കൊച്ചി: കലൂരിൽ 50 ലക്ഷം രൂപ വിപണി മൂല്യം വരുന്ന 30 കിലോയിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദിൽ നിന്നുള്ള അബ്ദുൽ ഹായ് മൊല്ലയെ ആണ് കഴിഞ്ഞ ദിവസം രാത്രി പോലീസ് പിടികൂടിയത്. നാർകോട്ടിക് സെൽ എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

To advertise here,

ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വലിയ തോതിൽ കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് എത്തിച്ച് പ്രാദേശിക ചെറുകിട കച്ചവടക്കാർക്കും മൊത്ത വിതരണക്കാർക്കും മറിച്ച് നൽകുകയായിരുന്നു ഇയാളുടെ രീതി. ഒഡീഷയിൽ ഇയാൾക്ക് കഞ്ചാവ് നൽകിയ വ്യക്തിയെക്കുറിച്ചും കൊച്ചിയിൽ ഇയാളിൽ നിന്ന് ലഹരിവസ്തുക്കൾ കൈപ്പറ്റുന്ന മലയാളി മൊത്ത വിതരണക്കാരെക്കുറിച്ചും പോലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു നാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതി ഒഡീഷയിൽ നിന്ന് വീണ്ടും കഞ്ചാവുമായി എത്തിയപ്പോഴാണ് വലയിലായത്. നിലവിൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിലൂടെ ഈ ലഹരി ശൃംഖലയിലെ മറ്റു പ്രതികളിലേക്ക് കൂടി എത്താൻ കഴിയുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.