ന്യൂഡല്‍ഹി: ആരും അംഗീകരിക്കാത്ത രാജ്യത്തിന്റെ പേരില്‍ വ്യാജ എംബസി സ്ഥാപിച്ച് തട്ടിപ്പ് നടത്തിയ ഹര്‍ഷവര്‍ധന്‍ ജെയിനെതിരേ അന്വേഷണം വ്യാപിപ്പിച്ച് യുപി പോലീസ്. 300 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ 2022-ല്‍ ലണ്ടനില്‍ അറസ്റ്റിലായ അഹ്‌സാന്‍ അലി സയ്യിദുമായി ഇയാള്‍ക്കുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. 300 കോടിയുടെ തട്ടിപ്പില്‍ ഹര്‍ഷവര്‍ധന്‍ സിങ്ങിന് പങ്കുണ്ടോയെന്നതും ഇയാള്‍ 10 വര്‍ഷത്തിനിടെ നടത്തിയ 162 വിദേശയാത്രകളെക്കുറിച്ചുമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. 

To advertise here,

'വെസ്റ്റ്ആര്‍ക്ടിക' എന്ന രാജ്യത്തിന്റെ അംബാസഡര്‍ എന്ന പേരിലാണ് ഗാസിയാബാദിലെ രണ്ടുനിലവീട്ടില്‍ ഹര്‍ഷവര്‍ധന്‍ വ്യാജ എംബസി സ്ഥാപിച്ചിരുന്നത്. 2017 മുതല്‍ വ്യാജ എംബസി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. വിശ്വാസ്യതയ്ക്കായി എംബസിയുടെ പേരില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളും സമൂഹസദ്യ അടക്കമുള്ളവയും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. അതേസമയം, വിദേശത്ത് ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിലെയും ഹവാല ഇടപാടുകളിലെയും മുഖ്യകണ്ണിയാണ് ഹര്‍ഷവര്‍ധനെന്നാണ് പോലീസ് പറയുന്നത്. ജോലിത്തട്ടിപ്പിനും ഹവാല ഇടപാടിനുമുള്ള മറയായാണ് ഇയാള്‍ 'സ്വന്തം എംബസി' സ്ഥാപിച്ചതെന്നും പോലീസ് പറഞ്ഞു. 

നയതന്ത്ര നമ്പര്‍പ്ലേറ്റുകള്‍ പതിച്ച ആഡംബരകാറുകളിലായിരുന്നു ഇയാളുടെ യാത്ര. ഓഫീസിന് മുന്നിലും ഇത്തരത്തിലുള്ള ആഡംബരകാറുകള്‍ നിര്‍ത്തിയിട്ടിരുന്നു. ഇയാളുടെ ഓഫീസില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വ്യാജ നയതന്ത്ര പാസ്പോര്‍ട്ടുകള്‍, വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍, 34 രാജ്യങ്ങളുടെ സീലുകള്‍, വിദേശ കറന്‍സി, 18 വ്യാജ നയതന്ത്ര നമ്പര്‍പ്ലേറ്റുകള്‍ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. 44 ലക്ഷം രൂപ പണമായും പിടിച്ചെടുത്തിട്ടുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്നരീതിയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഓഫീസില്‍നിന്ന് കണ്ടെത്തി. 

വിവാദ ആള്‍ദൈവമായ ചന്ദ്രസ്വാമിയുമായി ഹര്‍ഷവര്‍ധന് ബന്ധമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 80-90 കാലഘട്ടത്തില്‍ രാഷ്ട്രീയനേതാക്കളിലടക്കം സ്വാധീനംചെലുത്തിയ ആത്മീയനേതാവായിരുന്നു ചന്ദ്രസ്വാമി. എന്നാല്‍, സാമ്പത്തികക്രമക്കേടിന്റെ പേരില്‍ 1996-ല്‍ ചന്ദ്രസ്വാമി അറസ്റ്റിലായി. രാജീവ്ഗാന്ധി വധത്തിന് സാമ്പത്തികസഹായം നല്‍കി എന്നതടക്കമുള്ള ആരോപണങ്ങളും ചന്ദ്രസ്വാമിക്കെതിരേ ഉയര്‍ന്നിരുന്നു. 

