ഹാമിർപുർ (ഉത്തർപ്രദേശ്): സഹപ്രവർത്തകയുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗംചെയ്ത ഉത്തർപ്രദേശിലെ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ഹാമിർപുർ ജില്ലയിലെ നായിക്പുർവ ഇച്ചൗലി ജൽ സൻസ്ഥാനിലെ (ജലവിഭവ വകുപ്പ്) നാലാം ഗ്രേഡ് ജീവനക്കാരനായ അബ്ദുൾ സലാം എന്ന ആരിഫാണ് അറസ്റ്റിലായത്.

To advertise here,

വകുപ്പിലെ സഹപ്രവർത്തകയുടെ 16-കാരിയായ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. റെക്കോഡു ചെയ്ത വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും തുടർച്ചയായ ലൈംഗിക ചൂഷണത്തിന് സമ്മർദം ചെലുത്തുകയും ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.

ഒടുവിൽ പെൺകുട്ടി സംഭവം അമ്മയെ അറിയിക്കുകയായിരുന്നു. ഇവർ ഉടൻതന്നെ സദർ കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. ഇരയുടെ അമ്മ നൽകിയ പരാതിയിൽ ബലാത്സംഗം, പോക്‌സോ, ഐടി ആക്ട് പ്രകാരമാണ് ആരിഫിനെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ക്രൈം ഇൻസ്‌പെക്ടർ ഡി.കെ. മിശ്ര പറഞ്ഞു. ഇരയായ പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തി കോടതിയിൽ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറസ്റ്റിനു പിന്നാലെ ഇയാൾക്കെതിരേ വകുപ്പുതല നടപടികളും ആരംഭിച്ചിട്ടുണ്ട്. ആരിഫിനെ ചിത്രകൂട് ധാം ഡിവിഷന്റെ ജനറൽ മാനേജർ സസ്പെൻഡ് ചെയ്യുകയും തുടർ നടപടികൾക്കായി ഉത്തരവിടുകയും ചെയ്തു.

ആരിഫ് സ്ഥിരം ശല്യക്കാരനാണെന്നാണ് റിപ്പോർട്ട്. ഇയാൾ വകുപ്പ് ഉദ്യോഗസ്ഥരോടും ജീവനക്കാരോടും മോശമായി പെരുമാറുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തതായും ആരോപണമുണ്ട്. പ്രതി വളരെക്കാലമായി ഉദ്യോഗസ്ഥർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ ഇയാൾ മോശം ഭാഷ ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഉദ്യോഗസ്ഥർ ആരോപിച്ചു. ഇയാൾക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേയും കത്തയച്ചിരുന്നു.