കൊല്ലം: ചടയമംഗലം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. തേവനൂര്‍ സ്വദേശികളായ അഖില്‍, അഞ്ഞൂറാന്‍ എന്ന അഷ്‌റഫ് എന്നിവരെയാണ് കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും ചടയമംഗലം പോലീസും ചേര്‍ന്ന് പിടികൂടിയത്.

To advertise here,

അസമില്‍നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവെത്തിച്ച പ്രതികള്‍ വര്‍ക്കലയില്‍ ഇറങ്ങി ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ അഖില്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഒട്ടേറെ കഞ്ചാവ് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഒരുവര്‍ഷം മുന്‍പ് കൊല്ലം റൂറല്‍ പോലീസും നാലു കിലോ കഞ്ചാവുമായി ഇയാളെ പിടികൂടിയിരുന്നു. കൊല്ലം ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു പ്രതികളുടെ ലഹരിക്കച്ചവടമെന്നും പോലീസ് പറഞ്ഞു.

കൊല്ലം റൂറല്‍ എസ്പി വിഷ്ണുപ്രദീപിന്റെ നിര്‍ദേശപ്രകാരം ചടയമംഗലം ഇന്‍സ്‌പെക്ടര്‍ സുനീഷ്, കൊല്ലം റൂറല്‍ ഡാന്‍സാഫ് എസ്‌ഐമാരായ ബാലാജി, ജ്യോതിഷ് ചിറവൂര്‍, ഡാന്‍സാഫ് അംഗങ്ങളായ സജുമോന്‍, ദിലീപ്, വിപിന്‍ ക്ലീറ്റസ്, അനീഷ്, ആദര്‍ശ്, ആലിഫ് ഖാന്‍, ചടയമംഗലം എസ്‌ഐ മോനിഷ്, ബിനില്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.