
കൊച്ചി: വാളയാര്‍ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റാണ് കൊച്ചി സി.ബി.ഐ. കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്‍കിയത്. വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്ത ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സി.ബി.ഐ അന്വേഷണത്തിലെ കണ്ടെത്തല്‍. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതുമറച്ചുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെയാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സി.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വാളയാറിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തല്‍. കേസില്‍ നേരത്തെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തിരുന്നു. എന്നാല്‍, കോടതി നിര്‍ദേശപ്രകാരം തുടരന്വേഷണം നടത്തി. ഈ അന്വേഷണത്തിനൊടുവിലാണ് കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2017 ജനുവരി13, മാര്‍ച്ച് നാല് തീയതികളിലായാണ് വാളയാറിലെ 13, 9 വയസ്സുള്ള സഹോദരിമാരെ ഒറ്റമുറി ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Content Highlights: walayar case: cbi submitted charge sheet against girl's parents
Published: 09 Jan 2025, 03:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented