അരീക്കോട്(മലപ്പുറം): ഉത്തർപ്രദേശിൽനിന്നെത്തി കച്ചവടംചെയ്തുകഴിയുകയായിരുന്ന യുവാവ് കൊല്ലപ്പെട്ടു. കേസിൽ സഹോദരനെ പോലീസ് അറസ്റ്റുചെയ്തു. ഉത്തർപ്രദേശിലെ മുന്നാവ് ബംഗർമാവ് സ്വദേശി രാംശങ്കറിന്റെ മകൻ ലക്ഷ്മി നാരായണൻ (30) ആണ് മരിച്ചത്. ഇളയ സഹോദരൻ കൈലാസ്‌കുമാറിനെയാണ് (25) അരീക്കോട് പോലീസ് അറസ്റ്റുചെയ്തത്.

To advertise here,

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ കോഴിക്കോട് ജില്ലയിലെ എരഞ്ഞിമാവിനും മലപ്പുറം ജില്ലയിലെ വാലില്ലാപ്പുഴ കല്ലായിക്കും ഇടയിൽ ജ്യോതിധാര സ്‌കൂളിനുസമീപം ബുധനാഴ്ച പുലർച്ചെ രണ്ടിനും രണ്ടരയ്ക്കും ഇടയ്ക്കായിരുന്നു സംഭവം.

രാംശങ്കറിന്റെ ഏഴ് ആൺ മക്കളിൽ മൂന്നുപേർ താമരശ്ശേരി, തിരൂർ, കല്ലായി എന്നിവിടങ്ങളിൽ സിമന്റുകൊണ്ട് ചെടിച്ചട്ടികളും പക്ഷി മൃഗാദികളുടെ രൂപങ്ങളുംമറ്റും നിർമിച്ച് വില്പന നടത്തി വരികയായിരുന്നു.

തിരൂരിൽ ജോലിചെയ്യുന്ന പ്രതി ചൊവ്വാഴ്ച രാത്രി ലക്ഷ്മി നാരായണൻ ജോലിചെയ്യുന്ന കല്ലായിയിലെത്തി. രാത്രി രണ്ടു മണിയോടെ മുറിയിൽ ഇരുവരും തമ്മിൽ സംഘർഷമുണ്ടാവുകയും ലക്ഷ്മി നാരായണൻ ജീവരക്ഷാർഥം റോഡിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുംചെയ്തു. പിന്നാലെ എത്തിയ കൈലാസ്‌കുമാർ അവിടെ നിർത്തിയിട്ട ലോറിയിൽ സഹോദരന്റെ തല ഇടിച്ച് മൃതപ്രായമാക്കിയശേഷം അതിന്റെ അടിയിലേക്ക് തള്ളി വീഴ്ത്തിയെന്ന് പോലീസ് പറഞ്ഞു. ഇവിടെവെച്ചാണ് ലക്ഷ്മി നാരായണൻ മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

മരണം ഉറപ്പാക്കിയശേഷം, ജ്യേഷ്ഠനെ രണ്ട് മലയാളികൾ മർദ്ദിച്ച് കൊലപ്പെടുത്തിയതായി താമരശ്ശേരിയിൽ ജോലിചെയ്യുന്ന സഹോദരൻ ശിവനാരായണനെ ഇയാൾ ഫോണിൽവിളിച്ച് അറിയിച്ചു. സ്ഥലത്തെത്തിയ അരീക്കോട് പോലീസിന്റെ ചോദ്യംചെയ്യലിലാണ് യഥാർത്ഥ പ്രതിയിലേക്ക് എത്തിയത്. മരിച്ചയാളുടെ ഭാര്യയുമായി ഇയാൾക്കുള്ള ബന്ധവും സഹോദരനുമായുള്ള പ്രശ്‌നങ്ങളും ഇയാൾ സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

മഞ്ചേരി ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ആംബുലൻസിൽ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ഇവിടെനിന്ന് എംബാം ചെയ്തശേഷം വിമാനത്തിൽ സ്വദേശത്തേക്ക് കൊണ്ടുപോകുമെന്ന് മൃതദേഹത്തെ അനുഗമിക്കുന്ന സഹോദരൻ ശിവനാരായണൻ പറഞ്ഞു.

മരിച്ച ലക്ഷ്മി നാരായണന് നാട്ടിൽ ഭാര്യയും നാലും ഒന്നും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. പ്രതി കൈലാസ്‌കുമാർ അവിവാഹിതനാണ്.