ലഖ്‌നൗ: ഐഎഎസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മൗ സ്വദേശിയും ഗോമതി നഗര്‍ ഷാലിമാര്‍ വണ്‍ വേള്‍ഡ് അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരനുമായ സൗരഭ് ത്രിപാഠി(36)യെയാണ് വാസിര്‍ഗഞ്ച് പോലീസ് പിടികൂടിയത്. കാര്‍ഗില്‍ പാര്‍ക്കിന് സമീപം വാഹനപരിശോധനയ്ക്കിടെ സംശയം തോന്നിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും വിശദമായ പരിശോധനയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ബീക്കണ്‍ ലൈറ്റുകളും ഉള്‍പ്പെടെ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. 

To advertise here,

എന്‍ജിനീയറിങ് ബിരുദധാരിയായ സൗരഭ് ത്രിപാഠി രണ്ടുവട്ടം സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സ്വയം ഐഎഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് രംഗത്തിറങ്ങിയത്. ഐഎഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഇയാള്‍ പലരില്‍നിന്നും പണം തട്ടിയതായും പോലീസ് പറഞ്ഞു. 

വാഹനപരിശോധനയ്ക്കിടെ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തന്റെ പേരിലുള്ള വ്യാജ ഐഡി കാര്‍ഡാണ് കാണിച്ചത്. പോലീസിനെ കബളിപ്പിക്കാനായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരുകളടക്കം പറഞ്ഞു. എന്നാല്‍, സംശയം തോന്നിയ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി വ്യാജരേഖകളും കാറുകളില്‍ ഘടിപ്പിക്കുന്ന ബീക്കണ്‍ ലൈറ്റുകളും കണ്ടെത്തുകയായിരുന്നു. 

പ്രതിയുടെ താമസസ്ഥലത്ത് ആറ് ആഡംബര കാറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരുകാറിന്റെ മുന്നില്‍ 'ജോയിന്റ് സെക്രട്ടറി, ഗവ. ഓഫ് ഇന്ത്യ' എന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു. ആറ് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനുപുറമേ ലാപ്‌ടോപ്പ്, വ്യാജ ഐഡി കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡുകള്‍, വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍ എന്നിവയും 11000 രൂപയും ഡെബിറ്റ് കാര്‍ഡുകളും പിടിച്ചെടുത്തു. 

ഐഎഎസ് ഉദ്യോഗസ്ഥനെന്ന പേരില്‍ ഒട്ടേറെ സാമൂഹികമാധ്യമ അക്കൗണ്ടുകളും പ്രതി നിര്‍മിച്ചിരുന്നു. ഈ അക്കൗണ്ടുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ കാബിനറ്റ് സ്‌പെഷ്യല്‍ സെക്രട്ടറി, യുപി സര്‍ക്കാരിന്റെ ഗ്രാമ-നഗരവികസന സെക്രട്ടറി തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിക്കുന്നതായാണ് പ്രതി നല്‍കിയിരുന്നവിവരം. ഔദ്യോഗിക ചടങ്ങുകള്‍ക്കിടെ ചില ഉദ്യോഗസ്ഥര്‍ക്കൊപ്പംനിന്ന് പകര്‍ത്തിയ ചിത്രങ്ങളും ഇയാളുടെ സാമൂഹികമാധ്യമങ്ങളിലുണ്ടായിരുന്നു. വ്യാജ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇത്തരം ചടങ്ങുകളിലെത്തിയിരുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി ഇടപഴകുകയും ഇവരെ തെറ്റിദ്ധരിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.