കക്കോടി: കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം രൂപയും മോഷണംപോയി. കുറ്റിപ്പുറത്ത് ഇസ്മായിൽകുട്ടി ഹാജിയുടെ വീട്ടിലാണ് മോഷണംനടന്നത്.

To advertise here,

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. ഇസ്മായിൽകുട്ടിഹാജി പള്ളിയിൽപ്പോയ സമയമായിരുന്നു. ഭാര്യ ആമിനയും മരുമകൾ സഫ്നയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അടുക്കളഭാഗത്ത് എത്തിയ മോഷ്ടാവ് വീട്ടുകാരെ പരിചയമുള്ള ആളെപ്പോലെ പെരുമാറി. വാതിൽ തുറന്നപ്പോൾ വെള്ളംചോദിച്ച് അകത്തുകയറി സോഫയിൽ ഇരുന്നു. ഇസ്മായിൽഹാജിയെ പരിചയമുള്ള രീതിയിൽ സംസാരിക്കുകയും ഞാനിവിടെ ഇരുന്നോളാം ഉമ്മ പോയി നിസ്കരിച്ചോളൂ എന്ന് ആമിനയോടു പറയുകയുംചെയ്തു.

നിസ്‌കാരംകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ആളെ കാണാനില്ല. ഷെൽഫിൽ സൂക്ഷിച്ച ആഭരണവും പണവും മോഷണംപോയതായി വീട്ടുകാർക്കു മനസ്സിലായി. ഇവരുടെകൂടെ ഒന്നിലധികം ആളുകൾ ഉണ്ടാകാമെന്നു സംശയിക്കുന്നു. ചേവായൂർ പോലീസും ഡോഗ്സ്ക്വാഡും പരിശോധന നടത്തി. പോലീസ്‌നായ മണംപിടിച്ച് വീട്ടിലെ എല്ലാ മുറികളിലും കയറി. മോഷ്ടാവ് സഞ്ചരിച്ചതായി കരുതുന്ന കാർ മച്ചക്കുളം ബസാറിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. തമിഴ്നാട് രജിസ്ട്രേഷനുള്ള കാറാണിത്. ചേവായൂർ പോലീസ് കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു.