ന്യൂഡൽഹി: വ്യാജ യു.എസ്. പ്രതിരോധക്കരാറിന്റെപേരിൽ മലയാളികളിൽനിന്നുൾപ്പെടെ നൂറുകണക്കിനുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശി വെങ്കിട വെങ്കട് നിക്ഷേപകരുടെ വിശ്വാസം പിടിച്ചുപറ്റാനായി പയറ്റിയത് വിവിധതന്ത്രങ്ങൾ.

To advertise here,

തട്ടിപ്പുനടത്തിയ വി.പി.വി.വി. ടെക്‌നോ കൺസ്ട്രക്‌ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചെയർമാനാണ് ഇയാൾ. ചെയർമാന് ഐ.ടി., ഊർജം, പ്രതിരോധം എന്നീ മേഖലകളിൽ 34 വർഷത്തെ പരിചയമുണ്ടെന്നും രാജ്യത്തെ പ്രധാന കോർപ്പറേറ്റ് വ്യവസായസ്ഥാപനങ്ങളിൽ മാനേജ്‌മെന്റ് തലത്തിൽ ദീർഘകാലം പ്രവർത്തിച്ചതായും സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നു. റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയതുമായ ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചെന്ന വ്യാജ അവകാശവാദവുമുണ്ട്.

കേരളത്തിനുപുറത്ത് നാഗ്പുർ, ഡൽഹി എന്നിവിടങ്ങളിലും ഒട്ടേറെപ്പേർ തട്ടിപ്പിനിരയായിട്ടുണ്ട്. കമ്പനികാര്യ മന്ത്രാലയത്തിന്റെ രേഖകൾപ്രകാരം 2023-24 വർഷം കമ്പനിയുടെ മൊത്തം ആസ്തി 9.72 ലക്ഷം രൂപമാത്രമാണ്. അപ്പോഴാണ് നൂറുകണക്കിനു കോടിയുടെ കരാറുകളുണ്ടെന്ന് അവകാശവാദം.

ഡൽഹിയിലെ സംരംഭകനും സാമൂഹികപ്രവർത്തകനുമായ സഞ്ജീവ് റാവു ഇതുമായി ബന്ധപ്പെട്ട തന്റെ അനുഭവം പങ്കുവെച്ചു. ഒരു സുഹൃത്ത് വഴിയാണ് വെങ്കിട വെങ്കടിനെ കണ്ടത്. ഡൽഹിയിലെ വസന്ത് വിഹാറിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വി.പി.വി.വി. ടെക്‌നോ കൺസ്ട്രക്‌ഷൻ വാടകയ്ക്ക് എടുത്ത ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. യു.എസ്. പ്രതിരോധ സംരംഭങ്ങളുമായി ബന്ധപ്പെട്ട് നിർമാണമേഖലയിൽ വൈദ്യുതി, സൗരോർജപദ്ധതികൾക്കായി 500 കോടി രൂപയുടെ പദ്ധതിയുടെ കരാർ യു.എസിൽനിന്ന് ഉടൻ ലഭിക്കുമെന്നും ആ കരാർ നൽകാമെന്നും പറഞ്ഞു. ടോക്കൺ തുകയായി 1.08 ലക്ഷം രൂപ അപ്പോൾ നൽകാമെന്നു സമ്മതിച്ചു. സമീപത്തുള്ള വെങ്കിട വെങ്കടിന്റെ താമസസ്ഥലത്ത് കൊണ്ടുപോയി പ്രാഥമിക കരാർ കൈമാറി. എന്നാൽ, ഇവർ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങളോ, കൃത്യമായ ടെൻഡറോ നൽകാത്തത് സംശയത്തിന് ഇടയാക്കി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്തോ-യു.എസ്. പസഫിക് പീസ് ട്രീറ്റി എന്നൊരു കരാർ നിലവിലില്ലെന്ന് മനസ്സിലാക്കി. തുടർന്ന് തുക തിരിച്ചാവശ്യപ്പെട്ടു. വളരെക്കാലത്തിനുശേഷമാണ് പണം തിരികെക്കിട്ടിയത്. ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കിയതിെനത്തുടർന്ന് ഭാവിനിക്ഷേപകർക്ക് ഒരു മുന്നറിയിപ്പ് നൽകാൻ ഇക്കാര്യം ട്വീറ്റ് ചെയ്തു. ഇതുകണ്ട് കേരളത്തിൽ തട്ടിപ്പിനിരയായവരുൾപ്പെടെ സഞ്ജീവ് റാവുവിനെ ബന്ധപ്പെടുകയായിരുന്നു.

തുടർന്ന് ഇദ്ദേഹം വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് മറുപടിയായി ഇന്തോ-യു.എസ്. പസഫിക് പീസ് ട്രീറ്റി എന്ന രീതിയിൽ യു.എസും ഇന്ത്യയും വി.പി.വി.വി. ടെക്‌നോ കൺസ്ട്രക്‌ഷനും തമ്മിൽ ഒരു കരാറും നിലവിലില്ലെന്ന് വാഷിങ്ടണിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയവും വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കി. അതിനിടെ, യു.എസിൽ നയതന്ത്രതലത്തിൽ ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ഡോക്ടർ സാബ് എന്നയാളാണ് ഈ തട്ടിപ്പിന്റെ പ്രധാന സൂത്രധാരൻ എന്നാണ് ആരോപിക്കപ്പെടുന്നത്. ഇയാളുടെ യഥാർഥ പേരോ മേൽവിലാസമോ ഇപ്പോഴും അറിയില്ല.