
തിരുവനന്തപുരം: അഫാന്റെ ചിരിക്കുന്ന ചിത്രത്തിലേക്ക് ഫർസാനയുടെ രക്തത്തുള്ളികൾ തെറിച്ചു. തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണിയാൾ ഫർസാനയെ കൊലപ്പെടുത്തിയത്. മുഖമാകെ വികൃതമാക്കിയ നിലയിലായിരുന്നു.
കസേരയിൽ ചരിഞ്ഞിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു പിന്നിലായുള്ള മേശയിലാണ് അഫാന്റെ ഫ്രെയിംചെയ്ത ചിത്രമുണ്ടായിരുന്നത്. ഇതിലേക്കും ചുമരിലേക്കും ഫർസാനയുടെ രക്തത്തുള്ളികൾ തെറിച്ചുവീണ നിലയിലായിരുന്നു. കൊലചെയ്യപ്പെട്ട ഫർസാനയുടെ ഈ ദൃശ്യം ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. പ്രണയവും കൊലപാതകത്തിനു കാരണമായി അഫാൻ പറയുന്നുണ്ട്. എന്നാലിത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
വിറങ്ങലിച്ച് നാട്; നഷ്ടമായത് മികച്ച വിദ്യാർത്ഥിനിയെ
തിരുവനന്തപുരം: നിർവികാരതയും സങ്കടവുമെല്ലാം നിറഞ്ഞ അന്തരീക്ഷമായിരുന്നു വെഞ്ഞാറമൂട് മുക്കുന്നൂരിലെ ഫർസാനയുടെ വീട്ടിൽ നിറഞ്ഞുനിന്നത്. ഇന്നലെ വരെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന മകൾ ഇനിയീലോകത്തില്ലെന്ന യാഥാർഥ്യമുൾക്കൊള്ളാൻ മാതാപിതാക്കൾക്കും സ്കൂൾവിദ്യാർഥിയായ സഹോദരൻ അമലിനും ഇനിയുമായിട്ടില്ല. കരയാൻപോലുമാകാത്ത അവസ്ഥയിലായിരുന്നു ഫർസാനയുടെ മാതാവ് ഷീജ. മകളുടെ വിയോഗവാർത്തയിൽ തളർന്ന പിതാവ് സുനിലിനെ പലതവണ ആശുപത്രിയിലേക്കു കൊണ്ടുപോയി. മുക്കുന്നൂർ ജങ്‌ഷനിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് ഫർസാനയുടെ വീട്. ഗ്രാമീണാന്തരീക്ഷമുള്ള പ്രദേശത്തെ പെൺകുട്ടിയെ അധികം ദൂരെയല്ലാതെ താമസിക്കുന്ന ഒരു ഇരുപത്തിമൂന്നുകാരൻ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാരും.
കുടുംബത്തിന്റെ പ്രതീക്ഷ, പഠിക്കാൻ മിടുക്കി
പഠിക്കാൻ അതിസമർഥയായിരുന്നു ഫർസാന. മികച്ച മാർക്കോടെയാണ് പത്താം ക്ലാസും പ്ലസുടുവും വിജയിച്ചത്. നിലവിൽ അഞ്ചൽ സെയ്‌ന്റ് ജോൺസ് കോളേജിൽ എം.എസ്.സി. കെമിസ്ട്രി രണ്ടാംവർഷ വിദ്യാർഥിനിയാണ്. അലുമിനിയം ഫാബ്രിക്കേഷൻ ജോലികളാണ് പിതാവ് സുനിലിന്. ചിറയിൻകീഴ് സ്വദേശിയാണ് ഇദ്ദേഹം. മാതാവ് വെഞ്ഞാറമൂട് തേമ്പാംമൂട് സ്വദേശിനിയാണ്. കുറച്ചു വർഷങ്ങളായി കുടുംബം ഇവിടെ വസ്തു വാങ്ങി വീടുവെച്ചു താമസിക്കുകയാണ്. മകൾ പഠിച്ചു ജോലിനേടികയും അതിലൂടെ കുടുംബത്തിന്റ ഉയർച്ചയും സ്വപ്നംകണ്ടിരുന്നതാണ് കുടുംബം.

