കാക്കനാട്: ഓണത്തോടനുബന്ധിച്ച് കാക്കനാട് കേന്ദ്രമാക്കി കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വില്പന നടത്തിവന്ന രണ്ടുപേർ എക്സൈസിന്റെ പിടിയിൽ. പുക്കാട്ടുപടി സ്വദേശിയും ഇപ്പോൾ തേവയ്ക്കൽ താമസിക്കുകയും ചെയ്യുന്ന മണലിക്കാട്ടിൽ വീട്ടിൽ സന്തോഷ് (അങ്കിൾ-54), കാക്കനാട് കൊല്ലംകുടിമുകൾ സ്വദേശി മണ്ണാരംകുന്നത്ത് വീട്ടിൽ കിരൺ കുമാർ (വാറ്റാപ്പി-35) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, എറണാകുളം എക്സൈസ് റെയ്ഞ്ച് എന്നിവരുടെ പിടിയിലായത്.
ഇവരുടെ വാഹനങ്ങളിൽനിന്നും വാടകവീട്ടിൽ നിന്നുമായി ആകെ 20 ലിറ്റർ ചാരായം കണ്ടെത്തി. കൂടാതെ ചാരായം നിർമിക്കാൻ പാകമാക്കി വെച്ചിരുന്ന 950 ലിറ്റർ വാഷ്, ചാരായ നിർമാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങൾ, അഞ്ച് ഗ്യാസ് കുറ്റി, 30 ലിറ്ററിന്റെ നാലു പ്രഷർ കുക്കറുകൾ, ചാരായം നിറയ്ക്കുന്നതിന് വേണ്ടി സൂക്ഷിച്ചുവെച്ചിരുന്ന അര ലിറ്റർ കൊള്ളുന്ന 700 കാലി പ്ലാസ്റ്റിക് കുപ്പികൾ, ചാരായം നിറച്ച കുപ്പികൾ, സീൽ ചെയ്യുന്നതിനുള്ള ഉപകരണം എന്നിവയും ഇവരുടെ വാടകവീട്ടിൽനിന്ന് കണ്ടെടുത്തു.
ചാരായ വില്പന നടത്താൻ ഉപയോഗിച്ചിരുന്ന ഇവരുടെ ഒരു ഓട്ടോറിക്ഷ, ഒരു നാനോ കാർ, രണ്ട് സ്മാർട്ട് ഫോൺ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
കാക്കനാടിന് സമീപം തേവയ്ക്കൽ എന്ന സ്ഥലത്ത് രണ്ടുനില വീട് വാടകയ്ക്ക് എടുത്ത് നാടൻ കുലുക്കി സർബത്ത് ഉണ്ടാക്കുന്നു എന്ന വ്യാജേന ആണ് വ്യാവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റിയിരുന്നത്.
വാറ്റ് ചാരായത്തിന്റെ മണം പുറത്തുവരാതിരിക്കാൻ സുഗന്ധവ്യഞ്ജന വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുകയാണ് ഇവർ ചെയ്തിരുന്നത്. ഓർഡർ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ഇവർ ചാരായം വാറ്റാറുള്ളു. ചാരായ നിർമാണത്തിനുവേണ്ടി വീട് വാടകയ്ക്ക് എടുത്തിരുന്നതും ഇതിനുവേണ്ടി പണം മുടക്കിയിരുന്നതും സന്തോഷാണ്. ആവശ്യക്കാരെ കണ്ടെത്തി ഓർഡർ എടുത്തിരുന്നത് കിരൺ ആണ്. വാറ്റ് സ്പെഷ്യലിസ്റ്റ് എന്ന് അറിയപ്പെടുന്ന മട്ടാഞ്ചേരി പുല്ലുപാലം സ്വദേശി കുന്നത്തുപാറ വീട്ടിൽ ലൈബിൻ എന്ന ആളാണ് തേവയ്ക്കൽ ഉള്ള വാടകവീട്ടിൽ എത്തി ഓർഡർ പ്രകാരം ചാരായം വാറ്റി നൽകിയിരുന്നതെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ലൈബിനെ പ്രതി ചേർത്തിട്ടുണ്ട്. ഒരാഴ്ചയ്ക്ക് മുൻപ് അങ്ങാടിമരുന്നിന്റെ മറവിൽ വ്യാജ മദ്യം വിറ്റിരുന്ന ഒരു വനിതയടക്കം മൂന്നുപേരെ 77 കുപ്പി വ്യാജമദ്യവുമായി എക്സൈസ് സംഘം കാക്കനാട് ഇടച്ചിറയിൽനിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരുടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിയതിനെ തുടർന്നാണ് കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വില്പന നടത്തുന്ന വാറ്റാപ്പി, അങ്കിൾ എന്നിവരെക്കുറിച്ചുള്ള സൂചന സ്റ്റേറ്റ് എക്സൈസ് ടീമിന് ലഭിക്കുന്നത്. തൃക്കാക്കര ഭാരത് മാതാ കോളേജിന് എതിർവശം ആവശ്യക്കാരെ കാത്തുകിടക്കുകയായിരുന്ന വാറ്റാപ്പി എന്ന കിരണിന്റെ ഓട്ടോറിക്ഷ എക്സൈസ് സംഘം കണ്ടെത്തുകയും എക്സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ കിരൺ ഓട്ടോ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും എക്സൈസ് സംഘം പിടികൂടി.
അതിനിടെ തൊട്ടടുത്തായി പാർക്ക് ചെയ്തിരുന്ന നാനോ കാർ സന്തോഷ് അതിവേഗം ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും വാഹനം ഗതാഗത കുരുക്കിൽ അകപ്പെട്ടു.
ഇരുവരുടെയും വാഹനം പരിശോധിച്ചതിൽ സന്തോഷിന്റെ കാറിൽനിന്ന് അഞ്ചും കിരണിന്റെ ഓട്ടോയിൽനിന്ന് എട്ടും കുപ്പികളിലായി വാറ്റുചാരായം എക്സൈസ് കണ്ടെടുത്തു. വീടിനകത്തും പുറത്തുമായി മൂന്ന് വിദേശ ഇനം നായകളെ അഴിച്ചുവിട്ടിരുന്നതിനാൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന് വീട് പരിശോധന നടത്താൻ സാധിച്ചത്.
Content Highlights: Two Arrested for Selling Illicit Liquor Disguised as Fruit Juice
Published: 15 Sept 2024, 07:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented