കോഴിക്കോട്: മകന്‍ മരിച്ചുവെന്നും അവന്റെ മൃതദേഹം സുഹൃത്തുക്കള്‍ ചതുപ്പില്‍ താഴ്ത്തിയെന്നും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല വിജിലിന്റെ അമ്മയക്കും അച്ഛനും. 2019 മാര്‍ച്ച് 24-ന് രാവിലെ 9:20-ഓടെ വീട്ടില്‍ നിന്നും ബൈക്കുമായി പോയതാണ് വിജില്‍. അവന്‍ എന്നെങ്കിലും തിരിച്ചുവരും എന്ന അച്ഛന്‍ വിജയന്റെയും അമ്മ വസന്തയുടെയും പ്രതീക്ഷയാണ് ഇന്ന് ഇല്ലാതായത്. 

To advertise here,

വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ തിങ്കളാഴ്ചയാണ് വന്‍ വഴിത്തിരിവ് ഉണ്ടായത്. അമിതമായ ലഹരി ഉപയോഗിച്ച വിജില്‍ മരിച്ചുവെന്നും പിന്നാലെ തങ്ങള്‍ അയാളുടെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയെന്നുമാണ് സുഹൃത്തുക്കള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. നിഖില്‍, ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് എലത്തൂര്‍ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

വിജയന്റെയും വസന്തയുടെയും രണ്ട് ആണ്‍മക്കളില്‍ ഇളയ ആളാണ് മരിച്ച വിജില്‍. സംഭവദിവസം വീട്ടില്‍ നിന്നും പോകുമ്പോള്‍ ഉടന്‍ തിരിച്ചു വരുമെന്നായിരുന്നു വിജില്‍ അമ്മയോട് പറഞ്ഞിരുന്നത്. കാണാതായപ്പോള്‍ പല തവണ ഫോണില്‍ വിളിച്ചു. രാത്രി വൈകിയിട്ടും തിരിച്ചുവരാതായതോടെ ആശങ്കയായി. പിറ്റേന്ന് വിജിലിന്റെ ഫോണ്‍ ഓഫായി. പിന്നീട് രണ്ടു ദിവസം കൂടി അവര്‍ കാത്തിരുന്നു. 

ഒടുവില്‍ 27-ാം തീയതിയാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. എലത്തൂര്‍ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും കോവിഡ് വന്നതോടെ അന്വേഷണം പ്രതിസന്ധിയിലായി. എന്നിട്ടും മകനെ അന്വേഷിച്ച് പലതവണ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയതായി അച്ഛന്‍ വിജയന്‍ പറയുന്നു. ഈ കാലഘട്ടത്തിനിടെ അന്വേഷണ ഉദ്യോസ്ഥര്‍ പല തവണ സ്ഥലം മാറി പോയി, എന്നിട്ടും കുടുംബം പ്രതീക്ഷ കൈവിട്ടിരുന്നില്ല.

വിജിലിനെ ചതുപ്പില്‍ താഴ്ത്തിയതായി ഇപ്പോള്‍ വെളിപ്പെടുത്തിയ സുഹൃത്തുക്കളോടും അന്ന് മകനെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. എന്നാല്‍ സംഭവദിവസം വൈകീട്ടോടെ തങ്ങള്‍ പിരിഞ്ഞു എന്നാണ് അവര്‍ മറുപടി നല്‍കിയത് എന്ന് അച്ഛന്‍ വിജയന്‍ പറയുന്നു. 

ഇലക്ട്രീഷ്യന്‍ ആയിരുന്ന വിജില്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ഇല്ലായിരുന്നു എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വീട്ടില്‍ പെരുമാറ്റ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. സംശയം തോന്നത്തക്ക വിധം ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിരുന്നില്ല. 

വൈകീട്ട് ജോലി കഴിഞ്ഞ് എത്തിയാല്‍ സാധാരണ നിലയില്‍ വീട്ടില്‍ തന്നെ ചെലവഴിക്കുന്ന മകന്‍ ലഹരി ഉപയോഗിച്ച് മരിച്ചെന്ന് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വിജയനും വസന്തയും ഒരുപോലെ പറയുന്നു. കേസുമായി ബന്ധപ്പെട്ട ഇപ്പോള്‍ അറസ്റ്റിലായ അവന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്താല്‍ മകന് എന്ത് സംഭവിച്ചു എന്ന് തെളിയിക്കാന്‍ കഴിയും എന്നാണ് രക്ഷിതാക്കളുടെ പ്രതീക്ഷ.