തൊയക്കാവ്: ഞായറാഴ്ച നടക്കാനിരുന്ന വീടിന്റെ പാലുകാച്ചൽച്ചടങ്ങിന്റെ ഒരുക്കങ്ങൾക്കിടെയാണ് തൊയക്കാവിനെ നടുക്കിയ കൊലപാതകമുണ്ടായത്. വേലിയത്ത് കുമാരൻ (75) മകൻ പ്രജീഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ, കുടുംബം കാത്തിരുന്ന ചടങ്ങും ആഘോഷങ്ങളും കണ്ണീരിലായി.

To advertise here,

ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ച് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം. സന്തോഷത്തോടെ ആളുകളെ സ്വീകരിക്കേണ്ടിയിരുന്ന വീട് കണ്ണീരിൽ മുങ്ങി. രണ്ടു മാസം മുൻപാണ് ബ്ലോക്ക് പഞ്ചായത്തിൽനിന്ന് ലഭിച്ച തുകകൊണ്ട് വീട് പുതുക്കി നിർമിച്ചത്. അവിവാഹിതനായ പ്രജീഷ് ലഹരി ഉപയോഗിക്കാറുണ്ടെന്ന് പറയുന്നു. സംഭവ ദിവസം മുൻകൂട്ടി നിശ്ചയിച്ചതുപോലെ ജോലി കഴിഞ്ഞെത്തിയ കുമാരൻ വീട്ടിലേക്ക് കയറിയതറിഞ്ഞ് പുറകിലെയും മുൻവശത്തെയും വാതിലുകൾ അടച്ചശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സമീപത്ത് താമസിക്കുന്ന കുമാരന്റെ കൊച്ചുമകനാണ് നിലവിളി കേട്ട് ഓടിയെത്തിയത്. അപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.

നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വേദനയ്‌ക്കൊപ്പം, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബചടങ്ങും ദുരന്തത്തിന്റെ ഓർമയായി മാറുകയാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഉൾനാടൻ മത്സ്യത്തൊഴിലാളിയായ കുമാരൻ പുഴയിൽപ്പോയി മീൻപിടിച്ചശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകനുമായി വാക്കുതർക്കവും കശപിശയും ഉണ്ടായതെന്നാണ് വിവരം. ഇതിനിടെ പ്രജീഷ് വെട്ടുകത്തിയുപയോഗിച്ച് പിതാവിന്റെ തലയ്ക്കു വെട്ടുകയായിരുന്നു.

തലയുടെ വലതുഭാഗത്ത് ആഴത്തിലുള്ള വെട്ടേറ്റു. വലതുചെവി രണ്ടായി മുറിഞ്ഞ നിലയിലായിരുന്നു. താടിയെല്ലിനും തോളെല്ലിനും മുറിവേറ്റിട്ടുണ്ട്. കുമാരനെ വെങ്കിടങ്ങിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കാൻ സമയതാമസമുണ്ടായി.

പിതാവിനെ വെട്ടിയശേഷം കത്തിയുമായി പ്രജീഷ് വീട്ടിൽനിന്ന് പുറത്തേക്കോടിപ്പോയി. നാട്ടുകാർ ഇയാളെ പിടികൂടി വീട്ടിലെത്തിച്ചു. സ്ഥലത്തെത്തിയ പാവറട്ടി പോലീസ് അറസ്റ്റുചെയ്തു.പ്രതിയെ വിശദമായി ചോദ്യംചെയ്യുമെന്ന് ഗുരുവായൂർ അസി. പോലീസ് കമ്മിഷണർ സുരേന്ദ്രൻ മങ്ങാട്ട് പറഞ്ഞു. പ്രജീഷ് സ്ഥിരമായി ലഹരിയുപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാർ പറയുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധമുൾപ്പെടെയുള്ള തെളിവുകളും പോലീസ് ശേഖരിച്ചു. വിരലടയാളവിദഗ്ധരും ഫൊറൻസിക്വിഭാഗവും പരിശോധന നടത്തി. കുമാരന്റെ ഭാര്യ: രംഭ. മറ്റു മക്കൾ: ജയപ്രസാദ്, പ്രജിത, പ്രനീത. മരുമക്കൾ: സുദർശനൻ, സജീഷ്, സൗദ.