
ഹര്‍ദോയി: തന്നോട് അടുപ്പം കാണിച്ചിരുന്ന അനന്തരവള്‍ മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തി അമ്മാവന്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലാണ് സംഭവം. കൊലയ്ക്ക് ശേഷം മൃതദേഹം 'ദൃശ്യം' മോഡലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ കുഴിച്ചിടുകയും പോലീസ് അന്വേഷണത്തെ വഴി തെറ്റിക്കാനായി മൊബൈല്‍ ഫോണ്‍ ഒരു ബസ്സിലേക്ക് വലിച്ചെറിയുകയും ചെയ്തു. പ്രതി മണികണ്ഠ് ദ്വിവേദിയെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല ചെയ്യപ്പെട്ട മന്‍സി പാണ്ഡേ രക്ഷാബന്ധന്‍ ദിവസമായ തിങ്കളാഴ്ച മണികണ്ഠ് ദ്വിവേദിയുടെ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് മന്‍സി തിരികെ വന്നില്ല. തുടര്‍ന്ന് മന്‍സിയുടെ പിതാവ് രാംസാഗര്‍ പാണ്ഡേ പോലീസില്‍ പരാതി നല്‍കി. മണികണ്ഠ് ദ്വിവേദി മകളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി.
തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെയാണ് തനിക്ക് രണ്ടുവര്‍ഷമായി മന്‍സിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നതായി പ്രതി പറയുന്നത്. തനിക്ക് മറ്റൊരാളെ വിവാഹം ചെയ്യണമെന്ന് അടുത്തിടെ മന്‍സി മണികണ്ഠിനോട് പറഞ്ഞിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പ്രതി മന്‍സിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി നീരജ് കുമാര്‍ ജദൗന്‍ പറഞ്ഞു.
മന്‍സിയുടെ മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് കണ്ടെടുത്തു. പ്രതി ബസ്സിലേക്ക് വലിച്ചെറിഞ്ഞ ഫോണും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
മണികണ്ഠ് ആണ് മന്‍സിയെ കാണാനില്ലെന്ന് തന്നെ വിളിച്ചുപറഞ്ഞതെന്ന് പിതാവ് രാംസാഗര്‍ പാണ്ഡേ പറഞ്ഞു. താനാണ് മകളെ വൈകീട്ട് മൂന്നുമണിയോടെ അയാളുടെ വീട്ടില്‍ ഇറക്കിക്കൊടുത്തത്. എന്നിട്ട് താന്‍ ലഖ്‌നൗവിലേക്ക് പോയി. ബുധനാഴ്ചയാണ് മണികണ്ഠ് മന്‍സിയെ കാണാനില്ലെന്നും ഫോണ്‍ ഓഫാണെന്നും വിളിച്ചുപറയുന്നത്. അവള്‍ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയെന്നും പറഞ്ഞു. എന്നാല്‍ തനിക്ക് അയാളെ സംശയം തോന്നിയാണ് പോലീസില്‍ പരാതി നല്‍കിയത്. നവംബര്‍ 27-ന് മന്‍സിയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ അയാള്‍ക്ക് അത് ഇഷ്ടമായിരുന്നില്ലെന്നും പിന്മാറണമെന്ന് മകളോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: UP Man Kills Niece He Had An Affair With. She Wanted To Marry Someone Else
Published: 23 Aug 2024, 08:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented