സുൽത്താൻബത്തേരി: വടക്കനാട് പള്ളിവയൽ ഊരിലെ ഗോത്രവയോധിക തങ്കിയെ കാണാതായ സംഭവത്തിൽ പോലീസ് മൊഴിയെടുത്തതിനു പിന്നാലെ കാണാതായ ഇവരുടെ കൊച്ചുമകനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിവയൽ ഊരിലെ രാജന്റെ മകൻ സുധീഷ്(മുരളി-27)നെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഊരിന് നാനൂറു മീറ്ററോളം അകലെയുള്ള കൊളിച്ചിപ്പാറ വനത്തിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽനിന്ന് രക്തംവാർന്ന പാടുകളുണ്ട്.

To advertise here,

ജൂലായ് 30-നാണ് തങ്കിയെ ഊരിൽനിന്ന് കാണാതായത്. വീട്ടിൽ തനിച്ചു താമസിച്ചിരുന്ന തങ്കി സമീപവീടുകളിൽ ചെറുജോലികൾക്ക് പോകാറുണ്ടായിരുന്നു. ഇവരെ കാണാതായതോടെ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഈമാസം എട്ടിന് പോലീസും വനംവകുപ്പും ജനപ്രതിനിധികളും നാട്ടുകാരുംചേർന്ന് പോലീസ് നായയെ എത്തിച്ച് സംയുക്തപരിശോധന നടത്തിയെങ്കിലും തങ്കിയെ കണ്ടെത്താനായില്ല. ഊരിൽത്തന്നെയുള്ള വീട്ടിലും തങ്കിയുടെ വീട്ടിലും സുധീഷ് ഇടയ്ക്ക് താമസിക്കാറുണ്ടായിരുന്നു. ഇതിനാൽ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് സുധീഷിന്റെ മൊഴിയെടുത്തിരുന്നു. വെള്ളിയാഴ്ച ഊരിന് കുറച്ചകലെയുള്ള സ്ഥലത്ത് വെൽഡിങ് ജോലിക്ക് പോയ സുധീഷിനെ പോലീസ് അവിടെയെത്തിയും മൊഴിയെടുത്തശേഷം തിരികെ ഇറക്കിവിട്ടതായി സൂചനയുണ്ട്. അന്ന് വൈകീട്ട് മുതലാണ് സുധീഷിനെ കാണാതായതെന്നാണു വിവരം.

കഴിഞ്ഞദിവസവും ഊരിൽ പോലീസ് എത്തിയപ്പോഴാണ് സുധീഷിനെ കാണാതായത് ശ്രദ്ധയിൽപ്പെടുന്നത്. ഞായറാഴ്ച പോലീസിൽ പരാതി നൽകാനിരിക്കേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് അഞ്ചരയോടെ ബത്തേരി തഹസിൽദാരുടെ സാന്നിധ്യത്തിലാണ് മൃതദേഹപരിശോധന നടത്തിയത്. തിങ്കളാഴ്ച ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.

അതേസമയം തങ്കിയുടെ തിരോധാനവും കൊച്ചുമകന്റെ മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നത് പോലീസ് അന്വേഷിച്ചുവരുകയാണ്. കാണാതായി 17 ദിവസം പിന്നിടുമ്പോഴും തങ്കി കാണാമറയത്തു തന്നെയാണ്. സുധീഷിന്റെ അച്ഛൻ: രാജൻ. അമ്മ: പരേതയായ നാരായണി. സഹോദരങ്ങൾ: രതീഷ്, രമേശൻ.