
ലഖ്നൗ: ഉത്തർപ്രദേശ് വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ റെയ്ഡിൽ മുൻ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ലളിത് കുമാറിന്റെ വസതിയിൽ നിന്നും കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് കണ്ടെടുത്തു. ആഗ്രയിൽ സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും 13 കിലോ സ്വർണ്ണവും ഏകദേശം 1.62 കോടി രൂപയുമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ദീർഘകാലമായുള്ള പരാതികളെത്തുടർന്ന് രഹസ്യ അന്വേഷണം നടത്തിയ ശേഷമാണ് പ്രത്യേക കോടതിയുടെ അനുമതിയോടെ പരിശോധന നടന്നത്.
പരിശോധനയ്ക്കിടെ വീട്ടിലെ വിവിധയിടങ്ങളിൽ കെട്ടുകളായി സൂക്ഷിച്ച പണവും സ്വർണ്ണ-വെള്ളി ആഭരണങ്ങളും വിലകൂടിയ വാച്ചുകളും നിരവധി നിക്ഷേപ രേഖകളും സംഘം കണ്ടെത്തി. നിലവിലെ വിപണി വിലയനുസരിച്ച് പിടിച്ചെടുത്ത സ്വർണ്ണത്തിന് കോടിക്കണക്കിന് രൂപ മൂല്യം വരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. റെയ്ഡിന്റെ ആദ്യഘട്ടത്തിന് ശേഷം സംശയം തോന്നിയ വിജിലൻസ് സംഘം വീടിന്റെ ചുവരുകളും ഫോൾസ് സീലിങും ഫർണിച്ചറുകളും ഉൾപ്പെടെ വിശദമായി പരിശോധിച്ചപ്പോഴാണ് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വീടിന്റെ ചുവരുകൾക്കുള്ളിലും ഫർണിച്ചറുകൾക്കിടയിലും അതീവ രഹസ്യമായി നിർമ്മിച്ച ലോക്കറുകൾ പരിശോധനാ സംഘം കണ്ടെത്തി. ഈ രഹസ്യ ലോക്കറുകളെക്കുറിച്ച് ലളിത് കുമാറിന് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ എന്നും കുടുംബാംഗങ്ങൾ പോലും ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നുമാണ് വിജിലൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനിടെ, ഒരു അത്യാധുനിക ഡിജിറ്റൽ ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ പാസ്‌വേഡ് മറന്നുപോയി എന്ന് പറഞ്ഞ് ലളിത് കുമാർ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് സാങ്കേതിക വിദഗ്ധർ എത്തി രണ്ട് മണിക്കൂർ പണിപ്പെട്ടാണ് ഈ ലോക്കർ തുറന്നത്.
വീടിന്റെ പല ഭാഗങ്ങളിലും കബോർഡുകളിലുമായി പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 1.62 കോടി രൂപ ഉണ്ടായിരുന്നത്. ഇതുകൂടാതെ ലക്നൗ, ആഗ്ര, നോയിഡ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ ലളിത് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ കോടിക്കണക്കിന് രൂപയുടെ ഭൂമിയും ആഡംബര വീടുകളും വാങ്ങിയതിന്റെ രേഖകളും വിജിലൻസ് കണ്ടെടുത്തു. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ, ബെനാമി സ്വത്തുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും നിലവിൽ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. പിടിച്ചെടുത്ത പണത്തിന്റെയും രേഖകളുടെയും ഫോറൻസിക്, സാമ്പത്തിക പരിശോധനകൾ നിലവിൽ നടന്നുവരികയാണ്. അന്വേഷണം പൂർത്തിയാകുന്നതോടെ ലളിത് കുമാറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: UP Vigilance seizes 13kg of gold and Rs 1.62 crore from former ARTO Lalit Kumar's properties.
Published: 10 Jul 2026, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented