കോഴിക്കോട്: വയനാട് സ്വദേശി ഹേമചന്ദ്രനെ (54) തമിഴ്‌നാട്ടിലെ ചേരമ്പാടി വനത്തിൽ കൊന്ന് കുഴിച്ചിട്ട കേസിലെ മുഖ്യപ്രതിയായ യുവതി അറസ്റ്റിൽ. കണ്ണൂർ ഉളിക്കൽ സ്വദേശിനിയായ ലീബയാണ് കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായത്.

To advertise here,

കേസിലെ ഒന്നാം പ്രതി സുൽത്താൻബത്തേരി പഴുപ്പത്തൂർ സ്വദേശി പുല്ലമ്പി വീട്ടിൽ നൗഷാദ് (33) ഉൾപ്പെടെ അഞ്ചുപേർ നേരത്തെ പിടിയിലായിരുന്നു. എന്നാൽ, പ്രതിയായ ലീബ അപ്പോഴേക്കും വിദേശത്തേക്ക് കടന്നുകളഞ്ഞു. ഇവർക്കായി ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിരുന്നു. വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തിൽവെച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ലീബയെ പിടികൂടിയത്. പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കുന്ദമംഗലം കോടതിയിൽ ഹാജരാക്കും.

2024 മാർച്ച് 20-ന് കോഴിക്കോട്ടുനിന്ന് കാണാതായ ബത്തേരി പൂമല സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം 2025 ജൂൺ 28-നാണ് തമിഴ്നാട് നീലഗിരിയിലെ ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള മായനാട് നടപ്പാലത്തുള്ള വാടകവീട്ടിൽനിന്ന് ടൗണിലേക്കാണെന്നു പറഞ്ഞ് പോയ ഹേമചന്ദ്രനെ കാണാനില്ലെന്ന് 2024 ഏപ്രിൽ ഒന്നിന് ഭാര്യ എൻ.എം. സുഭിഷ മെഡിക്കൽ കോളേജ് പോലീസിൽ പരാതിനൽകിയിരുന്നു. തുടർന്നുള്ള അന്വേഷണമാണ് നാടകീയസംഭവവികാസങ്ങൾക്കുശേഷം കൊലപാതകമാണെന്ന സൂചനയിലേയ്‌ക്കെത്തിയത്.

റിയൽ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി കമ്പനി, റെന്റ് എ കാർ തുടങ്ങിയ ഇടപാടുകൾ നടത്തിവന്ന ഹേമചന്ദ്രൻ 20 ലക്ഷത്തോളം രൂപ പലർക്കും നൽകാനുണ്ടായിരുന്നു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് പ്രതികൾ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് പോലീസ് കണ്ടെത്തൽ. കണ്ണൂർ സ്വദേശിയായ ലീബയെ ഉപയോഗിച്ചാണ് ഹേമചന്ദ്രനെ പ്രതികൾ വിളിച്ചുവരുത്തിയത്. ഈ സ്ത്രീ ഹേമചന്ദ്രനുമായി നേരത്തേ പരിചയം സ്ഥാപിച്ചിരുന്നു.