിട്ടുണ്ടെന്നാണ് വിവരം.

വീരമണിക്കെതിരായ ആരോപണങ്ങൾ ഉയർന്നതോടെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിൽ വീഴ്ചകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹം പോലീസിന് നൽകിയിട്ടുള്ള നിർദേശം.