ഉദയംപേരൂർ: മാങ്കായിക്കവലയ്ക്കുസമീപം ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർയാത്രികനായ യുവാവ് മരിച്ചു. സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന യുവാവിൽനിന്ന് എം.ഡി.എം.എ. ഉൾപ്പെടെ മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു. ഇയാളെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

To advertise here,

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30-ഓടെയാണ് ഉദയംപേരൂരിൽ വാഹനാപകടം നടന്നത്. വൈക്കം ഉദയനാപുരം കുറ്റിവേലിത്തറവീട്ടിൽ മോഹനന്റെ മകൻ അമൽ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കുലശേഖരമംഗലം ഇടവട്ടം വാളോർമംഗലത്ത് അർജുൻ (29) എന്ന യുവാവിനാണ് പരിക്ക്. ഇരുവരെയും തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലാണ് എത്തിച്ചത്. എത്തിച്ചപ്പോഴേക്കും അമൽ മരണപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.

അർജുനെ പരിശോധിച്ച ഡോക്ടർ ലഹരിമരുന്നുമായി ബന്ധപ്പെട്ട് സംശയം തോന്നുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോൾ ഇയാളിൽനിന്നും 3.10 ഗ്രാം എം.ഡി.എം.എ.യും, 9.80 ഗ്രാം കഞ്ചാവും ലഭിച്ചെന്ന് ഹിൽപ്പാലസ് ഇൻസ്പെക്ടർ ടി.ജി. രാജേഷ് പറഞ്ഞു. അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആൾക്ക് പരിക്കുള്ളതിനാൽ പോലീസ് സംരക്ഷണയിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമലിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തും. അമലിന്റെപേരിൽ മുൻപ് ക്രിമിനൽ കേസുള്ളതായും പോലീസ്‌ പറഞ്ഞു. സംഭവത്തിൽ ഉദയംപേരൂർ പോലീസും മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ ഹിൽപ്പാലസ് പോലീസുമാണ് കേസെടുത്തിരിക്കുന്നത്.