ചന്ദ്രസ്വാമി വഴിയാണ് ആയുധവ്യാപാരിയായ അദ്‌നാന്‍ ഖഷോഗിയുമായും തട്ടിപ്പുകാരനായ അഹ്‌സാന്‍ അലി സയ്യിദുമായും ഹര്‍ഷവര്‍ധന്‍ ബന്ധപ്പെട്ടിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഹൈദരാബാദില്‍ ജനിച്ച, പിന്നീട് തുര്‍ക്കി പൗരനായ ആളാണ് അഹ്‌സാന്‍ അലി സയ്യിദ്. ഇയാള്‍ക്കൊപ്പം ഏകദേശം 25 ഷെല്‍ കമ്പനികള്‍ നടത്തി കള്ളപ്പണം വെളുപ്പിക്കലിന് ഹര്‍ഷവര്‍ധനും കൂട്ടുനിന്നതായാണ് പോലീസ് പറയുന്നത്. ചന്ദ്രസ്വാമിക്കും അഹ്‌സാന്‍ അലി സയ്യിദിനും ഒപ്പമുള്ള ഹര്‍ഷവര്‍ധന്റെ ചിത്രങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 'വെസ്റ്റേണ്‍ അഡൈ്വസറി ഗ്രൂപ്പ്' എന്ന പേരില്‍ കമ്പനി സ്ഥാപിച്ച് 300 കോടി രൂപ തട്ടിയെടുത്താണ് അഹ്‌സാന്‍ അലി മുങ്ങിയത്. പണംതട്ടി സ്വിറ്റ്‌സര്‍ലാന്‍ഡില്‍നിന്ന് മുങ്ങിയ ഇയാള്‍ പിന്നീട് 2022-ല്‍ ലണ്ടനില്‍വെച്ചാണ് അറസ്റ്റിലായത്. ഈ തട്ടിപ്പില്‍ ഹര്‍ഷവര്‍ധനും പങ്കുണ്ടോയെന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

യുഎസ് നാവിക ഉദ്യോഗസ്ഥനായ ട്രാവിസ് മക്ഹെന്റി 2001-ല്‍ സ്ഥാപിക്കുകയും എന്നാല്‍, പരമാധികാര രാഷ്ട്രമായി ആരും അംഗീകരിക്കാത്തതുമായ 'മൈക്രോനേഷന്‍' ആണ് വെസ്റ്റ്ആര്‍ക്ടിക'. ഈ രാജ്യത്തിന്റെ അംബാസഡര്‍ എന്ന പേരിലാണ് ഹര്‍ഷവര്‍ധന്‍ ജെയിന്‍ ഗാസിയാബാദിലെ രണ്ടുനില വീട്ടില്‍ ഓഫീസ് സ്ഥാപിച്ചിരുന്നത്. വെസ്റ്റ്ആര്‍ക്ടികയുടേതെന്ന പേരില്‍ പതാകയും ഇന്ത്യയുടെ ദേശീയപതാകയും കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയിരുന്നു.

ട്രാവിസ് മക് ഹെന്റി 2001-ല്‍ 'വെസ്റ്റ്ആര്‍ക്ടിക' എന്ന പേരില്‍ രാജ്യം സ്ഥാപിച്ച് ഗ്രാന്‍ഡ് ഡ്യൂക്(ഭരണത്തലവന്‍) ആയി സ്വയം പ്രഖ്യാപിക്കുകയായിരുന്നു. അന്റാര്‍ട്ടിക്കയില്‍ സ്ഥിതിചെയ്യുന്ന 'വെസ്റ്റ്ആര്‍ക്ടിക' 620,000 ചതുരശ്ര മൈല്‍ വിസ്തീര്‍ണവും 2356 പൗരന്മാരുമുള്ള രാജ്യമാണെന്നാണ് അവകാശവാദം. എന്നാല്‍, ഇവരാരും അവിടെ താമസിക്കുന്നില്ല. 'അന്റാര്‍ട്ടിക ഉടമ്പടി'യിലെ പഴുത് ഉപയോഗിച്ചാണ് ട്രാവിസ് 'സ്വന്തം രാജ്യം' സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉടമ്പടിയില്‍ അന്റാര്‍ട്ടികയിലെ ചിലഭാഗങ്ങളില്‍ അവകാശമുന്നയിക്കുന്നതിന് രാജ്യങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സ്വകാര്യവ്യക്തികളെക്കുറിച്ച് ഉടമ്പടിയില്‍ പ്രതിപാദിക്കുന്നില്ല. ഈ പഴുത് ഉപയോഗിച്ചാണ് ട്രാവിസ് അന്റാര്‍ട്ടികയില്‍ സ്വന്തം രാജ്യം പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതിനിടെ, ഹര്‍ഷവര്‍ധന്റെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി വെസ്റ്റ്ആര്‍ക്ടിക അറിയിച്ചു. വെസ്റ്റ്ആര്‍ക്ടികയുടെ അംബാസഡര്‍ എന്ന പദവി ഒരിക്കലും ഇയാള്‍ക്ക് നല്‍കിയിട്ടില്ലെന്നും വെസ്റ്റ്ആര്‍ക്ടികയുടെ പേരില്‍ എംബസി സ്ഥാപിക്കാനും പാസ്‌പോര്‍ട്ട് ഉണ്ടാക്കാനും ഇയാള്‍ക്ക് അധികാരമില്ലെന്നും വെസ്റ്റ്ആര്‍ക്ടികയുടെ ഇന്ത്യയിലെ ഹോണററി കോണ്‍സുല്‍ എന്ന പദവി മാത്രമാണ് ഇയാള്‍ക്ക് നല്‍കിയിരുന്നതെന്നുമാണ് ഇവരുടെ വിശദീകരണം. ഇയാള്‍ വെസ്റ്റ്ആര്‍ക്ടികയുടെ പ്രോട്ടോക്കോള്‍ ലംഘിച്ചിരിക്കുകയാണെന്നും അതിനാല്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായും വെസ്റ്റ്ആര്‍ക്ടിക അറിയിച്ചു.