കോഴിക്കോട്: ഒന്നരവർഷംമുൻപ്‌ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഹേമചന്ദ്രന്റെ ഫോണുകൾ അന്വേഷണസംഘം മൈസൂരുവിൽ കണ്ടെത്തി. പ്രതി അജേഷുമായി നടത്തിയ തെളിവെടുപ്പിനിടയിലാണ് സാന്ദ്രപുരിയിലെ ഒരു പാറക്കെട്ടിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് ഫോണുകൾ കണ്ടെത്തിയത്.

To advertise here,

രണ്ടുഫോണുകളും ഓഫാക്കിയനിലയിലായിരുന്നു. കൊലപാതകത്തിനുശേഷം ഫോൺ പ്രതികൾ ഗുണ്ടൽപേട്ടിൽ എത്തിച്ച് സ്വിച്ച് ഓൺ ആക്കി. ഹേമചന്ദ്രൻ കർണാടകയിലുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി. ഇതിലേക്ക് ഒരിക്കൽ കോൾ കണക്ടായപ്പോൾ ഹേമചന്ദ്രന്റെ മകൾക്കുണ്ടായ സംശയമാണ് കേസിൽ വഴിത്തിരിവായത്.

2024 മാർച്ചിലാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കള്ളപ്പണ ഇടപാടുകളും വാഹനമോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിനു പിന്നിലുണ്ടെന്നാണ് പോലീസിന്റെ അനുമാനം.

മൃതദേഹം കത്തിക്കാനും ശ്രമിച്ചു
ഹേമചന്ദ്രന്റെ മൃതദേഹം വനമേഖലയിൽ കുഴിച്ചുമൂടുന്നതിനുമുൻപ് കത്തിക്കാനും പ്രതികൾ ശ്രമിച്ചതായി മൊഴി. കസ്റ്റഡിയിലുള്ള രണ്ടു പ്രതികളെ ചോദ്യംചെയ്തതിൽനിന്നാണ് ഈ വിവരം ലഭിച്ചത്. പ്രതികൾ മൃതദേഹത്തിൽ പഞ്ചസാരവിതറി. തീ ആളിപ്പടർന്നതോടെ ആരെങ്കിലും കാണുമെന്നുകരുതി ഉടൻതന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നത്രെ.

പ്രതികളുടെ കസ്റ്റഡി ചൊവ്വാഴ്ച അവസാനിക്കും. സൗദിയിലുള്ള നൗഷാദിനെ അടുത്തദിവസംതന്നെ നാട്ടിലെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.