ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ആരംഭിക്കാനിരിക്കെ, മത്സരവേദിയായ ന്യൂയോർക്കിലെ ഫ്‌ളഷിങ് മെഡോസിൽ കഞ്ചാവ് മണം പടരുന്നത് കളിക്കാർക്ക് കടുത്ത അസ്വസ്ഥതയും ഏകാഗ്രതക്കുറവും ഉണ്ടാക്കുന്നതായി പരാതി. യുഎസ്ടിഎ ബില്ലി ജീൻ കിങ് നാഷണൽ ടെന്നീസ് സെന്ററിന് സമീപമുള്ള പാർക്കിൽ നിന്നുമാണ് കഞ്ചാവിന്റെ രൂക്ഷമായ മണം കോർട്ടുകളിലേക്ക് പടരുന്നത്.

To advertise here,

പരിശീലനത്തിനിടയിലും മത്സരത്തിനിടയിലും കഞ്ചാവിന്റെ ഗന്ധം അനുഭവപ്പെടുന്നതായി ബ്രിട്ടീഷ് താരം കാറ്റി ബോൾട്ടർ പറഞ്ഞു. ഇത് തന്റെ ഏകാഗ്രതയെ ബാധിക്കുന്നുണ്ടെന്നും മത്സരത്തിനിടയിൽ ഇത്തരമൊരു മണം അനുഭവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ബോൾട്ടർ കൂട്ടിച്ചേർത്തു. കോർട്ടുകളിൽ ഇത്തരത്തിൽ മണം അനുഭവപ്പെടുന്നതിനെക്കുറിച്ച് മറ്റ് നിരവധി താരങ്ങളും പരാതിപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ ആദ്യ റൗണ്ട് മത്സരത്തിനിടയിലും ഈ ഗന്ധം അനുഭവപ്പെട്ടിരുന്നുവെന്ന് മറ്റൊരു ബ്രിട്ടീഷ് താരം ഫ്രാൻ ജോൺസും പറയുന്നു. എന്നാൽ ന്യൂയോർക്കിൽ എവിടെ നടന്നാലും ഈ മണം ഉണ്ടെന്നും ഇത് എല്ലാവർക്കും ഒരുപോലെയാണെന്നുമായിരുന്നു ബ്രിട്ടന്റെ ഹാരിയറ്റ് ഡാർട്ടിന്റെ പ്രതികരണം.

ന്യൂയോർക്കിൽ 21 വയസും അതിനുമുകളിലുമുള്ള മുതിർന്നവർക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാണ്. എന്നാൽ ടെന്നീസ് സെന്റർ വളപ്പിനുള്ളിൽ പുകവലി അനുവദനീയമല്ല. ടെന്നീസ് സെന്ററിന് തൊട്ടടുത്തുള്ള കൊറോണ പാർക്കിൽ നിന്നാണ് ഈ മണം വരുന്നത്. ടൂർണമെന്റ് ഗ്രൗണ്ടിന് പുറത്ത് നടക്കുന്ന കാര്യങ്ങളിൽ തങ്ങൾക്ക് നിയന്ത്രണമില്ലെന്ന് സംഘാടകരായ യുഎസ് ടെന്നീസ് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. എങ്കിലും പുകവലി തടയുന്നതിനായി പ്രാദേശിക പോലീസുമായും പാർക്ക് വകുപ്പുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.