തലശ്ശേരി: പാനൂര്‍ വള്ള്യായിലെ കണ്ണച്ചന്‍കണ്ടി വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കഴുത്തറത്തു കൊലപ്പെടുത്തിയ കേസില്‍ വിസ്തരിച്ചത് വിഷ്ണുപ്രിയയുടെ സഹോദരിമാര്‍, സുഹൃത്ത് വിപിന്‍രാജ് എന്നിവര്‍ ഉള്‍പ്പെടെ 49 സാക്ഷികളെ. ശിക്ഷാവിധിയെക്കുറിച്ചുള്ള വാദത്തില്‍ പ്രതിക്ക് വധശിക്ഷനല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍ വാദിച്ചു. വധശിക്ഷ വിധിക്കുന്നതിനെ പ്രതിഭാഗം എതിര്‍ത്തു.

To advertise here,

കുറ്റക്കാരനെന്നു കണ്ടെത്തിയശേഷം പ്രതിയോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ നിരപരാധിയാണ്, ഒന്നും ചെയ്തില്ലെന്നായിരുന്നു മറുപടി. മറുപടിനല്‍കാന്‍ കൂടുതല്‍ സമയം വേണമോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് മറ്റൊന്നും പറയാനില്ലെന്നായിരുന്നു പ്രതിയുടെ മറുപടി.

2022 ഒക്ടോബര്‍ 22-ന് രാവിലെ 10-നും 12-നുമിടയിലാണ് സംഭവം നടന്നത്. കൊലനടന്ന ദിവസംതന്നെ പ്രതി അറസ്റ്റിലായി. ശ്യാംജിത്ത് മുന്‍കൂട്ടി ആസൂത്രണംചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.

വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 29 മുറിവുകള്‍ ഉണ്ടായിരുന്നതില്‍ 10 എണ്ണം മരണശേഷമുള്ളതാണ്.

സംഭവത്തിന് ദൃക്സാക്ഷികളില്ല. സാഹചര്യത്തെളിവും ശാസ്ത്രീയതെളിവും കണക്കിലെടുത്താണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിഷ്ണുപ്രിയ പൊന്നാനിയിലുള്ള സുഹൃത്ത് വിപിന്‍രാജുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതി വീട്ടിലെത്തിയത്. 

'ശ്യാമേട്ടന്‍ വന്നു, പേടിയാകുന്നു എന്തെങ്കിലും ചെയ്യുമെന്ന്' -വിഷ്ണുപ്രിയ വിപിന്‍രാജിനോട് പറഞ്ഞു. മൊബൈല്‍ ഫോണിന്റെ ബാക്ക് ക്യാമറയിലൂടെ ശ്യാമിന്റെ ദൃശ്യം കാണിച്ചുകൊടുത്തു.അതിനുശേഷം വിഷ്ണുപ്രിയയെ വിപിന്‍രാജ് വിളിച്ചെങ്കിലും കിട്ടിയില്ല. തലയ്ക്കടിച്ച് ബോധം നഷ്ടപ്പെടുത്തി കൈ, കാല്‍ എന്നിവയുടെ ഞരമ്പ് മുറിച്ചശേഷമാണ് കൊലനടത്തിയത്. കഴുത്തറ്റുതൂങ്ങിയനിലയിലായിരുന്നു.

പ്രണയത്തിലായിരുന്ന ഇരുവരും അകന്നതാണ് കൊലപാതകത്തിനു കാരണമായത്.

വിചാരണസമയത്തും പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ വിചാരണ വേഗത്തിലായി. പാനൂരില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.