ഇടുക്കി: അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു. കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യംചെയ്യുകയാണ്. കുട്ടികൾ മരിച്ചത് തിന്നർ അകത്ത് ചെന്നാണെന്ന് പിതാവ് പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ തിന്നർ അല്ല, കീടനാശിനി അകത്ത് ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ നിഗമനം. വീടിനുള്ളിൽ പോലീസ് നടത്തിയ പരിശോധനയിൽ കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
അടിമാലി പഞ്ചായത്തിലെ ഒഴിവത്തുംവലിയകാട്ടിൽ അഫ്സലിന്റെ മക്കളായ രിഹാൻ, ഇഹാൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരു കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഒരു കുഞ്ഞ് ആശുപത്രിയിൽ എത്തുംമുൻപ് മരിച്ചു. മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിയശേഷമാണ് മരിച്ചത്. മൃതദേഹങ്ങൾ രണ്ടും ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കുട്ടിയുടെ ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
രണ്ടുമാസം മുമ്പാണ് ഇവർ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. വീട്ടിൽ താമസിച്ചു തുടങ്ങുംമുമ്പുതന്നെ കീടനാശിനി വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഉയരമുള്ള സ്ഥലത്താണ് കീടനാശിനി വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇത് ചോർന്ന് നിലത്തുവീണിട്ടുണ്ട്. ഇതിൽ കുട്ടികളുടെ കൈപ്പാടുകൾ പതിഞ്ഞിട്ടുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിനു ശേഷംമാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ചിതലിനെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ആയതിനാൽ എത്ര അളവിൽ അകത്ത് ചെന്നാൽ മരണം സംഭവിക്കുമെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കണ്ടെത്തിയ കീടനാശിനിയിൽ നിന്നുതന്നെയാണോ ഇത് കുട്ടികളുടെ അകത്തുചെന്നത് എന്നതും വ്യക്തമല്ല. രാസപരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ.
പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ കുട്ടികളുടെ അകത്തുപോയി എന്നാണ് പിതാവ് ആദ്യഘട്ടത്തിൽ പറഞ്ഞത്. എന്നാൽ, കീടനാശിനിയാണ് കുട്ടികളുടെ അകത്തുപോയതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഫൊറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തും.
മാതാപിതാക്കൾക്ക് കീടനാശിനിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
Content Highlights: One-year-old twin boys died in Adimali, Idukki under mysterious circumstances., Parents initially claimed thinner ingestion, but police found pesticide traces., Children's handprints found on the pesticide container., Parents are currently being questioned by the police pending forensic analysis and post-mortem reports.
Published: 12 Sept 2026, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented