കണ്ണൂര്‍: പാനൂരിനടുത്ത വള്ള്യായി ഗ്രാമം വിറങ്ങലിച്ചുപോയ ദിവസം. 2022 ഒക്ടോബര്‍ 22-ലെ വെള്ളിയാഴ്ച. കൊലപാതക വാര്‍ത്തകള്‍ പലതും കേട്ടിട്ടുണ്ടെങ്കിലും കണ്ണൂരിനെ സ്തംഭിപ്പിച്ച വാര്‍ത്തയായിരുന്നു വിഷ്ണുപ്രിയയുടെ കൊപാതകം. പ്രണയം പകയായപ്പോള്‍ ശ്യാംജിത്ത് 25 കാരിക്ക് മേല്‍ നടപ്പാക്കിയത് സമാനതകളില്ലാത്ത ക്രൂരത. മുന്‍ സുഹൃത്തിന്റെ വൈരാഗ്യത്തിന് ഇരയായി 29 മുറിവുകളാണ് അവളുടെ ദേഹത്തുണ്ടായിരുന്നത്. അതില്‍ പത്തെണ്ണവും മരണത്തിന് ശേഷം  സംഭവിച്ചത്. അതായത് കഴുത്തില്‍ കത്തിയിറക്കിയ ശേഷം മരണമുറപ്പിക്കാന്‍ കൈഞരമ്പുകള്‍ ശ്യാംജിത്ത് മുറിച്ചുവെന്ന് പോലീസ് പറയുന്നു. 

To advertise here,

എല്ലാം മുന്‍കൂട്ടി തയ്യറാക്കിയാണ് പ്രതി കൃത്യം നടത്തിയത്. കത്തിയും ചുറ്റികയും വാങ്ങിവെച്ചു. വിഷ്ണുപ്രിയയുടെ വീട്ടില്‍ ആളൊഴിയുന്ന നേരത്തിനായി കാത്തിരുന്നു. ആ സമയത്താണ് വിഷ്ണുപ്രിയയുടെ മുത്തശ്ശി മരിക്കുന്നത്. ഇതോടെ വീട്ടില്‍ ആളുണ്ടാവില്ലെന്ന ശ്യംജിത്തിന്റെ കണക്ക് കൂട്ടല്‍ ശരിയാവുകയും ചെയ്തു. വീട്ടിലുള്ളവരെല്ലാം മരണ വീട്ടിലായിരിക്കുമെന്ന് കണക്ക് കൂട്ടി കൊല്ലാനുറപ്പിച്ചെത്തിയ ശ്യംജിത്തിനെ കൂടുതല്‍ പ്രകോപനമുണ്ടാക്കുന്നതായി വിഷ്ണുപ്രിയയുടെ ഫോണ്‍ വിളി. ശ്യംജിത്ത് എത്തുമ്പോള്‍ മറ്റൊരു സുഹൃത്തുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകായിരുന്നു യുവതി. ഇത് പ്രതിയെ വല്ലാതെ പ്രകോപിപ്പിക്കുകയും ചെയ്തു. ആദ്യം ചുറ്റികകൊണ്ടടിച്ചു, ശേഷം കഴുത്തറുത്തു, കൈ ഞരമ്പുകള്‍ മുറിച്ചു. കൃത്യത്തിന് ശേഷവും ഒന്നും സംഭവിക്കാത്ത രീതിയില്‍ വീട്ടിലെത്തി കുളിച്ച്, വസ്ത്രം മാറി പിതാവിന്റെ ഹോട്ടലിലെത്തി മീന്‍കറികൂട്ടി ചോറുണ്ടു. ഇവിടെയെത്തിയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

കഴുത്തില്‍ കൊലക്കത്തി വീഴുന്നതിന് മുന്‍പ് വിഷ്ണുപ്രിയയുടെ അവസാന നിലവിളി പ്രതിയെ എളുപ്പത്തില്‍ കുരുക്കുന്നതിന് പ്രധാന തെളിവായെന്ന് പോലീസ് പറയുന്നു. ശ്യാംജിത്ത് വീട്ടിലേക്ക് പതുങ്ങിവരുമ്പോള്‍ വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ മറ്റൊരു സുഹൃത്തിനോട് വാട്‌സാപ്പില്‍ സംസാരിക്കുകയായിരുന്നു. സംസാരിച്ച് തീരുന്നതിന് മുന്‍പാണ് പ്രതി കൊലക്കത്തിയുമായി എത്തിയത്.  പോലീസെത്തുമ്പോള്‍ വിഷ്ണുപ്രിയയുടെ ഫോണ്‍ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി വിഷ്ണുപ്രിയ സംസാരിച്ചയാളെ പോലീസ് കണ്ടെത്തി.

പൊന്നാനി സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍, ഒരു ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണപ്രിയ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. അഞ്ചുവര്‍ഷമായി വിഷ്ണുപ്രിയ സുഹൃത്താണെന്നും അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തി.

വിഷ്ണുപ്രിയയുടെ ഫോണില്‍നിന്നുതന്നെ ശ്യാംജിത്തിന്റെ നമ്പര്‍ കിട്ടി. നാട്ടില്‍ ആ പേരുള്ള ഒരു സുഹൃത്ത് വിഷ്ണുപ്രിയയ്ക്കുള്ളതായി ബന്ധുക്കള്‍ക്ക് അറിയില്ല. ആ നമ്പര്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പോലീസ് പിന്തുടര്‍ന്നു. എത്തിയത് മാനന്തേരിയില്‍. ആളെ കണ്ടെത്തിയപ്പോള്‍ ഒരു കുലുക്കവുമില്ലാതെ അച്ഛന്‍ നടത്തുന്ന ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്നു. പോലീസിനോട് ആദ്യം എല്ലാം നിഷേധിച്ചു. ഒടുവില്‍ രക്ഷയില്ലെന്ന് കണ്ടപ്പോള്‍ എല്ലാം ഏറ്റുപറഞ്ഞു.

കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് ഹോട്ടലില്‍ ജോലിക്ക് നിന്നു. ഒരു പരിഭ്രമവും മുഖത്തുണ്ടായിരുന്നില്ല. സംഭവം നടന്ന് രാവിലെ 10.30-ഓടെയാണ് ഹോട്ടലില്‍ പോയത്. വൈകീട്ട് നാടുവിടാനായിരുന്നു പദ്ധതി.

വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞത്. കോടതിയില്‍ വാദം നടക്കുമ്പോഴും പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ടിലായിരുന്നു ശ്യംജിത്ത്. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്ന് മറുപടി. ഒടവില്‍ കുറ്റക്കാരനെന്ന് കണ്ടെത്തല്‍. ഇനി ശിക്ഷാവിധിക്കായുള്ള കാത്തിരിപ്പാണ് വള്ള്യായി ഗ്രാമവും കണ്ണൂരും.