പോയത് ട്യൂഷനെടുക്കാൻ
തിങ്കളാഴ്ച ഉച്ചയോടെ വീടിനു സമീപം ട്യൂഷനെടുക്കാൻ പോകുന്നുവെന്നു പറഞ്ഞാണ് ഫർസാന പുറപ്പെട്ടത്. എന്നാൽ, വൈകീട്ട് മരണവാർത്തയാണു കേട്ടത്. മരിച്ചത് തന്റെ മകളാകല്ലേയെന്ന സുനിലിന്റെ പ്രാർഥന പക്ഷേ, ഫലിച്ചില്ല. ട്യൂഷനെടുക്കാനെന്നു പറഞ്ഞ് ഇറങ്ങിയ ഫർസാനയെ അഫാൻ കൂട്ടിക്കൊണ്ടുപോയതായാണ് കരുതുന്നത്. ഫർസാനയും അഫാനും പത്താം ക്ലാസ് വരെ ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. എന്നാൽ, സ്കൂൾസമയത്തോ അതിനു ശേഷമോ ഇവർ തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയില്ലായിരുന്നു. അഫാന്റെ ചില കൂട്ടുകാരും ബന്ധുക്കളും ഫർസാനയുടെ വീടിനു സമീപം താമസിച്ചിരുന്നു. ഇവിടെ ഇടയ്ക്കിടെ എത്താറുണ്ടായിരുന്ന ഇയാൾ, അങ്ങനെയാകണം ഫർസാനയുമായി പരിചയം നിലനിർത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

മൃതദേഹം കൊണ്ടുവന്നത് ഉച്ചയോടെ
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ഫർസാനയുടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നത്. അതുവരെ ആൾക്കാർ വന്നുംപോയുമിരുന്ന വീട്ടിലേക്ക്, മൃതദേഹം കൊണ്ടുവന്നതോടെ ജനം ഒഴുകിയെത്തി. മതപരമായ പ്രാർഥനകൾക്കു ശേഷം കുടുംബാംഗങ്ങൾ, നാട്ടുകാർ, പൊതുപ്രവർത്തകർ, സഹപാഠികൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ശേഷം മൂന്നരയോടെ മൃതദേഹം കബറടക്കാനായി ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിലേക്കു കൊണ്ടുപോയി.
കണ്ണീർവാർത്ത് സഹപാഠികൾ
ഫർസാനയുടെ മൃതദേഹം കണ്ട് കോളേജിലെ സഹപാഠികൾ വിങ്ങിപ്പൊട്ടി. കഴിഞ്ഞ ദിവസം വരെ ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ജീവനറ്റു കിടക്കുന്ന കാഴ്ച പലർക്കും സഹിക്കാനായില്ല. ഫർസാനയെ കണ്ട് പുറത്തിറങ്ങിയ ശേഷവും പൊട്ടിക്കരഞ്ഞുകൊണ്ടാണ് പലരും ഇവിടം വിട്ടത്.

കണ്ണീരോടെ മടങ്ങുന്ന അഞ്ചൽ സെയ്‌ന്റ് ജോൺസ് കോളേജിലെ സഹപാഠികൾ
തിരഞ്ഞെടുപ്പിന് അവധി, പൊലിഞ്ഞത് ജീവൻ
കോളേജിലെ മികച്ച വിദ്യാർഥിനിയായിരുന്നു ഫർസാനയെന്ന് അധ്യാപകർ പറഞ്ഞു. നല്ല മാർക്കോടെയാണ് ആദ്യ സെമസ്റ്റർ വിജയിച്ചത്. എല്ലാവരോടും വളരെ നല്ല രീതിയിലാണ് പെരുമാറിയിരുന്നത്. തദ്ദേശ ഉപതിരഞ്ഞെടുപ്പായതിനാൽ തിങ്കളാഴ്ച കോളേജിന് അവധിയായിരുന്നു. വീട്ടിലായിരുന്ന ഫർസാന കൊല്ലപ്പെടുകയും ചെയ്തു.
Content Highlights: venjarammoodu mass murder affan portrait with farsana blood
Published: 26 Feb 2025, 08:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented